ബുക്ക് ചെയ്തവര്‍ വരെ മറന്ന് പോയിക്കാണും! ഒടുവില്‍ ആ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് ടിവിഎസ്
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ടിവിഎസ് മോട്ടോര്‍. ബജാജ് ചേതക്കിനൊപ്പം ഓലയില്‍ നിന്ന് സെഗ്‌മെന്റ് ലീഡര്‍ സ്ഥാനം കൈയ്യടക്കാന്‍ കനത്ത പോരാട്ടത്തിലാണ് ടിവിഎസ്. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ നമ്മള്‍ ഐക്യൂബ് എന്ന് കണ്ണുംപൂട്ടി പറയും. എന്നാല്‍ 2023 ഓഗസ്റ്റില്‍ ടിവിഎസ് X എന്ന പേരില്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. അതേ വര്‍ഷം നവംബറില്‍ ആരംഭിക്കാനിരുന്ന കസ്റ്റമര്‍ ഡെലിവറി പല കാരണങ്ങള്‍ കൊണ്ട് നീണ്ട് പോകുകയായിരുന്നു. 2.50 ലക്ഷം രൂപയായിരുന്നു ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.
ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊണ്ട് ടിവിഎസ് X-ന്റെ ഡെലിവറി ആരംഭിച്ചു. 2024 ഡിസംബര്‍ മുതല്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം തുടങ്ങിയതായി പ്രമുഖ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണമായ ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ടിവിഎസ് X-ന്റെ ഡെലിവറി ബെംഗളൂരുവില്‍ മാത്രമാണ് ആരംഭിച്ചത്. അടുത്ത ഘട്ടത്തില്‍ നാല് നഗരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നു.

രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് രണ്ടും തെക്കന്‍ മേഖലയില്‍ നിന്ന് രണ്ടും നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കും. സ്‌കൂട്ടറില്‍ ചില ഹാര്‍ഡ്‌വെയര്‍, സേഫ്റ്റ്‌വെയര്‍ ബഗുകള്‍ ശ്രദ്ധയില്‍ പെട്ടതിനാലാണ് ഡെലിവറി വൈകിയതെന്നാണ് സൂചനകള്‍. അല്ലാതെ ഫ്‌ലാഗ്ഷിപ്പ് മോഡലില്‍ ടിവിഎസ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പെര്‍ഫോമന്‍സിലായാലും സാങ്കേതികവിദ്യയിലായാലും പുതിയ ടിവിഎസ് X ഇവിക്ക് എതിരാളികളില്ലെന്നു വേണം പറയാന്‍.
2018-ല്‍ അവതരിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റില്‍ നിന്നും ഡിസൈന്‍ കടമെടുത്താണ് X പണികഴിപ്പിച്ചിരിക്കുന്നത്.ടിവിഎസ് ഐക്യൂബ് ലളിതവും സാമ്പ്രദായികവുമായ ഡിസൈന്‍ ഭാഷ പിന്തുടരുമ്പോള്‍ യൂത്തിനെ ആകര്‍ഷിക്കുന്ന തരത്തില്‍ ഫെയര്‍ഡ് ബോഡിയും അഗ്രസീവ് ഫ്രണ്ട് ഭാഗവുമായാണ് X വരുന്നത്. ഫ്രണ്ട് ഏപ്രണില്‍ സ്ഥാപിച്ച ഹെഡ്‌ലൈറ്റുകള്‍ മാക്‌സി സ്‌കൂട്ടര്‍ സ്‌റ്റൈലിംഗ് സമ്മാനിക്കുന്നു. വലിയ സൈഡ് പാനലാകട്ടെ ഇവിക്ക് പരുക്കന്‍ ലുക്ക് നല്‍കുന്നുണ്ട്. ഇവിയാണെന്ന് സൂചിപ്പിക്കാനായി അങ്ങിങ്ങായി ബ്ലൂ ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു.

പരമ്പരാഗത സ്‌കൂട്ടറുകളേക്കാള്‍ 2.5 മടങ്ങ് കാഠിന്യമുള്ളതായി പറയപ്പെടുന്ന പുതുതായി വികസിപ്പിച്ച Xleton പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ പെര്‍ഫോമന്‍സ് സ്‌കൂട്ടര്‍ നിര്‍മിച്ചിട്ടുള്ളത്. യാത്രകള്‍ സുഖമമാക്കാന്‍ വീതിയേറിയ സ്പ്ലിറ്റ് സീറ്റുകള്‍ ഇതിന് ലഭിക്കുന്നു. നാവിഗേഷന്‍, ഗെയിമുകള്‍, മ്യൂസിക് എന്നിവയും അതിലേറെയും പോലുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന 10.25 ഇഞ്ച് എച്ച്ഡി ടില്‍റ്റ് സ്‌ക്രീന്‍ സജ്ജീകരണമാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്.
പൂര്‍ണമായും കസ്റ്റമൈസ് ചെയ്യാനാവുന്നതാണ് ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ക്രാഷ് ഡിറ്റക്ഷന്‍, സ്പീഡ് ലിമിറ്റ്, ഓവര്‍ സ്പീഡ് അലേര്‍ട്ട്, ടോവിംഗ് അലേര്‍ട്ട്, ജിയോഫെന്‍സിംഗ്, ഓട്ടോ ലോക്കിംഗ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ടിവിഎസ് സ്മാര്‍ട്ട് ഷീല്‍ഡ് സജ്ജീകരിച്ചാണ് X ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. 19 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് വളരെ പ്രായോഗികമാണ്.

4.44 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. 14.7 bhp പവറുള്ള മിഡ്-ഡ്രൈവ് മോട്ടോര്‍ വെറും 2.6 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. 0-60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 4.5 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 105 കിലോമീറ്ററാണ് ടിവിഎസ് X ഇലക്ട്രിക്കിന്റെ ടോപ്പ് സ്പീഡ്.
എക്സ്റ്റെല്‍ത്ത്, എക്സ്ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് ഇ-സ്‌കൂട്ടര്‍ വരുന്നത്.റാം ഇന്‍ടേക്ക് എയര്‍-കൂള്‍ഡ് മോട്ടോറിനൊപ്പം വിപുലമായ തെര്‍മല്‍ മാനേജ്മെന്റും വാഹനത്തിലുണ്ടെന്നാണ് കമ്പനി പറയുന്നത്. 0-80 ശതമാനം ചാര്‍ജിംഗിനായി 3 മണിക്കൂറും 40 മിനിറ്റും സമയമാണ് വേണ്ടിവരുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.
സിംഗിള്‍-ചാനല്‍ എബിഎസോടുകൂടിയ 220 mm സിംഗിള്‍ ഫ്രണ്ട് ഡിസ്‌ക്കും 195 mm റിയര്‍ ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. റീജനറേറ്റീവ് ബ്രേക്കിംഗും ടിവിഎസ് X ഇവിയുടെ ഭാഗമാണ്. 12 ഇഞ്ച് അലോയ് വീലുകളാണ് ഇ-സ്‌കൂട്ടര്‍ ഓടുക. ഗ്രൗണ്ട് ക്ലിയറന്‍സ് 175 മില്ലീമീറ്ററും സീറ്റ് ഹൈറ്റ് 770 മില്ലീമീറ്ററുമാണ്.


Click it and Unblock the Notifications








