കാറുകളിലെ ഫീച്ചറുമായി വരുന്ന ഇവി ഇത്രയും കുറഞ്ഞ വിലയില്‍! ഓലയും ബജാജും വെള്ളംകുടിക്കും
ഐസി എഞ്ചിന്‍ ടൂവീലറുകള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. തുടക്കകാലത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഈ വിഭാഗം ഭരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പരമ്പരാഗത ബ്രാന്‍ഡുകള്‍ കിരീടവും ചെങ്കേലും കൈക്കലാക്കിയിരിക്കുന്നു. ഹോണ്ട, സുസുക്കി, യമഹ എന്നീ ബ്രാന്‍ഡുകള്‍ ഇനിയും സജീവമായിട്ടില്ലെങ്കിലും നിലവില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ടിവിഎസ് മോട്ടോറും ബജാജ് ഓട്ടോയുമാണ് ഭരിക്കുന്നത്. മറ്റ് കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുമായി എത്തുന്നതിന് മുമ്പ് തങ്ങളുടെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുന്നതിനുള്ള തിരക്കിലാണ് ടിവിഎസ് ഇപ്പോള്‍. അതിന്റെ ഭാഗമായി കമ്പനി വ്യാഴാഴ്ച ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി.
തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വിപണിയില്‍ എത്തിക്കുന്ന മുന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറിന് ടിവിഎസ് ഓര്‍ബിറ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജനപ്രിയ മോഡല്‍ ആയ ഐക്യൂബും പ്രീമിയം മോഡല്‍ ആയ എക്‌സും ആയിരുന്നു ആദ്യത്തെ രണ്ട് മോഡലുകള്‍. ഇതില്‍ വില്‍പ്പനയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ഐക്യൂബ് ആണ്. കാര്യക്ഷമവും സൗകര്യപ്രദവുമായ മൊബിലിറ്റി സൊല്യൂഷന്‍സ് തേടുന്ന അര്‍ബന്‍, സെമി അര്‍ബന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് ടിവിഎസ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഉത്സവ സീസണില്‍ തന്നെ ഓര്‍ബിറ്റര്‍ പുറത്തിറക്കിയത് ടിവിഎസിന്റെ തന്ത്രപ്രധാനമായ നീക്കമായിരുന്നു. ആകര്‍ഷകമായ ഓഫറുകള്‍ മാത്രമല്ല പുത്തന്‍ മോഡലുകള്‍ കൂടി മുന്നില്‍ കണ്ടാണ് ഇക്കാലത്ത് ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് എത്തുന്നത്. ഈ ഉത്സവകാലത്ത് നിങ്ങള്‍ പുതിയ ടിവിഎസ് ഓര്‍ബിറ്റര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ആളാണെങ്കില്‍ പുത്തന്‍ മോഡലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വിശദീകരിക്കാം.
വീല്‍ ഹബ് മോട്ടോറും 3.1 kWh ബാറ്ററി പായ്ക്കും ചേര്‍ന്നാണ് ടിവിഎസ് ഓര്‍ബിറ്ററിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 158 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ച് മികച്ച റേഞ്ച് ആയി ഇത് പറയാം. ഓര്‍ബിറ്ററിന് മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് ടിവിഎസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഓര്‍ബിറ്ററിന്റെ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന കാര്യങ്ങള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ടിവിഎസ് ഓര്‍ബിറ്റര്‍ ഒരു അര്‍ബന്‍ ഇലക്ട്രിക് സ്‌കൂട്ടറായാണ് വരുന്നത്. പ്രായോഗികമായ ഇതിന്റെ രൂപകല്‍പ്പന യുവതലമുറയെ മാത്രമല്ല കുടുംബങ്ങളെയും ആകര്‍ഷിക്കും. ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം, വലിയ എല്‍ഇഡി ലൈറ്റുകള്‍, വിശാലമായ വൈഡ്സ്‌ക്രീന്‍, ബ്ലൂടൂത്ത് സംയോജിപ്പിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇതില്‍ വരുന്നു.
ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ കാറുകളിലും വളരെ വിലയേറിയ പ്രീമിയം ബൈക്കുകളിലും കാണപ്പെടുന്ന ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് ഫംഗ്ഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സവിശേഷതകള്‍ ഉണ്ട്. യുഎസ്ബി ചാര്‍ജിംഗ്, ഒടിഎ അപ്ഡേറ്റുകള്‍, സ്മാര്‍ട്ട്ഫോണ്‍ ആപ്പ് തുടങ്ങിയ സവിശേഷതകളും ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ലഭ്യമാണ്.

ഇവയ്ക്കെല്ലാം പുറമേ, ജിയോ-ഫെന്‍സിംഗ്, ടൈം ഫെന്‍സിംഗ് തുടങ്ങിയ കണക്റ്റഡ് ടെക്നോളജി സവിശേഷതകളും ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സും ഇവിക്ക് ലഭിക്കുന്നു. അതിനാല്‍ ബൂട്ടില്‍ രണ്ട് ഹെല്‍മെറ്റുകള്‍ സുഖമായി ഉള്‍ക്കൊള്ളിക്കാം. ഏഥര്‍ റിസ്ത പോലെ വിപുലമായ അണ്ടര്‍ സീറ്റ് കപാസിറ്റിയുള്ള മോഡലുകളുമായി മത്സരിക്കുമ്പോള്‍ ഇത് അത്യാവശ്യമാണ്.
ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് മുന്നില്‍ 14 ഇഞ്ച് വീല്‍ നല്‍കിയിട്ടുണ്ട്. ഇത് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ആത്മവിശ്വാസത്തോടെ ഓടിക്കാന്‍ നിങ്ങളെ സഹായിക്കും. ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ആകെ 6 നിറങ്ങളില്‍ ലഭ്യമാണ്: നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷ്യന്‍ കോപ്പര്‍.

യൂത്ത്ഫുള്‍ ഡിസൈനും വൈവിധ്യമാര്‍ന്ന സവിശേഷതകളും നിറഞ്ഞ ടിവിഎസ് ഓര്‍ബിറ്ററിന് വെറും 99,900 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഇത് എക്‌സ്-ഷോറൂം വിലയാണ്. പുതിയ ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ മുഖേനയും ബുക്കിംഗ് നടത്താം. എന്നാല്‍ ബുക്കിംഗിനുള്ള ടോക്കണ്‍ തുകയെ കുറിച്ചോ ഡെലിവറി ടൈംലൈനോ ടിവിഎസ് വെളിപ്പെടുത്തിയിട്ടില്ല. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഓല S1X, ഏഥര്‍ റിസ്ത, ഹീറോ വിഡ VX2 എന്നീ മോഡലുകള്‍ക്ക് ഓര്‍ബിറ്റര്‍ വെല്ലുവിളി ഉയര്‍ത്തും. ഡിസൈന്‍ മുതല്‍ നൂതന സാങ്കേതികവിദ്യ, റൈഡിംഗ് റേഞ്ച് അടക്കം സമസ്ത മേഖലകളിലും ടിവിഎസ് ഓര്‍ബിറ്റര്‍ മതിപ്പുളവാക്കുന്നു. പണത്തിനൊത്ത മൂല്യം നല്‍കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഐക്യൂബ് എന്ന ഒറ്റ മോഡല്‍ കൊണ്ട് സെഗ്‌മെന്റില്‍ ഗ്രിപ്പ് നേടിയ ടിവിഎസിന് വിപണി വിഹിതം ഉയര്‍ത്താന്‍ ഓര്‍ബിറ്റര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








