വില കുറവാണെങ്കിലും ആള് ചില്ലറക്കാരനല്ല കേട്ടോ; ടിവിഎസ് ഓർബിറ്റർ ഇവിയാണിപ്പോൾ വിപണിയിലെ താരം
ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ബ്രാൻഡുകളിൽ ഒന്നാണ് ടിവിഎസ് മോട്ടോർ കമ്പനി (TVS Motor Company). രാജ്യത്തെ വലിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും വരെ ശക്തമായ സർവീസ് നെറ്റ്‌വർക്കുകൾ ഉണ്ട് എന്നതാണ് മറ്റു ബ്രാൻഡുകളിൽ നിന്നും ഇവരെ വ്യത്യസ്ഥരാക്കുന്നത്. അപ്പാച്ചെ, ജുപ്പിറ്റർ എന്നിവയെല്ലാം ഇതിനോടകം തന്നെ ജനഹ്യദയത്തിൽ ഒരു പ്രത്യേകയിടം പിടിച്ചുപറ്റിയ മോഡലുകളാണ്. ഈ കൂട്ടത്തിൽ ഇലക്ട്രിക് വിപണിയിലേക്ക് നടത്തിയ ഒരു പുതിയ ചുവടുവയ്പ്പായിരുന്നു ടിവിഎസ് ഓർബിറ്റർ ഇവിയുടേത്. ഇന്ന് ദൈനംദിന യാത്രക്കാരുടെ ഉറ്റ സുഹൃത്തായി മാറിയിരിക്കുകയാണ് ഈ സ്കൂട്ടർ.
ഓർബിറ്റർ ആളുകളെ ആകർഷിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിൻ്റെ വില തന്നെയായിരിക്കും. 99,900 രൂപ എക്സ്ഷോറൂം വിലയിലാണ് സ്കൂട്ടർ ലഭ്യമാകുന്നത്. എന്നാൽ കുറഞ്ഞ വിലക്കൊപ്പം നൽകുന്ന ഫീച്ചറുകളും കുറവായിരിക്കും എന്ന് കരുതുകയേ വേണ്ട. ഇവി സെഗ്മെൻ്റിലെ ഒരു വലിയ എതിരാളിയായി മാറിയിട്ടുണ്ടെങ്കിൽ ആള് ചില്ലറക്കാരനായിരിക്കില്ലല്ലോ. മറ്റ് ICE സ്കൂട്ടറുകൾ നൽകുന്നതിനെക്കാൾ മികച്ച മൂല്യം ഓർബിറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്.

2.5 kW BLDC മോട്ടോറും 3.1kWh ബാറ്ററിയിലുമാണ് ഇവൻ്റെ ഹ്യദയമിടിക്കുന്നത്. ഇത് പരമാവധി 158 കിലോമീറ്റർ ദൂരം വരെ സഞ്ചിരിക്കാൻ പ്രാപ്തിയുള്ളതാണ്. ഏകദേശം 4 മണിക്കൂർ 10 മിനിറ്റ് വേണം 0 മുതൽ 80 ശതമാനം വരെ ചാർജിൽ എത്താൻ. കുറഞ്ഞ വിലയിലുള്ള സ്കൂട്ടറുകളിൽ വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിലുള്ള ഉയർന്ന ശേഷിയുള്ള ബാറ്ററി കാണാറുള്ളത്.
അതിനാൽ വിലകഴിഞ്ഞാൽ ആളുകളെ ആകർഷിക്കുന്ന മറ്റൊരു കാര്യം ഈ പവർട്രെയിൽ സവിശേഷത തന്നെയായിരിക്കും. സ്കൂട്ടറിൻ്റെ മുന്നിൽ നൽകിയിരിക്കുന്ന ആധുനിക എൽഇഡി ഹെഡ്‌ലാമ്പ്, സ്റ്റൈലിഷായ ഡിആർഎൽ എന്നിവ ആദ്യ നോട്ടത്തിൽ വീഴിത്തുന്ന രൂപകൽപ്പനയാണ്. സൈഡിൽ നൽകിയിരിക്കുന്ന സിംഗിൾ പീസ് പാനൽ മറ്റൊരു പ്രത്യേകതയാണ്. ഇത് സ്കൂട്ടറിന് മെലിഞ്ഞതും നീളമുള്ളതുമായ രൂപം നൽകാൻ സഹായിക്കുന്നുണ്ട്.

