1.10 ലക്ഷം വെട്ടിക്കുറച്ചതിന് പിന്നാലെ 20000 ജിഎസ്ടി കട്ടും! യമഹ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വാങ്ങാന്‍ നല്ല സമയം
ഉത്സവ സീസണ്‍ ആയതിനാല്‍ ഇപ്പോള്‍ യമഹ (Yamaha) അടക്കം ഒട്ടുമിക്ക ബ്രാന്‍ഡുകളുടെയും ഷോറൂമുകളില്‍ തിരക്കാണ്. ഇന്ന് യമഹ ഷോറൂമിലേക്ക് കടന്നു ചെല്ലുന്ന ഒരാള്‍ക്ക് കമ്പനിയുടെ ട്വിന്‍ സിലിണ്ടര്‍ ഇരട്ടകളുടെ മേല്‍ പുതിയ പ്രൈസ് ടാഗ് കാണാന്‍ കഴിയും. 2023 അവസാനത്തോടെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ R3, MT-03 എന്നീ ലോകോത്തര മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. അന്ന് R3-യുടെ വില 4.65 ലക്ഷം രൂപയും MT-03 മോട്ടോര്‍സൈക്കിളിന്റെ വില 4.60 ലക്ഷം ലക്ഷം രൂപയുമായിരുന്നു (എക്‌സ്-ഷോറൂം).
ഈ മോഡലുകളുടെ വില നിര്‍ണയത്തിന്റെ കാര്യത്തില്‍ ഏറെ പഴികേട്ടതോടെ യമഹ ഈ വര്‍ഷം ആദ്യം യമഹ ഇവയുടെ വില 1.10 ലക്ഷം രൂപ വെട്ടിക്കുറച്ചു. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. ഏകദേശം 20,000 കുറഞ്ഞതോടെ R3 ഇപ്പോള്‍ 3.39 ലക്ഷം എക്‌സ്-ഷോറൂം വിലയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം MT-03 മോഡലിന്റെ വില 3.29 ലക്ഷം രൂപയായി മാറി.

ഈ കുറവ് ഡീലര്‍ ഓഫറല്ല, മറിച്ച് 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ജിഎസ്ടി നിരക്കിന്റെ നേരിട്ടുള്ള ഫലമാണ്.നികുതി പുനഃക്രമീകരണത്തിന്റെ ഭാഗമായി നേരത്തെ 28 ശതമാനമുണ്ടായിരുന്ന 350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ ജിഎസ്ടി ഇപ്പോള്‍ 18 ശതമാനമായി കുറച്ചു. R3, MT-03 എന്നീ മോഡലുകള്‍ 321 സിസി പാരലല്‍-ട്വിന്‍ മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ അവയുടെ വില കുറഞ്ഞിരിക്കുകയാണ്.
വിലയില്‍ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും ഇന്ത്യയിലേക്ക് കൊണ്ടുവന്ന പഴയ ബൈക്കുകളാണെന്ന കാര്യം ശ്രദ്ധിക്കുക. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ യമഹ R3, MT-03 എന്നിവ സമഗ്രമായ മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്യപ്പെട്ടു. അപ്‌ഡേറ്റഡ് സ്‌റ്റൈലിംഗും കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുന്ന പുതിയ പതിപ്പ് ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല. എന്നിരുന്നാലും പുതിയ മോഡലിന് പഴയതുമായി മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല.

ഇരുമോട്ടോര്‍സൈക്കിളുകളും 321 സിസി ട്വിന്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോറില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. മികച്ച റിഫൈന്‍മെന്റും സുഗമമായ പവര്‍ ഡെലിവറിയും കൊണ്ട് ഈ എഞ്ചിന്‍ ഏറെ കൈയ്യടി നേടിയിട്ടുണ്ട്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന്‍ 41.4 bhp പവറും 29.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
മറ്റ് സൈക്കിള്‍ ഭാഗങ്ങളെ കുറിച്ച് പറയുമ്പോള്‍ മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും സസപെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഡ്യുവല്‍-ചാനല്‍ ABS ഡിസ്‌ക് ബ്രേക്കുകള്‍ ഇരു അറ്റങ്ങളിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയില്ലെങ്കിലും ഇതിന് ഒരു ഡിജിറ്റല്‍ കണ്‍സോള്‍ ലഭിക്കുന്നു. പരിഷ്‌കരിച്ചതും മികച്ചതുമായ ഒരു പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ ആഗ്രഹിക്കുന്നവര്‍ക്ക് യമഹ R3, MT-03 എന്നിവ മികച്ച ചോയ്‌സ് ആയിരിക്കും.
മാത്രമല്ല ഇവയുടെ ഏറ്റവും അടുത്ത എതിരാളികളായ KTM 390 ഡ്യൂക്ക്, അപ്രീലിയ RS 457 പോലുള്ള മോഡലുകള്‍ക്ക് സമീപഭാവിയില്‍ വില വര്‍ധനവ് ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏറ്റവും പുതിയ ജിഎസ്ടി പരിഷ്‌കരണം യമഹയ്ക്ക് പോസിറ്റീവാണ്. പുതിയ ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയ സാഹചര്യത്തില്‍ യമഹ ഉടന്‍ തന്നെ അപ്‌ഡേറ്റഡ് R3, MT-03 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഉത്സാഹം കാണിക്കണമെന്നാണ് ഫാന്‍സിന്റെ ആവശ്യം.
അങ്ങിനെ സംഭവിച്ചാലും പുതിയ മോഡലുകള്‍ ഈ വിലയില്‍ കിട്ടിയെന്ന് വരില്ല. അതുകൊണ്ടാണ് രൂപത്തെക്കുറിച്ച് അധികം വേവലാതിപ്പെടാത്ത മികച്ച മെക്കാനിക്കല്‍ പാക്കേജ് നോക്കുന്നവര്‍ക്ക് R3 അല്ലെങ്കില്‍ MT-03 വീട്ടിലെത്തിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയമായിരിക്കും ഇത്. ഇപ്പോള്‍ ബൈക്കുകള്‍ക്ക് 20,000 രൂപ കുറഞ്ഞത് പ്രായോഗികമായി ഏറെ പ്രധാനമാണ്.
ആദ്യമായി യമഹയുടെ ഇരട്ടകളില്‍ ഒന്നിനെ പ്രതീക്ഷിക്കുന്ന റൈഡര്‍മാര്‍ക്ക് ലാഭം കിട്ടുന്ന പൈസ ഇന്‍ഷുറന്‍സ്, റൈഡിംഗ് ഗിയര്‍ അല്ലെങ്കില്‍ കുറച്ച് ഇഎംഐ ആക്കി മാറ്റാവുന്നതാണ്. ജിഎസ്ടി നിരക്ക് കുറച്ചതിനുശേഷം ഷോറൂമുകളില്‍ ബൈക്കുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇത് ചില സ്ഥലങ്ങളില്‍ ഡെലിവറി വൈകാന്‍ കാരണമാകുന്നു. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് ഓഫീസുകളില്‍ ചിലപ്പോള്‍ പുതിയ എക്‌സ്-ഷോറൂം വില പ്രതിഫലിപ്പിക്കാന്‍ കുറച്ച് ദിവസമെടുക്കുമെന്നതിനാല്‍ പണമടയ്ക്കുന്നതിന് മുമ്പ് വിശദമായ ക്വട്ടേഷന്‍ തയാറാക്കാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








