48 മണിക്കൂറില്‍ 20000 ബുക്കിംഗ്! പാവങ്ങളുടെ പ്രീമിയം സ്‌കൂട്ടര്‍ അരലക്ഷമാളുകള്‍ക്ക് കൂടി 1.20 ലക്ഷത്തിന്
അള്‍ട്രാവയലറ്റ് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. ഒരു ഇലക്ട്രിക് സ്‌കൂട്ടറും ഒരു എന്‍ഡ്യൂറോ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായിരുന്നു ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. മലയാളികളുടെ സ്വന്തം ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റിന്റെ ഓരോ നീക്കങ്ങളും മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ രണ്ട് കിടിലന്‍ മോഡലുകളാണ് കുറഞ്ഞ വിലയില്‍ ബ്രാന്‍ഡ് പുറത്തിറക്കിയത്. അതില്‍ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ചത് ടെസറാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ്. ഉച്ചരിക്കാന്‍ കുറച്ച് പ്രയാസമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്ഡ് സ്‌കൂട്ടര്‍ എന്ന് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്ന ടെസറാക്റ്റ് ബുക്ക് ചെയ്യാന്‍ ഇന്ത്യക്കാര്‍ 'ഇടികൂടുകയാണ്'.
തങ്ങളുടെ പുതുതായി പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറായ ടെസറാക്റ്റിന് 48 മണിക്കൂറിനുള്ളില്‍ 20,000-ത്തിലധികം പ്രീ-ബുക്കിംഗുകള്‍ ലഭിച്ചതായി അള്‍ട്രാവയലറ്റ് അറിയിച്ചു. ഇന്ത്യയില്‍ ഉയര്‍ന്ന പെര്‍ഫോമന്‍സുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ആളുകളെ അടുപ്പിച്ചത് ബിഎംഡബ്ല്യുവിന്റെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനും മേഡേണ്‍ ഫീച്ചറുകളും ബജറ്റ് വിലയുമായിരുന്നു.

ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്കായിരുന്നു ആമുഖ വിലയായ 1.20 ലക്ഷത്തിന് സ്‌കൂട്ടര്‍ ലഭിക്കുകയെന്ന് ലോഞ്ച് ഇവന്റില്‍ വെച്ച് അള്‍ട്രാവയലറ്റ് അറിയിച്ചത്. എന്നാല്‍ ആവശ്യക്കാരുടെ കുത്തൊഴുക്ക് കാരണം ആദ്യത്തെ 50000 ബുക്കിംഗുകള്‍ക്ക് 1.20 ലക്ഷം രൂപയ്ക്ക് സ്‌കൂട്ടര്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ആള്‍ട്രാവയലറ്റിന്റെ വെബ്സൈറ്റ് വഴി ബുക്കിംഗുകള്‍ ലഭ്യമാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 999 രൂപ നല്‍കി ടെസറാക്റ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ആള്‍ട്രാവയലറ്റ് ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത് F77 ഇലക്ട്രിക് സൂപ്പര്‍ ബൈക്കാണ്. മുന്‍നിര മോട്ടോര്‍സൈക്കിള്‍ ഇതിനോടകം നിരവധി റെക്കോര്‍ഡുകള്‍ നേടി സല്‍പ്പേര് സമ്പാദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലെ മറ്റ് സെഗ്‌മെന്റുകളില്‍ കൂടി സാന്നിധ്യമറിയിക്കാനായാണ് ടെസറാക്റ്റും ഡ്യുവല്‍ പര്‍പ്പസ് മോട്ടോര്‍സൈക്കിളായ ഷോക്ക്‌വേവും അള്‍ട്രാവയലറ്റ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ജനപ്രിയമായ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
അവിടെ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനി വലിയ വെല്ലുവിളി ഉയര്‍ത്തും. അള്‍ട്രാവയലറ്റ് ടെസറാക്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു സ്‌പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറാണ്. വൈറ്റ്, പിങ്ക്, ബ്ലാക്ക്, യെല്ലോ, സാന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി നിറങ്ങളില്‍ ഇത് ലഭ്യമാണ്. കൂടപ്പിറപ്പായ അള്‍ട്രാവയലറ്റ് F77 സൂപ്പര്‍ബൈക്കിന്റെ സൗന്ദര്യശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന അഗ്രസീവ് ഡിസൈനാണ് ഇതിലും അള്‍ട്രാവയലറ്റ് പിന്തുടര്‍ന്നിരിക്കുന്നത്.
സ്‌കൂട്ടറിന്റെ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ മുന്‍വശത്തെ ആപ്രണില്‍ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു. മുന്നിലെ വിന്‍ഡ്സ്‌ക്രീന്‍ ടെസറാക്റ്റിന്റെ സ്‌പോര്‍ടിനെസ്സ് ഉയര്‍ത്തുന്നുണ്ട്. നാവിഗേഷന്‍ ഫീച്ചറുകള്‍ ഉള്ള 7.0 ഇഞ്ച് TFT സ്‌ക്രീന്‍, 34 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. റഡാര്‍ സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറായ അള്‍ട്രാവയലറ്റ് ടെസറാക്റ്റ് ഇതുവരെ ഒരു സ്‌കൂട്ടറിലും കാണാത്ത മറ്റനേകം ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്.

