സപ്തതി കളറാക്കാൻ R3 എഡിഷനുമായി യമഹ; മിന്നും താരത്തെ ഇറക്കിവിട്ട് ജനപ്രിയ ബ്രാൻഡ്
ഇന്ത്യയിലും ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളുടെയും ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള ബ്രാൻഡാണ് യമഹ. ജപ്പാനിൽ സ്ഥാപിതമായ കമ്പനിക്ക് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ റേസിംഗിലും ഉയർന്ന നിലവാരത്തിനും ആഗോള തലത്തിൽ വലിയ സ്വാധീനം നേടാൻ സാധിച്ചു. ഇവരുടെ ഓരോ മോഡലും ശക്തമായ പെർഫോമൻസ്, മോഡേൺ ഡിസൈൻ തുടങ്ങിയ ഘടകങ്ങൾ കൊണ്ട് പ്രശസ്തമാണ്. ഇപ്പോൾ പുത്തൻ മോഡലിൻ്റെ വിശേഷങ്ങളുമായാണ് ബ്രാൻഡ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. തങ്ങളുടെ 70 വർഷത്തെ റേസിംഗ് പാരമ്പര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ R3 എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. മാത്രവുമല്ല എൻട്രി-ലെവൽ സൂപ്പർസ്പോർട്ട് വിഭാഗത്തിൽ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണിത്.
റേസിംഗ് ലോകത്ത് നേടിയ വിജയങ്ങളെയും അവരുടെ സമ്പന്നമായ പൈതൃകത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ ആഗോള വിപണികളിൽ പുതിയ എഡിഷൻ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ കോണുകളിലായി പരിമിത സംഖ്യയിൽ മാത്രമേ ലഭ്യമാകൂ എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. മാത്രവുമല്ല ഡിസൈനിൻ്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും ആരെയും ആകർഷിക്കാനും ഇവന് കഴിയുന്നുണ്ട്.

ബൈക്കിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലാസിക് ത്രോബാക്ക് റേസിംഗ് ലുക്കാണ്. വെളുപ്പും ചുവപ്പും ചേർന്ന സ്പീഡ് ബ്ലോക്ക് ലിവറി നൽകിയിരിക്കുന്നു. കൂടാതെ പൂർണ്ണമായ കറുത്ത അണ്ടർബോഡി ഇതിന്റെ സ്പോർട്ടി ലുക്കിനെ കൂടുതൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഇത് ബ്രാൻഡിൻ്റെ മോട്ടോജിപി (MotoGP) റേസിംഗ് ബൈക്കായ YZR-M1ന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അതുകൊണ്ട് തന്നെ യമഹയുടെ ആർ-സീരീസിൻ്റെ ആധുനികമായി രൂപഭാവം ഈ മോഡലിലും വ്യക്തമായി കാണാം.
ബൈക്കിന്റെ മുൻഭാഗം കൂടുതൽ ആഗ്രസീവ് ഫ്രണ്ട് ഫെയറിംഗ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് സ്പീഡിൽ യാത്ര ചെയ്യുന്നപ്പോൾ വായു പ്രതിരോധം കുറച്ച് വാഹനത്തിൻ്റെ സ്റ്റെബിളിറ്റി കൂട്ടാൻ സഹായിക്കുന്നുണ്ട്. വശങ്ങളിലുള്ള സ്ലീക്ക് സൈഡ് പാനലുകൾ ബൈക്കിന് ഒരു സ്പോർട്ടി സ്ലിം ലുക്ക് നൽകുകയും അതിന്റെ റേസിംഗ് സ്വഭാവം കൂടുതൽ എടുത്തുകാണിക്കുകയും ചെയ്യുന്നു. പിന്നിൽ സിഗ്നേച്ചർ ആർ-സീരീസ് ടെയിൽ വിംഗുള്ള ടെയിൽ സെക്ഷനും നൽകിയിട്ടുണ്ട്.

ലൈറ്റ് സംവിധാനവും പൂർണ്ണമായും ആധുനിക രീതിയിൽ തന്നെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുന്നിൽ എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പ് നൽകിയിട്ടുണ്ട്. പിന്നിലെ എൽഇഡി ടെയിൽലൈറ്റ്, ടേൺ സിഗ്നലുകൾ എന്നിവ ബൈക്കിന്റെ രൂപത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മാത്രവുമല്ല ഇത് രാത്രി സവാരികളിലും ഹൈവേ ക്രൂസിംഗിലും മികച്ച ദൃശ്യതയും സ്റ്റൈലും വർദ്ധിപ്പിക്കാൻ സഹായിക്കും. മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുന്നതിനായി 321സിസി, ഇൻലൈൻ ട്വിൻ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്.
ഈ എഞ്ചിൻ 10,750 ആർപിഎമ്മിൽ 40.4 bhp പവറും 9,000 ആർപിഎമ്മിൽ 29.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല എഞ്ചിനോട് ചേർന്ന് സ്മൂത്ത്-ഷിഫ്റ്റിംഗ് 6-സ്പീഡ് ഗിയർബോക്സും യമഹയുടെ അഡ്വാൻസ്ഡ് അസിസ്റ്റ്-സ്ലിപ്പർ ക്ലച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്ലച്ച് സിസ്റ്റം ഗിയർ ഷിഫ്റ്റിംഗ് കൂടുതൽ ലളിതമാക്കുകയും റിയർ വീൽ ലോക്കാകുന്നത് തടയുകയും ചെയ്യും. കൂടാതെ ബൈക്കിൻ്റെ മുന്നിൽ ഗോൾഡൻ യുഎസ്ഡി ഫോർക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.

മാത്രവുമല്ല പിന്നിൽ മോണോഷോക്ക് അബ്സോർബർ നൽകിയിരിക്കുന്നു. ഇത് പെട്ടെന്നുളള ഗട്ടറുകളിലോ വളവുകളിലോ ബൈക്കിന് കൂടുതൽ ബാലൻസ് ഉറപ്പുവരുത്തുന്നതാണ്. ബ്രേക്കിംഗിനായി R3-ൽ 298mm ഫ്രണ്ട് ഫ്ലോട്ടിംഗ് ഡിസ്കും 220mm റിയർ ഡിസ്കും നൽകിയിട്ടുണ്ട്. കൂടാതെ ഡ്യുവൽ-ചാനൽ എബിഎസ് ലഭ്യമാക്കിയിട്ടുള്ളതിനാൽ അടിയന്തര ബ്രേക്കിംഗിലും നനവുള്ള റോഡുകളിലും കൂടുതൽ സുരക്ഷയും നിയന്ത്രണവും ലഭിക്കുന്നതാണ്.
ഫോണുകൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-എ ചാർജിംഗ് സോക്കറ്റ് ലഭ്യമാണ്. കൂടാതെ യമഹയുടെ സ്വന്തം വൈ-കണക്റ്റ് ആപ്പ് സപ്പോർട്ടും ഇതിൽ ലഭിക്കും. ഇത് സ്മാർട്ട്‌ഫോണുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകാൻ സാഹായിക്കുന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ഇപ്പോൾ R3-യുടെ 2026 പതിപ്പ് രാജ്യത്ത് എത്തിച്ചിട്ടില്ല. നിലവിൽ വിൽക്കുന്ന 2025 മോഡലിന്റെ എക്സ്ഷോറൂം വില 3.39 ലക്ഷം രൂപയാണ്. പുതുക്കിയ മോഡൽ അടുത്ത വർഷം മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനും കഴിയുന്നതല്ല.


Click it and Unblock the Notifications








