യമഹ ഷോറൂമിലെ വില്‍പ്പനയുടെ പകുതിയും ഈ ഹൈബ്രിഡ് സ്‌കൂട്ടറിന്! 10 വര്‍ഷം വാറണ്ടിയടക്കം 73430 രൂപക്ക് വാങ്ങാം
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ യമഹയുടെ പടക്കുതിരയായി മാറിയിരിക്കുകയാണള റേ ZR 125 (RayZR 125) മാറുന്നു. 2025 നവംബറിലെ വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കമ്പനിയുടെ ആകെ വില്‍പനയുടെ പകുതിയിലധികവും ഈ ഹൈബ്രിഡ് സ്‌കൂട്ടറാണ് സംഭാവന ചെയ്തിരിക്കുന്നത്. റഷ്ലെയ്ന്‍ പുറത്തുവിട്ട 2025 നവംബര്‍ മാസത്തെ യമഹയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. സ്പോര്‍ട്ടി ലുക്കും മികച്ച ഇന്ധനക്ഷമതയും ഒത്തുചേരുന്ന റേ ZR ഹൈബ്രിഡ് സ്‌കൂട്ടറിന്റെ റെക്കോര്‍ഡ് മുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യയുടെ 2025 നവംബര്‍ മാസത്തെ വില്‍പന റിപ്പോര്‍ട്ടില്‍ റേ ZR 125 സ്‌കൂട്ടര്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ച ആകെ വാഹനങ്ങളില്‍ 50.09 ശതമാനവും റേ ZR ആണ്. കമ്പനിയുടെ ജനപ്രിയ ബൈക്കുകളായ FZ, R15 എന്നിവയെ പിന്തള്ളിയാണ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ നിന്നുള്ള ഒരു മോഡലിന്റെ ഈ ഐതിഹാസിക മുന്നേറ്റം.

നവംബറില്‍ മാത്രം 21,049 യൂണിറ്റ് റേ ZR 125 സ്‌കൂട്ടറുകളാണ് യമഹ ഇന്ത്യയിലുടനീളം വിറ്റഴിച്ചത്. 2024 നവംബറിലെ (14428 യൂണിറ്റ്) വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 45.89 ശതമാനാം വാര്‍ഷിക വളര്‍ച്ചയാണ് ഈ മോഡല്‍ നേടിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6621 യൂണിറ്റുകളാണ് കമ്പനിക്ക് അധികം വില്‍ക്കാന്‍ സാധിച്ചത്.
2025 ഒക്ടോബറിലും യമഹയുടെ ബെസ്റ്റ് സെല്ലര്‍ റേ ZR ആയിരുന്നു. 22738 യൂണിറ്റ് വില്‍പ്പന നേടിയ ഒക്ടോബറുമായി തട്ടിച്ച് നോക്കുമ്പോള്‍ നവംബറില്‍ 1689 യൂണിറ്റുകള്‍ (7.43 ശതമാനം ഇടിവ്) കുറച്ച് വില്‍ക്കാനേ സാധിച്ചുള്ളൂ. ദീപാവലിയടക്കമുള്ള ഉത്സവങ്ങള്‍ അരങ്ങേറുന്ന ഒക്ടോബര്‍ മാസം പൊതുവേ മികച്ച വില്‍പ്പനയുണ്ടാകാറുണ്ട്.
| യമഹ മോഡൽ | വിൽപന (യൂണിറ്റുകൾ) | വിഹിതം |
|---|---|---|
| RayZR 125 | 21,049 | 50.09% |
| FZ Series | 8,243 | 19.62% |
| MT-15 | 6,366 | 15.15% |
| YZF-R15 | 5,237 | 12.46% |
യുവാക്കളെ ആകര്‍ഷിക്കുന്ന ഷാര്‍പ്പ് ഡിസൈനും അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് വിപണിയില്‍ റേ ZR സ്‌കൂട്ടറിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ ലൈറ്റ്വെയിറ്റ് രൂപകല്‍പ്പന ലേഡീസിനെയും ഈ മോഡലിലേക്ക് അടുപ്പിക്കുന്നു. സുരക്ഷയ്ക്കും കംഫര്‍ട്ടിനും പ്രാധാന്യം നല്‍കുന്ന ഒത്തിരി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷന്‍, ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ റേZR 125-ല്‍ ലഭ്യമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള Y-കണക്ട് ആപ്പ് വഴി ഫോണ്‍ കോള്‍ അലേര്‍ട്ടുകള്‍, ലാസ്റ്റ് പാര്‍ക്കിംഗ് ലൊക്കേഷന്‍, റൈഡിംഗ് ഹിസ്റ്ററി എന്നിവ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.

