'ലോക' വിജയമാകാന്‍ ദുല്‍ഖറിന്റെ സ്വന്തം അള്‍ട്രാവയലറ്റ്! പുതിയ ഇലക്ട്രിക് ബൈക്കിന്റെ ഹൈപ്പേറ്റി ടീസര്‍
ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി ഇന്ത്യയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മികച്ച പേര് സമ്പാദിച്ച ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡ് ആണ് അള്‍ട്രാവയലറ്റ്. അടുത്തിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി യൂറോപ്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ കമ്പനി തങ്ങളുടെ ഇന്ത്യന്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്. അതിന്റെ ഭാഗമായി തങ്ങളുടെ പുതിയ നേക്കഡ് ബൈക്ക് നാളെ (സെപ്റ്റംബര്‍ 23) ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 'Lets Get Naked' എന്ന ടാഗ്ലൈനോട് കൂടിയ നിഗൂഡതകള്‍ നിറഞ്ഞ ടീസര്‍ പുറത്തുവിട്ട് ഹൈപ്പ് കയറ്റിയിട്ടുണ്ട് അള്‍ട്രാവയലറ്റ്.
മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ 'നേക്കഡ്' എന്ന പ്രയോഗം അനാവശ്യമായ ബോഡിവര്‍ക്കുകള്‍ ഇല്ലാത്ത ലളിതവും 'നഗ്‌ന'വുമായ രീതിയിലുള്ള രൂപകല്‍പ്പന പിന്തുടരുന്നവയ്ക്കാണ് നല്‍കി വരാറുള്ളത്. റോഡിന്റെ ഒരു സ്‌ട്രെയിറ്റ് ഫോര്‍വാര്‍ഡ് ഫീലും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്ന റൈഡേഴ്‌സിനെയാണ് നേക്കഡ് ബൈക്കുകള്‍ ആകര്‍ഷിക്കുന്നത്. ടീസറില്‍ കാണുന്ന രൂപകല്‍പ്പന വരാന്‍ പോകുന്ന ഇവി പ്രകടനശേഷിയുള്ളതും ഊര്‍ജ്ജസ്വലവുമായ ബൈക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഒരു ഫ്യൂചറിസ്റ്റിക്ക് ബൈക്കുമായി നിരത്തിലിറങ്ങിയാല്‍ ഉറപ്പായും നാലാളുകള്‍ തിരിഞ്ഞ് നോക്കുമെന്ന് തന്നെ ഉറപ്പിക്കാം. കമ്പനി മുമ്പ് പുറത്തിറക്കിയ F77, F77 മാക് 2 ബൈക്കുകള്‍ ഫുള്ളി ഫെയേര്‍ഡ് പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കുകള്‍ ആയിരുന്നു. അതേസമയം കമ്പനിയുടെ ആദ്യത്തെ നേക്കഡ് ബൈക്ക് അല്ല ഇത്. കമ്പനി ഇതിനകം തന്നെ F77 സൂപ്പര്‍ സ്ട്രീറ്റ് എന്ന പേരില്‍ ഒരു ബൈക്ക് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് രണ്ട് പുത്തന്‍ മാസ് മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി അള്‍ട്രാവയലറ്റ് ഇവി വിപണി മൊത്തം ഇളക്കി മറിച്ചത്. ഷോക്ക് വേവ്, ടെസറാക്റ്റ് എന്നിവയായിരുന്നു അവ. ഇതില്‍ ടെസറാകറ്റ് ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന നിലയിലാണ് അവതരിപ്പിച്ചത്. എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ വിപണിയിലേക്ക് കടന്നുവന്ന അള്‍ട്രാവയലറ്റ് 1.45 ലക്ഷം രൂപയെന്ന ഞെട്ടിക്കുന്ന വിലയിലാണ് ഇത് പുറത്തിറക്കിയത്.

അള്‍ട്രാവയലറ്റിന്റെ പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഒരു മാസ് മാര്‍ക്കറ്റ് സ്‌കൂട്ടര്‍ ബുക്കിംഗ് റെക്കോഡുകള്‍ കടപുഴക്കിയിരുന്നു. സ്‌പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറിലെ PMS ഇലക്ട്രിക് മോട്ടോര്‍ 20.1 bhp പവര്‍ നല്‍കുന്നു. അതേസമയം, 3 വ്യത്യസ്ത ബാറ്ററി ഓപ്ഷനുകള്‍ ഓഫറിലുണ്ട്. ബേസ് വേരിയന്റിന് 3.5kWh ബാറ്ററി പായ്ക്കും മിഡ്, ടോപ് വേരിയന്റുകള്‍ക്ക് 5kWh, 6kWh ബാറ്ററി പായ്ക്കുകളുമാണ് പവര്‍ നല്‍കുന്നത്.
ഇതില്‍ വലിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 261 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ സ്‌കൂട്ടറിന് വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. രണ്ടാമത്തെ ഉല്‍പ്പന്നത്തെ കുറിച്ച് പറയുമ്പോള്‍ എന്‍ഡ്യൂറോ ബൈക്കായ അള്‍ട്രാവയലറ്റ് ഷോക്ക്വേവ് 1.75 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ഫണ്‍ട്രോ എന്ന പുതിയ ലൈറ്റ് മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോമിലാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 14.5 bhp പവറും 505 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ ബൈക്കിന് കഴിയും. വെറും 120 കിലോഗ്രാം മാത്രം ഭാരമുള്ള ഇലക്ട്രിക് ബൈക്ക് വെറും 2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് അവകാശവാദം. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത.
4 kWh ബാറ്ററി പായ്ക്കുമായി വരുന്ന അള്‍ട്രാവയലറ്റ് ഷോക്ക്‌വേവിന് സിംഗിള്‍ ചാര്‍ജില്‍ 165 കിലോമീറ്ററാണ് ഐഡിസി റേഞ്ച് പറയുന്നത്. സൂപ്പര്‍ നോവ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
മുന്നില്‍ 200mm ട്രാവലുള്ള 37mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 200mm ട്രാവലുള്ള മോണോ ഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 19 ഇഞ്ച് വീലുകളും പിന്നില്‍ 17 ഇഞ്ച് വീലുകളുമുണ്ട്. മുന്നില്‍ 270mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220mm ഡിസ്‌ക് ബ്രേക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു.
അള്‍ട്രാവയലറ്റില്‍ നിന്ന് ഒരു പുതിയ ബൈക്ക് വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇവി പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണ്. നേക്കഡ് ബൈക്ക് ആയിരിക്കുമെന്നത് അല്ലാതെ പുത്തന്‍ ഇവിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. കമ്പനിയിലെ നിക്ഷേപകനും പ്രമുഖ നടനുമായ ദുല്‍ഖര്‍ സല്‍മാനും പുത്തന്‍ ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏതായാലും ദുല്‍ഖര്‍ നിര്‍മിച്ച ഏറ്റവും പുതിയ സിനിമയായ ലോക ചാപ്റ്റര്‍ 1 ചന്ദ്ര പോലെ പുതിയ ബൈക്കും 'ലോക' വിജയമാകട്ടെയെന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








