'ഓല'ക്കീറ് റെഡി, പതിച്ചത് അഞ്ചാം സ്ഥാനത്തേക്ക്! 'കമ്പനി' ഇവികള്‍ നോക്കി വാങ്ങിത്തുടങ്ങി ഇന്ത്യക്കാര്‍
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന കൂടിക്കൊണ്ടിരിക്കുകയാണ്. ട്രെന്‍ഡുകള്‍ മാറുന്നതിന് അനുസരിച്ച് വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ മത്സരവും കടുക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോള്‍ എന്നാണ് വില്‍പ്പന ചാര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. റാങ്കിംഗില്‍ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാണ്. മുകളിലുള്ളവര്‍ താഴേക്കും നേരെ തിരിച്ചും സംഭവിച്ചു. പോയ മാസത്തെ ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലറുകളുടെ വില്‍പ്പന കണക്കുകള്‍ നമുക്ക് വിശദമായി പരിശോധിക്കാം.
വാഹന്‍ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2025 നവംബറില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റഴിച്ചത് ടിവിഎസ് മോട്ടോര്‍ ആണ്. ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ടിവിഎസ് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നവംബറില്‍ ആകെ 27,382 യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ് മൊത്തം വിപണിയുടെ 26 ശതമാനം കൈയടക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഒന്ന്, രണ്ട് സ്ഥാനങ്ങളിലൊന്ന് സ്ഥിരമായി നേടുന്നുണ്ട്.

ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിന്റെ വമ്പന്‍ വില്‍പ്പനയുടെ മികവില്‍ ബജാജ് ഓട്ടോ രണ്ടാമതെത്തി. 2025 നവംബറില്‍ ബജാജ് 23,097 ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. ഇതോടെ 21.9 ശതമാനം വിപണി വിഹിതം നേടാന്‍ കമ്പനിക്കായി. ബജാജിന്റെ ബ്രാന്‍ഡ് മൂല്യവും ചേതക് സ്‌കൂട്ടറിന്റെ ലഭ്യത കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതുമാണ് വില്‍പ്പന കൂടാനുള്ള പ്രധാന കാരണം.
ഒക്‌ടോബറിന് പിന്നാലെ നവംബര്‍ മാസവും ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി സെയില്‍സ് ചാര്‍ട്ടില്‍ മൂന്നാമതെത്തി. റിസ്ത എന്ന പേരില്‍ പുറത്തിറക്കിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവിന് ശേഷം ഏഥറിന്റെ വില്‍പ്പന റോക്കറ്റ് പോലെ കുതിക്കുകയാണ്. കഴിഞ്ഞ മാസം 18,356 യൂണിറ്റ് ഇവികളാണ് ഏഥര്‍ വിറ്റഴിച്ചത്. ഇത് ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് ടൂവീലര്‍ വില്‍പനയുടെ 17.4 ശതമാനമാണ്.

നവംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകളിലെ ഏറ്റവും വലിയ ട്വിസ്റ്റ് ദീര്‍ഘകാലം ഒന്നാം സ്ഥാനക്കാരായിരുന്ന ഓല ഇലക്ട്രിക് അഞ്ചാം സ്ഥാനത്തേക്ക് തെറിച്ചുവെന്നതാണ്. ഒക്‌ടോബറില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഏഥര്‍ മൂന്നാം സ്ഥാനം കൈയ്യടക്കിയപ്പോള്‍ നവംബറില്‍ ഹീറോ മോട്ടോകോര്‍പാണ് 'പണി' കൊടുത്തത്. 2025 നവംബര്‍ മാസം ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വിഡ ബ്രാന്‍ഡ് ആണ് നാലാം സ്ഥാനത്തെത്തിയത്.
നവംബറില്‍ ഹീറോ വിഡ 10,579 യൂണിറ്റുകള്‍ വിറ്റഴിച്ചു. 10 ശതമാനമാണ് ഹീറോ വിഡയുടെ വിപണി വിഹിതം. തങ്ങളുടെ ഓഫ്ലൈന്‍ ബിസിനസ് മെച്ചപ്പെടുത്തിയതാണ് വിഡയുടെ വില്‍പന വര്‍ധിക്കാനുള്ള ഒരു കാരണം. ഈ ബ്രാന്‍ഡ് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയാണെങ്കില്‍ വില്‍പന ഇനിയും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ സമീപകാലത്ത് ബജറ്റ് വിലയില്‍ വിഡ VX2 എന്ന ഇവി പുറത്തിറക്കിയതും ബൂസ്റ്റായി.

ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമില്‍ ഓഫര്‍ ചെയ്യുന്നതിനാല്‍ വളരെ കുറഞ്ഞ പ്രാരംഭ ചെലവ് മാത്രമാണ് VX2 സ്വന്തമാക്കാന്‍ വരുന്നത്. ഹീറോയുടെ സ്‌പെഷ്യല്‍ ഓഫര്‍ കൂടി ചേര്‍ന്നതോടെ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്രോമിന് കീഴില്‍ ഈ സ്‌കൂട്ടര്‍ അരലക്ഷത്തില്‍ താഴെ വിലയില്‍ ലഭ്യമായിരുന്നു.
പോയ മാസം ഓല ഇലക്ട്രിക് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നവംബറില്‍ ഓലയുടെ വില്‍പ്പന വെറും 7,567 യൂണിറ്റുകളായി ഇടിഞ്ഞു. ഒരുസമയത്ത് വിപണിയുടെ പകുതിയോളം കൈയ്യടക്കി വെച്ചിരുന്ന ബ്രാന്‍ഡിനാണ് ഈ ഗതി. കഴിഞ്ഞ വര്‍ഷം ചില മാസങ്ങളില്‍ ഓല 50000 യൂണിറ്റിന് മുകളില്‍ ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റിരുന്നു. നിലവില്‍ വെറും 7.2 ശതമാനം മാത്രമാണ് ഓലയുടെ വിപണി വിഹിതം.
നവംബറില്‍ 5,360 വാഹനങ്ങള്‍ വിറ്റഴിച്ച് ആമ്പിയര്‍ ആറാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തുള്ള ബിജിഎസ് 2,410 യൂണിറ്റുകള്‍ വിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. നവംബറില്‍ 1,612 യൂണിറ്റുകള്‍ വിറ്റ് റിവര്‍ എട്ടാം സ്ഥാനത്തുണ്ട്. ഉത്സവകാലം അവസാനിച്ച ശേഷവും ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധേയമായ വില്‍പ്പന രേഖപ്പെടുത്തി. ഇതില്‍ ഓലയുടെ പതനം മാത്രമാണ് ഞെട്ടിക്കുന്നത്. ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് ഇമേജ് ഇടിഞ്ഞതില്‍ നിന്ന് കരകയറാന്‍ ഓലക്ക് ഇതുവരെ സാധിച്ചില്ലെന്ന് തന്നെ വേണം മനസ്സിലാക്കാന്‍.


Click it and Unblock the Notifications