125 സിസി എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് ബ്ലൂ കോര്‍ എഞ്ചിനാണ് റേ ZR-ന് തുടിപ്പേകുന്നത്. 'സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍' (SMG) വഴി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് പവര്‍ അസിസ്റ്റ് സാങ്കേതികവിദ്യയാണ് ഈ സ്‌കൂട്ടറിന്റെ ഹൈലൈറ്റ്. ഇത് വാഹനത്തിന് ട്രാഫിക്കില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അധിക ടോര്‍ക്ക് നല്‍കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ സ്‌കൂട്ടര്‍ ലിറ്ററിന് ഏകദേശം 71 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ആക്ടിവ 125, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ആക്സസ് 125 എന്നിവയുമായാണ് റേ ZR മത്സരിക്കുന്നത്. പോയമാസം യമഹയുടെ മൊത്തം ആഭ്യന്തര വില്‍പന 42,021 യൂണിറ്റാണ്. യമഹയുടെ തന്നെ ഫാസിനോ (Fascino), എയ്റോക്സ് (Aerox) എന്നീ സ്‌കൂട്ടര്‍ മോഡലുകളുടെ വില്‍പന യഥാക്രമം 5,306 യൂണിറ്റും 1116 യൂണിറ്റുമാണ്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ റേ ZR-ന്റെ ആധിപത്യം വ്യക്തമാണ്.

യമഹയുടെ മറ്റ് മോഡലുകളുടെ വില്‍പന പരിശോധിച്ചാല്‍ രണ്ടാം സ്ഥാനത്തുള്ളത് FZ സീരീസാണ്. പോയമാസം 6478 യൂണിറ്റായിരുന്നു FZ മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന. R15, MT15, എന്നീ മോഡലുകള്‍ യഥാക്രമം 4257 യൂണിറ്റുകളും 3814 യൂണിറ്റുകളും വിറ്റഴിച്ച് തൊട്ടുപിന്നില്‍ സ്ഥാനംപിടിച്ചു. എന്നാല്‍ ഈ പ്രധാന മോഡലുകള്‍ എല്ലാം ചേര്‍ന്നാലും റേ ZR ഒറ്റയ്ക്ക് നേടിയ വില്‍പന കണക്കുകള്‍ മറികടക്കാന്‍ സാധിക്കില്ലെന്നതാണ് ശ്രദ്ധേയം.
ഭാരം കുറഞ്ഞതും (99 കിലോഗ്രാം) ഉയര്‍ന്ന മൈലേജ് നല്‍കുന്നതുമായ ഇരുചക്ര വാഹനം തേടുന്നവര്‍ക്കിടയിലാണ് റേ ZR 125 സ്‌കൂട്ടറിന് സ്വാധീനമുള്ളത്. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും വില്‍പന നിലനിര്‍ത്താന്‍ സാധിച്ചത് യമഹയുടെ മാര്‍ക്കറ്റ് സ്ട്രാറ്റജിയുടെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളില്‍ പുതിയ നിറങ്ങളും ഫീച്ചറുകളും നല്‍കി ജനപ്രിയ മോഡലുകള്‍ അപ്‌ഡേറ്റ് ചെയ്ത് മുന്നേറ്റം തുടരാനാണ് കമ്പനിയുടെ ലക്ഷ്യം.
പെര്‍ഫോമന്‍സിനും മൈലേജിനും ഒരേപോലെ പ്രാധാന്യം നല്‍കുന്ന റൈഡര്‍മാര്‍ക്കിടയില്‍ പ്രത്യേകിച്ച് യൂത്തിനിടയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ വിദ്യയോട് പ്രിയമേറി വരികയാണ്. വില്‍പന കണക്കുകളില്‍ ഇത് പ്രതിഫലിക്കുന്നുമുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ നിരത്തിലിറക്കാന്‍ യമഹയ്ക്ക് ഈ വിജയം പ്രചോദനം നല്‍കും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് പെട്ടന്ന് മാറാൻ മടിയുള്ളവർ ഇപ്പോൾ ഹൈബ്രിഡുകൾക്ക് പിന്നാലെയാണ്.


Click it and Unblock the Notifications








