നയാപൈസാ ചെലവില്ല! മിസൈല്‍ പോലെ പായാന്‍ പുതിയ ബാലിസ്റ്റിക്+ മോഡുമായി അള്‍ട്രാവയലറ്റ് F77
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് തങ്ങളുടെ യൂറോപ്യന്‍ എന്‍ട്രി ഗംഭീരമാക്കി അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കമ്പനിയിലെ നിക്ഷേപകനും തുടക്കം മുതലുള്ള അഭ്യുദയകാംക്ഷിയുമായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ഫ്രഞ്ച് തലസ്ഥാന നഗരിയായ പാരീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ അള്‍ട്രാവയലറ്റ് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ F77-ന്റെ പെര്‍ഫോമന്‍സ് അപ്ഡേറ്റ് പുറത്തിറക്കി. ജെന്‍3 പവര്‍ട്രെയിന്‍ ഫേംവെയര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അപ്ഡേറ്റ് നിലവിലുള്ള എല്ലാ F77 ഉപഭോക്താക്കള്‍ക്കും നയാപൈസ ചിലവില്ലാതെ ലഭ്യമാണ്.
ജെന്‍3 പവര്‍ട്രെയിന്‍ ഫോംവെയറിനൊപ്പം ബാലിസ്റ്റിക്+ എന്നൊരു പുതിയ പെര്‍ഫോമന്‍സ് മോഡും അള്‍ട്രാവയലറ്റ് കൊണ്ടുവന്നിട്ടുണ്ട്. 8 ദശലക്ഷം കിലോമീറ്ററിലധികം വരുന്ന റൈഡര്‍ ഡേറ്റയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് ഈ അപ്ഗ്രേഡ് അവതരിപ്പിക്കുന്നത്. അള്‍ട്രാവയലറ്റിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലില്‍ നടപ്പാക്കിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന്റെ ത്രോട്ടില്‍ റെസ്‌പോണ്‍സും മൊത്തത്തിലുള്ള പെര്‍ഫോമന്‍സും മെച്ചപ്പെടുത്തുന്ന തരത്തിലാണ് ജെന്‍3 ഫേംവെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ തന്നെ വയലറ്റ് എഐ സിസ്റ്റം ശേഖരിച്ച ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. റൈഡിംഗ് സമയത്ത് വയലറ്റ് എഐ സിസ്റ്റം ആക്‌സലറേഷന്‍ പാറ്റേണ്‍, ടെറെയ്ന്‍ ഇന്‍പുട്, റൈഡര്‍മാരുടെ പ്രവര്‍ത്തന രീതി എന്നിവയടക്കം 3,000-ത്തില്‍ അധികം പാരാമീറ്ററുകള്‍ നിരീക്ഷിക്കുന്നു.
ഈ വിവരങ്ങളുടെ സഹായത്തോടെ മോട്ടോര്‍സൈക്കിളിന്റെ പവറും, ഹാന്‍ഡ്‌ലിംഗ് കഴിവും മെച്ചപ്പെടുത്താന്‍ സാധിച്ചതായി കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനൊപ്പം എല്ലാ F77 വേരിയന്റുകളിലും ലഭ്യമാകുന്ന ബാലിസ്റ്റിക്+ ആണ് മോട്ടോര്‍സൈക്കിളില്‍ വന്നിട്ടുള്ള പ്രധാന മാറ്റം. ഈ മോഡ് കൂടുതല്‍ കരുത്തുറ്റതും വേഗതയേറിയതുമായ റൈഡിംഗ് അനുഭവം സമ്മാനിക്കുന്നു.

ഈ അപ്ഡേറ്റിനെ ബാലിസ്റ്റിക്+ എന്ന് വിളിക്കുമ്പോള്‍ തന്നെ, ബൈക്കിന്റെ ടിഎഫ്ടി ഡിസ്പ്ലേയിലെ ടോപ്പ് മോഡിന്റെ പേര് 'ബാലിസ്റ്റിക്'' എന്ന് തന്നെ തുടരും. പുതിയ അപ്ഡേറ്റിലൂടെ 40hp കരുത്തും 100Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും.റൈഡിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഇത് ലക്ഷ്യമിടുന്നു. നിലവിലുള്ള എല്ലാ F77 ഉപഭോക്താക്കള്‍ക്കും ഈ അപ്ഡേറ്റ് സൗജന്യമായി ലഭിക്കുമെന്ന് അള്‍ട്രാവയലറ്റ് അറിയിച്ചു. പഴയ മോഡലുകള്‍ക്കും പുതിയ സോഫ്റ്റ്വെയറിലെ ഫീച്ചറുകള്‍ ലഭ്യമാകും.
ബാലിസ്റ്റിക്+ മോഡും ജെന്‍3 ഫേംവെയറും പഴയ മോഡലുകളുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നതാണ്. അള്‍ട്രാവയലറ്റ് F77 മാക് 2 മോഡലിന് 7.1kWh-ഉം മാക് 2 റീക്കണിന് 10.3kWh-മാണ് ബാറ്ററി ശേഷി. റൈഡിംഗ് റേഞ്ചില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഡ്രൈവ് സൈക്കിളില്‍ മാക് 2 വേരിയന്റിന് 211 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്.
അതേസമയം മാക്2 റീക്കോണിലെ വലിയ ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 323 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 2024-ല്‍ പുറത്തിറങ്ങിയ മാക്2 മോഡലില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 10 ലെവല്‍ അഡ്ജസ്റ്റബിലിറ്റിയുള്ള റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, വയലറ്റ് എഐ. എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.
ഇന്ത്യയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രചാരം ഏറിവരുന്ന സമയമാണിപ്പോള്‍. ഈ ഒരു സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സോഫ്റ്റ്വെയര്‍ അധിഷ്ഠിത അപ്ഗ്രേഡുകള്‍ കമ്പനികള്‍ നടത്തുന്നത സാധാരണമാണ്. കണക്റ്റിവിറ്റി ഫീച്ചറുകളുമായി വരുന്നതിനാല്‍ തന്നെ ഇവികളില്‍ നിന്ന് റിയല്‍ടൈം ഡേറ്റയടക്കം ശേഖരിച്ച് അവയുടെ പെര്‍ഫോമന്‍സും ആയുസും എങ്ങിനെ വര്‍ധിപ്പിക്കാമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് F77 ഇലക്ട്രിക് ബൈക്കിന്റെ ഈ അപ്‌ഡേറ്റ്. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്ന ഈ അപ്‌ഡേറ്റ് അള്‍ട്രാവയലറ്റ് മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റും.
Source: Press Release/Ultraviolette


Click it and Unblock the Notifications








