ഓലക്ക് എഥറിന്റെ വക 'ഷോക്ക് '! നാലാം സ്ഥാനത്തേക്ക് തെറിച്ചു, ഒന്നാം സ്ഥാനം ആര്‍ക്കെന്നറിയണ്ടേ...
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങുന്ന സെഗ്‌മെന്റ് ആണ് ഇലക്ട്രിക് ടൂവീലര്‍. പരമ്പരാഗത ടൂവീലര്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഈ വിഭാഗത്തില്‍ മത്സരിച്ച് വാഹനങ്ങള്‍ പുറത്തിറക്കുകയാണ്. അതുകൊണ്ട് തന്നെ സെഗ്‌മെന്റില്‍ കടുത്ത മത്സരമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി എന്നീ കമ്പനികളാണ് നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിന്റെ തലപ്പത്തുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദ്യ നാല് സ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. 2025 സെപ്റ്റംബറിലും ടോപ് 4 റാങ്കിങ്ങുകളില്‍ മാറ്റങ്ങളുണ്ട്. നമുക്ക് അത് വിശദമായി നോക്കാം.
2025 സെപ്റ്റംബറിലെ സെയില്‍സ് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ കാര്യം ഏഥര്‍ എനര്‍ജി ആദ്യമായി ഓല ഇലക്ട്രിക്കിനെ മറികടന്നു എന്നതാണ്. മുമ്പ് മാസങ്ങളോളം ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്ന ഓല ഇലക്ട്രിക് നാാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായ വളര്‍ച്ച കൈവരിച്ചിരുന്ന ഏഥര്‍ ഓലയുമായുള്ള വില്‍പ്പനയിലെ അന്തരം കുറച്ച് കൊണ്ടുവരികയായിരുന്നു.

ഒടുക്കം ഓലയെ തന്നെ വെട്ടി ഏഥര്‍ എനര്‍ജി ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ നമ്പര്‍ 3 ആയി മാറി. 2025 സെപ്റ്റംബര്‍ മാസത്തിലെ ലഭ്യമായ വാഹന്‍ ഡേറ്റ പ്രകാരം ബെംഗളൂരു ആസ്ഥാനമായുള്ള ഏഥര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഓല ഇലക്ട്രിക് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഥറിന്റെ മുന്നേറ്റം രണ്ടാം സ്ഥാനത്തുള്ള ബജാജ് ഓട്ടോയ്ക്കും ഭീഷണിയാണ്.
2024 സെപ്റ്റംബറിനെ അപേക്ഷിച്ച് ഓല ഇലക്ട്രിക്കിന്റെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും, 2025 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൊത്തം വില്‍പ്പനയില്‍ ഓല ഇലക്ട്രിക് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 1.6 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച ഓല 1.3 ലക്ഷം യൂണിറ്റുകള്‍ വിറ്റ ഏഥറിനെക്കാള്‍ വളരെ മുന്നിലാണ്.

വാഹന്‍ ഡാറ്റ അനുസരിച്ച് 2025 സെപ്റ്റംബറില്‍ ഏഥര്‍ 15,000-ത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. അതേസമയം ഓല ഇലക്ട്രിക്കിന്റെ വില്‍പ്പന 12,000 യൂണിറ്റില്‍ താഴെയായിരുന്നു. അതേസമയം, ബജാജ് 16,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തെത്തി. ഓഗസ്റ്റില്‍ ഉല്‍പ്പാദനത്തെ ബാധിച്ച അത്യപൂര്‍വ കാന്തങ്ങളുടെ ക്ഷാമം സെപ്റ്റംബറില്‍ പരിഹരിക്കാന്‍ ബജാജിന് കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
2025 സെപ്റ്റംബറില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 20,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. ഈ നാല് കമ്പനികളെ കൂടാതെ ഹീറോ വിഡ ബ്രാന്‍ഡും സമീപകാലത്തായി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ മാസം 11,000-ത്തിലധികം യൂണിറ്റുകളുമായി ഓല ഇലക്ട്രിക്കിന് സമാനമായ വില്‍പ്പന നേടി ഹീറോ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

തുടര്‍ച്ചയായി വില്‍പ്പന 10,000 യൂണിറ്റ് കടക്കുന്നത് വിഡ ബ്രാന്‍ഡിന്റെ പ്രചാരം വര്‍ധിക്കുന്നുവെന്നത് എടുത്തുകാണിക്കുന്നു. കുറഞ്ഞ വിലയില്‍ V2X എന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയതോടെയാണ് വിഡയുടെ തലവര മാറിയത്. ഹീറോയുടെ പുതിയ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) ഓപ്ഷനും ആക്രമണോത്സുകമായ വില നിര്‍ണയ തന്ത്രങ്ങളും വിഡയ്ക്ക് വലിയ മുന്നേറ്റം നല്‍കിയെന്ന് വ്യവസായ വിദഗ്ദ്ധര്‍ പറയുന്നു.
ബാസ് ഓപ്ഷനും വിഡയുടെ സ്‌പെഷ്യല്‍ ഓഫറുകളും കൂടി ചേരുന്നതോടെ അരലക്ഷത്തില്‍ താഴെ വിലയില്‍ നിലവില്‍ ഹീറോ വിഡ ഇവികള്‍ ലഭ്യമാണ്. ഐസിഇ വാഹനങ്ങളുടെ ജിഎസ്ടി കുറച്ചതും നവരാത്രി കാലഘട്ടവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കഴിഞ്ഞ മാസം വിപണിക്ക് പുതിയ ഉണര്‍വ് നല്‍കി.

ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ ഒക്‌ടോബര്‍ മാസം വില്‍പ്പന വീണ്ടും പൊടിപൊടിക്കും. പെട്രോള്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി കട്ടിന്റെ ഭാഗമായി വില കുറഞ്ഞതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഈ മാസവും ഇവി ബ്രാന്‍ഡുകള്‍ കിടിലന്‍ ഓഫറുകള്‍ ലഭ്യമാക്കും. അവ കൃത്യസമയത്ത് തന്നെ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കാം. ഏതായാലും ഏഥാറിന് മുന്നില്‍ അടിയറവ് വെച്ച മൂന്നാം സ്ഥാനം ഓല അടുത്ത മാസം തിരിച്ചുപിടിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








