അപ്പാച്ചെ വാങ്ങാൻ തിടുക്കം വേണ്ട; ടിവിഎസ് വില കുറച്ചിരിക്കുന്നത് കണ്ടാൽ കണ്ണുനിറയും കേട്ടോ
ജിഎസ്ടി കുറച്ചതിന് ശേഷം എല്ലാ ഉപഭോക്താക്കളും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് എങ്ങനെയെങ്കിലും സെപ്റ്റംബർ 22 ആകാൻ വേണ്ടി. എന്നിട്ട് വേണം തങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡിൻ്റെ വാഹനങ്ങൾ സ്വന്തമാക്കാൻ. ഫോർ വീലർ മാത്രമല്ല ടൂവീലർ പ്രേമികൾക്കാണ് കൂടുതൽ ആകാംക്ഷ. ഇരുചക്ര വാഹന നിർമാതാക്കളുടെ ഇടയിൽ ജിഎസ്ടിയിലെ നിരക്ക് കുറച്ചിരിക്കുന്നതിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബ്രാൻഡായി ടിവിഎസ് മോട്ടോർസ് മാറിയിരിക്കുകയാണ്. യുവാക്കളുടെ പ്രിയപ്പെട്ട മോഡലാണ് അപ്പാച്ചെ. ഇനി നിങ്ങൾക്ക് വൻ വിലകുറവിൽ നിങ്ങളുടെ ഇഷ്ടമോഡൽ സ്വന്തമാക്കം എന്നതാണ് പ്രത്യേകത. ടിവിഎസിൻ്റെ ലൈനപ്പിലെ മോഡലുകളുടെ വില അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ജിഎസ്ടി നിരക്ക് വളരെ യുക്തിസഹവും അതോടൊപ്പം തന്നെ സമൂഹത്തിലുടനീളമുളള ഉപഭോഗം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി വളരെ ധീരമായ പരിവർത്തനത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു എന്നാണ് ടിവിഎസ് മോട്ടോർ കമ്പനിയുടെ ഡയറക്ടറും സിഇഒയുമായ കെ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടത്. വിശദമായി നിരക്ക് നോക്കുകയാണെങ്കിൽ അപ്പാച്ചെ ആർ ആർ 310 മോഡലിന് 2.77 ലക്ഷം രൂപയായിരുന്നു പഴയ വില. പുതിയ നിരക്ക് അനുസരിച്ച് 2.56 ലക്ഷം രൂപയാണ് വില. 21,718 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇനി RTR 310 മോഡലിലേക്ക് നോക്കിയാൽ 2.39 ലക്ഷം രൂപയാണ് പഴയ വില. എന്നാൽ 2.21 ലക്ഷം രൂപയാണ് പുതിയ വില. അതായത് 18,749 രൂപയുടെ വ്യത്യാസമാണ് മോഡലിന് വന്നിരിക്കുന്നത്. ടിവിഎസ് റോണിൻ മുതൽ സെസ്റ്റ് 110 എന്നീ മോഡലുകളുടെ ലൈനപ്പിൽ 6007 മുതൽ 10,546 രൂപ വരെയുള്ള വ്യത്യാസമാണ് ടിവിഎസ് മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശരിക്കും 350 സിസിയിൽ മുകളിലുള്ള ബൈക്കുകൾ വാങ്ങുന്നവർ ഇനി മുതൽ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്ന കാര്യം പലരും മറന്നിട്ടുണ്ടാവും. സെപ്റ്റംബർ 22 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ 350 സിസി ശേഷിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടിയിൽ 40 ശതമാനം വരെ വർധനവ് ഉണ്ടാവും. നിലവിലുണ്ടായിരുന്നത് 28 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസുമാണ്.

അതായത് ഏകദേശം 9 ശതമാനത്തിന്റെ വർധനവ് ബൈക്കുകളുടെ വിലയിൽ നടപ്പിലാവാൻ പോവുകയാണെന്ന് ചുരുക്കം. എന്നാൽ സാധാരണക്കാരെ അത്രകണ്ട് ബാധിക്കില്ലെന്നത് ആശ്വാസകരമാണ്. അത് കൊണ്ട് തന്നെ ടിവിഎസ് സേഫ് സോണിൽ ആണെന്ന് പറയാം. ചെറിയ ശേഷിയുള്ള ബൈക്കുകളെ അപേക്ഷിച്ച് പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിന് പൊതുവേ ഡിമാൻഡ് കുറവാണ്. എങ്കിലും പുതിയ മോഡലുകൾ വിപണിയിൽ എത്തിയതോടെ ഉയർന്ന ശേഷിയുള്ള ബൈക്കുകളുടെ വിൽപ്പന അടുത്ത കാലത്ത് കൂടിയിട്ടുണ്ട്.
എല്ലാ വിഭാഗങ്ങളിലും ഏകീകൃത നികുതി നിരക്ക് കൊണ്ടുവരണമെന്ന് ബജാജ് ഓട്ടോയും റോയൽ എൻഫീൽഡും ജിഎസ്ടി കൗൺസിലിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇരുചക്ര വാഹന വിപണിയിലുടനീളം ഏകീകൃത ജിഎസ്ടി നിരക്കിന്റെ ആവശ്യകത റോയൽ എൻഫീൽഡിന്റെ എംഡി സിദ്ധാർത്ഥ ലാലും ബജാജ് ഓട്ടോ എംഡി രാജീവ് ബജാജും ചൂണ്ടിക്കാട്ടിയുട്ടുണ്ട്. ഏകീകൃത നികുതി നിരക്ക് കൊണ്ടുവന്നാൽ നിലവിലെ വില ഇനിയും കുറയുമെന്നത് വിപണിക്ക് ഉണർവേകും.

വാഹനങ്ങൾക്കൊപ്പം തന്നെ സാധാരണക്കാരൻ്റെ ദൈന്യദിന ജീവിതത്തിന് വേണ്ടിയുള്ള പല സാമഗ്രികൾക്കും ജിഎസ്ടിയിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. സെപ്റ്റംബർ 22 മുതലാണ് എല്ലാ പ്രാബല്യത്തിൽ വരിക എന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരിക്കുന്നത്. കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് വേണ്ടി ട്രാക്ടറുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരക്കാർക്ക് വേണ്ടിയുള്ള ഇളവാണ് എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