പിന്നിലേക്ക് വന്നാൽ സ്ലീക്ക് എൽഇഡി ടെയിൽലാംമ്പ് ഡിസൈൻ വളരെ മോഡേൺ ആയി തോന്നിപ്പിക്കുന്നുണ്ട്. മാത്രവുമല്ല മണിക്കൂറുകൾ നീളുന്ന യാത്രകളിലാണെങ്കിലും തിരക്കുള്ള സിറ്റി റോഡുകളിലാണെങ്കിലും ഒരുപോലെ സുഖകരമായ ഡ്രൈവിംഗ് അനുഭവം നൽകാൻ ഓർബിറ്ററിന് സാധിക്കുന്നുണ്ട്. ചെറിയ ഉപകരണങ്ങൾ വെക്കാൻ സഹജമായ ഗ്ലൗബോക്‌സ്, വിശാലമായ 34 ലിറ്റർ സംഭരണശേഷി, നീളവും വീതിയുമുള്ള സീറ്റിംങ്, ഹാൻഡിൽബാറുകൾ എന്നിവ ഒരുപോലെ സൗകര്യപ്രദമായി തോന്നുന്ന സവശേഷതകളാണ്.
സാങ്കേതികവിദ്യകൾ നോക്കുകയാണെങ്കിൽ ഇത് സാധാരണ സ്കൂട്ടർ എന്നതിലുപരി യാത്രക്കാരന്റെ ഓരോ ആവശ്യവും മുൻകൂട്ടി മനസിലാക്കുന്ന ഒരു പൂർണ്ണ സ്മാർട്ട് ഇവി എന്നുതന്നെ വേണം പറയാൻ. ദീർഘദൂര യാത്രകളിൽ വേഗത്തോടും സുഖത്തോടും കൂടി സഞ്ചരിക്കാൻ സഹായിക്കുന്ന ക്രൂയിസ് കൺട്രോൾ തന്നെ ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. മാത്രവുമല്ല ഹിൽ ഹോൾഡ് അസിസ്റ്റും റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രകൾ കൂടുതൽ സുരക്ഷിതമായി തോന്നും.
യാത്രക്കിടെ മൊബൈൽ ചാർജ് ചെയ്യേണ്ട സാഹചര്യം വന്നാൽ സഹായകരമായ യുഎസ്ബി ചാർജിംഗ് പോർട്ട് ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റീൽ ട്യൂബ് ചേസിസ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ സ്കൂട്ടർ നല്ല ശക്തിയും ദീർഘകാല സ്ഥിരതയും നൽകുന്നു. ആഘാതം കുറയ്ക്കുന്നതിനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബുകളും ചേർത്തിട്ടുണ്ട്. ഈ സസ്പെൻഷൻ സംവിധാനം ഒരേസമയം സുഖകരമായ യാത്രയും സ്ഥിരതയും നൽകുന്നതിനായി പ്രത്യേകം ട്യൂൺ ചെയ്തതാണ്.
ബ്രേക്കിംഗ് സംവിധാനത്തിൽ ലളിതമായതും സുരക്ഷിതവുമായ ഒരു ക്രമീകരണം നൽകിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ഡ്രം ബ്രേക്കുകൾ, കൂടാതെ സ്കൂട്ടർ നിയന്ത്രണത്തിൽ നിൽക്കാൻ സഹായിക്കുന്ന എസ്‌ബിഎസ് ബ്രേക്ക് ബാലൻസ് സിസ്റ്റം എന്നിവയോടെപ്പം മുന്നിൽ 14 ഇഞ്ച് അലോയ് വീലുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇത്രയും സവിശേഷതകൾ സമ്മാനിക്കുന്ന ഒരു ഇലക്ട്രിക് ഇവി സ്കൂട്ടർ കുറഞ്ഞവിലയിൽ വിപണിയിൽ ലഭ്യമാവുക എന്ന് പറയുന്നത് തന്നെ സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്.


Click it and Unblock the Notifications








