റോഡില്‍ ഒറ്റയ്ക്കാക്കൂലെന്ന് യമഹ! തുച്ഛമായ ചെലവില്‍ അടുത്ത ജനോപകാരപ്രദമായ പരിപാടി
ഉപഭോക്തൃ കേന്ദ്രീകൃത പ്രോഗ്രാമുകള്‍ കൊണ്ടുവരുന്നത് ശീലമാക്കിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് യമഹ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യമഹ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും 10 വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്ത് എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി 5 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ് (RSA) പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ യമഹ മോട്ടോര്‍സ്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൂവീലര്‍ ഉടമകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പ്രോഗ്രാം യമഹ പ്രഖ്യാപിച്ചത്. യമഹ ഉടമകള്‍ക്ക് സമഗ്രമായ ഓണ്‍-റോഡ് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ആവശ്യമുള്ളപ്പോഴെല്ലാം സഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭം.
അഞ്ച് വര്‍ഷത്തെ സമഗ്ര റോഡ് സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാമിന് വെറും 975 രൂപ മാത്രമാണ് ചെലവ് വരുന്നത്. രാജ്യത്തുടനീളമുള്ള കസ്റ്റമേഴ്‌സിന് വിശ്വസനീയവും സമയബന്ധിതവുമായ പിന്തുണ നല്‍കുന്നതിലൂടെ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനുള്ള യമഹയുടെ പ്രതിബദ്ധതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വിവിധ തരത്തിലുള്ള ഓണ്‍-റോഡ് എമര്‍ജന്‍സികള്‍ക്ക് പരിഹാരം കാണുന്നതിലൂടെ റൈഡര്‍മാര്‍ക്ക് പൂര്‍ണമായ മനസ്സമാധാനം ഉറപ്പാക്കുന്നതിനാണ് ഈ പ്രോഗ്രാം യമഹ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വാഹനം വലിച്ചുകൊണ്ടുപോകല്‍, ബാറ്ററി ജമ്പ്സ്റ്റാര്‍ട്ട്, ഫ്‌ലാറ്റ് ടയര്‍ സപ്പോര്‍ട്ട്, ചെറിയ അറ്റകുറ്റപ്പണികള്‍, അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യസഹായം എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഈ പാക്കേജിന് കീഴില്‍ ലഭ്യമാകുന്നു. നിരത്തുകളില്‍ യമഹ റൈഡര്‍മാര്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും സ്ഥലമോ സമയമോ പരിഗണിക്കാതെ വേഗത്തിലുള്ള സഹായത്തിനായി ആശ്രയിക്കാമെന്നും ഈ RSA ഫീച്ചറുകള്‍ ഉറപ്പാക്കുന്നു.
ഉയര്‍ന്ന നിലവാരമുള്ള മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വാഗ്ദാനം ചെയ്യുക മാത്രമല്ല ഒരു യമഹ വാഹനം സ്വന്തമാക്കിയാല്‍ പിന്നെ യാതൊരു തലവേദനയുമില്ലെന്ന തോന്നല്‍ ഉടമകളില്‍ ഉളവാക്കാന്‍ കൂടിയാണ് യമഹ ലക്ഷ്യമിടുന്നത്. അടുത്തിടെ അവതരിപ്പിച്ച 10 വര്‍ഷത്തെ 'ടോട്ടല്‍ വാറണ്ടി' പ്രോഗ്രാമില്‍ നിന്ന് തന്നെ കമ്പനി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് 2 വര്‍ഷത്തെ വാറണ്ടിക്ക് അപ്പുറം 8 വര്‍ഷത്തെ അധിക വിപുലീകൃത വാറണ്ടി കവറേജ് ഉള്‍പ്പെടുത്തുന്നു.

എഞ്ചിന്‍, ഇലക്ട്രിക്കല്‍ സിസ്റ്റങ്ങള്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ (Fi) യൂണിറ്റ് തുടങ്ങിയ അവശ്യ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.യമഹ മോട്ടോര്‍ തങ്ങളുടെ വാറണ്ടി കൈമാറ്റം ചെയ്യാനുള്ള അവസരം കൂടി നല്‍കുന്നതിനാല്‍ ടൂവീലറുകളുടെ റീസെയില്‍ വാല്യുവും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഉപഭോക്താക്കളോടുള്ള യമഹയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്ന ഇത്തരം സംരംഭങ്ങള്‍ പര്‍ച്ചേസിന് അപ്പുറത്ത് വിശ്വാസം വളര്‍ത്തിയെടുക്കാനും ആജീവനാന്ത മൂല്യം നല്‍കാനും ലക്ഷ്യമിടുന്നു.
ഉപഭോക്തൃ പരിചരണത്തിനും സംതൃപ്തിക്കും മുന്‍ഗണന നല്‍കിക്കൊണ്ട് വില്‍പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ സമഗ്രമായ പിന്തുണയും വാറണ്ടി പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ മത്സരാധിഷ്ഠിത ഇന്ത്യന്‍ വിപണിയില്‍ വേറിട്ടുനില്‍ക്കാന്‍ യമഹ ലക്ഷ്യമിടുന്നു. YZF-R3, MT-03 പോലുള്ള പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ മുതല്‍ ഫാസിനോ 125 FI ഹൈബ്രിഡ്, റേ ZR 125 FI ഹൈബ്രിഡ് തുടങ്ങിയ സ്‌കൂട്ടറുകള്‍ വരെ യമഹയുടെ ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നു.

നൂതനമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനോടൊപ്പം സമാനതകളില്ലാത്ത ഉപഭോക്തൃ പരിചരണവും നല്‍കുകയെന്ന യമഹയുടെ വിശാലമായ കാഴ്ചപ്പാടുമായി പുതുതായി ആരംഭിച്ച RSA പ്രോഗ്രാം യോജിക്കുന്നു. യമഹയുടെ പുതിയ 5 വര്‍ഷത്തെ RSA സ്‌കീമും 10 വര്‍ഷത്തെ ടോട്ടല്‍ വാറന്റി പ്രോഗ്രാമും ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള കമ്പനിയുടെ കരുതലിനുള്ള തെളിവാണ്. വാഹനങ്ങളുടെ വിശ്വാസ്യതയും മൂല്യവും ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കാനും രാജ്യത്ത് 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ കമ്പനി കെട്ടിപ്പടുത്ത വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധം ശക്തിപ്പെടുത്താനും യമഹ ലക്ഷ്യമിടുന്നു.
കമ്പനിയുടെ ഭാഗത്ത് നിന്ന് ഇനിയും ഇത്തരം നടപടികള്‍ നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോഴോ ഭാവിയിലോ യമഹ വാങ്ങാന്‍ പ്ലാനിട്ടിരിക്കുന്ന സുഹൃത്തോ ബന്ധുവോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ സന്തോഷവാര്‍ത്ത അവരെ അറിയിക്കണേ. 10 വര്‍ഷത്തെ ടോട്ടല്‍ വാറണ്ടിക്കൊപ്പം തുച്ഛമായ നിരക്കില്‍ 5 വര്‍ഷത്തെ RSA പ്രോഗ്രാം അവതരിപ്പിച്ച യമഹയുടെ തീരുമാനത്തെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നുവെന്ന് കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