ഇന്റഗ്രേറ്റഡ് ഫ്രണ്ട്, റിയര്‍ ഡാഷ്‌ക്യാമുകളും റൈഡര്‍ അവബോധം വര്‍ധിപ്പിക്കുന്നതിനായി ഹാപ്റ്റിക് ഫീഡ്ബാക്കുള്ള ഹാന്‍ഡില്‍ബാറുമുള്ള ആദ്യ ഇരുചക്ര വാഹനം കൂടിയാണ് അള്‍ട്രാവയലറ്റ് ടെസറാക്റ്റ്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പ്രോക്‌സിമിറ്റി അധിഷ്ഠിത കീലെസ് ആക്‌സസ്, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ്, നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷനുകള്‍ക്കൊപ്പം ഫോണ്‍ പെയറിംഗ്, മ്യൂസിക് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇന്റഗ്രേറ്റഡ് ഇ-സിം ഉള്ള LTE, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്.
ഇവിയുടെ മുന്നിലും പിന്നിലും റഡാര്‍ ഉപയോഗിച്ചുകൊണ്ട് ബ്ലൈന്‍ഡ്സ്പോട്ട് ഡിറ്റക്ഷന്‍, ഓവര്‍ടേക്ക് അലേര്‍ട്ട്, കൊളിഷന്‍ അലേര്‍ട്ട് എന്നീ സവിശേഷതകളും പ്രീമിയം ടെസറാക്റ്റില്‍ അള്‍ട്രാവയലറ്റ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടാതെ ബ്ലൈന്‍ഡ്സ്പോട്ട് സഹായത്തോടുകൂടിയ പ്രീമിയം റിയര്‍ വ്യൂ മിററുകളും വാഹനത്തിന് ലഭിക്കുന്നു. വയലറ്റ് എഐ ഉള്ള ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം ഫീച്ചറും അള്‍ട്രാവലയലിറ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടറിലെ മറ്റ് പ്രധാന ഫീച്ചറുകളാണ്.

അള്‍ട്രാവയലറ്റ് ടെസറാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 20.10 bhp പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ലഭിക്കുന്നു. മണിക്കൂറില്‍ 125 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ് സ്പീഡ്. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും കഴിയും.
3.5 kWh, 5 kWh, 6 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. 3.5 kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 162 കിലോമീറ്റര്‍ വരെ സഞ്ചരിക്കും, 5 kWh പതിപ്പ് ഫുള്‍ ചാര്‍ജില്‍ 220 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








