ഓലക്ക് അടുത്ത 'പണി'; ദുല്‍ഖറിന്റെ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറും പണിപ്പുരയിൽ
ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. സാധാരണ ഗതിയില്‍ പല കമ്പനികളും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ചുവടുറപ്പിച്ച ശേഷം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്ക് നീങ്ങുന്നതാണ് നാം കാണാറുള്ളത്. ഓല ഇലക്ട്രിക് തന്നെ ഇതിന് ഉദാഹരണം. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കിയ ശേഷമാണ് ഓല തങ്ങളുടെ കന്നി ഇലക്ട്രിക് ബൈക്കായ റോഡ്‌സ്റ്റര്‍ X പുറത്തിറക്കിയത്. എന്നാല്‍ ഇതിന്റെ നേര്‍വിപരീതമായാണ് പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ചിന്തിക്കുന്നത്. കരുത്തുറ്റ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കുമായി ഇതിനോടകം പേരു സമ്പാദിച്ച കമ്പനി മറ്റ് ടൂവീലര്‍ സെഗ്‌മെന്റുകളിലേക്കും സാന്നിധ്യം അറിയിക്കാന്‍ പോകുകയാണ്.
അറിയാത്തവര്‍ക്കായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ഇവി സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലറ്റ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ നിലവില്‍ രാജ്യത്ത് F77 മാക് 2, F77 സൂപ്പര്‍സ്ട്രീറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് പുറത്തിറക്കുന്നത്. ആദ്യത്തേത് ഒരു സൂപ്പര്‍സ്പോര്‍ട്ടാണ്. ദൈനംദിന യാത്രകള്‍ അനുയോജ്യമായ രീതിയില്‍ റൈഡര്‍ ട്രയാംഗിളില്‍ മാറ്റം വരുത്തിയ ബൈക്കിന്റെ സ്ട്രീറ്റ് ഫോക്കസ്ഡ് പതിപ്പാണ് 77 സൂപ്പര്‍സ്ട്രീറ്റ്.

തങ്ങളുടെ ലൈനപ്പിലേക്ക് ചേര്‍ക്കാന്‍ പോകുന്ന ടൂവീലറുകള്‍ ഏതൊക്കെയാണെന്ന് അള്‍ട്രാവയലറ്റ് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. എന്നിരുന്നാലും പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ഒരു ഇലക്ട്രിക് നേക്കഡ് സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍, അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍, ഒരുപക്ഷേ ഒരു ക്രൂയിസര്‍ എന്നിവ കമ്പനി പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നാണ് മനസ്സിലാകുന്നത്. EICMA 2024-ല്‍ കണ്‍സെപ്റ്റ് X അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മാര്‍ച്ച് അഞ്ചിന് ഈ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. പുത്തന്‍ വാഹനങ്ങളുടെ ലോഞ്ച് സംബന്ധിച്ച റോഡ്മാപ്പും രാജ്യത്തും വിദേശ വിപണികളിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള പദ്ധതികളെ കുറിച്ചും ഇവന്റില്‍ വെച്ച് കമ്പനി സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം. അള്‍ട്രാവയലറ്റ് ഇലക്ട്രിക് സ്‌കൂട്ടറുമായി വന്നാല്‍ അത് ഓല, ഏഥര്‍, ടിവിഎസ്, ബജാജ് എന്നീ മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാകും.

2023-ലാണ് അള്‍ട്രാവയലറ്റ് ആദ്യ മോഡലായ F77 പുറത്തിറക്കിയത്. നിലവില്‍ F77-ന്റെ രണ്ട് പതിപ്പുകളായ ആള്‍ട്രാവയലറ്റ് F77 സൂപ്പര്‍സ്ട്രീറ്റ്, F77 മാക് 2 എന്നിവ റീട്ടെയില്‍ ചെയ്യുന്നു. ആള്‍ട്രാവയലറ്റ് F77 സൂപ്പര്‍സ്ട്രീറ്റ് 2.99 ലക്ഷം പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. അതേസമയം ആള്‍ട്രാവയലറ്റ് F77 മാക് 2 സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 2.99 ലക്ഷംപ്രാരംഭ വിലയില്‍ ലഭ്യമാണ്. റീകോണ്‍ ട്രിമിന്‍ 3.99 ലക്ഷം രൂപ വിലയുണ്ട്. എക്‌സ്-ഷോറൂം വിലകളാണിത്.
ആള്‍ട്രാവയലറ്റ് F77 സൂപ്പര്‍സ്ട്രീറ്റും ആള്‍ട്രാവയലറ്റ് F77 മാക് 2 മോഡലും ഒരേ ബാറ്ററി പായ്ക്കുകള്‍ പങ്കിടുന്നു. എന്നാല്‍ പെര്‍ഫോമന്‍സില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകും. ആള്‍ട്രാവയലറ്റ് F77 സൂപ്പര്‍സ്ട്രീറ്റിലെ 7.1 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 211 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ മോഡലിലെ ഇലക്ട്രിക് മോട്ടോര്‍ 35.70 bhp പവറും 90 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 155 കിലാമീറ്ററാണ്.

7.8 സെക്കന്‍ഡിനുള്ളില്‍ 0-100 kmph ആക്‌സിലറേഷന്‍ ശേഷിയും പറയുന്നു. ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത റീകോണ്‍ വേരിയന്റിന് 10.3 kWh ബാറ്ററിയും ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ റേഞ്ചും ഉണ്ട്. കൂടാതെ 39.65 bhp പവറും 100 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു മോട്ടോറും ഉണ്ട്. ഈ വേരിയന്റിന് 7.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ കഴിയും. സ്റ്റാന്‍ഡേര്‍ഡ്, റീക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് F77 മാക് 2 ലഭ്യമാകുന്നത്.
ഇവയ്ക്ക് യഥാക്രമം 7.1 kWh, 10.3 kWh ബാറ്ററി പായ്ക്കുകള്‍ ലഭിക്കും. F77 മാക് 2-വിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് 36.19 bhp പവറും 90 Nm ടോര്‍ക്കും നല്‍കുമ്പോള്‍ റീകോണ്‍ 39.65 bhp പവറും 100 Nm ടോര്‍ക്കും നല്‍കുമെന്ന് പറയുന്നു. ഇത് സൂപ്പര്‍സ്ട്രീറ്റ് റീകോണിന്റെ അതേ പെര്‍ഫോമന്‍സ് കണക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 155 കിലോമീറ്ററാണ് പരമാവധി വേഗത. 7.7 സെക്കന്‍ഡില്‍ 0-100 kmph വേഗതയിലെത്തും.


Click it and Unblock the Notifications








