ഹിമാലയൻ മുതൽ ഇലക്ട്രിക് വരെ! 7 പുതിയ മോഡലുകളുമായി റോയൽ എൻഫീൽഡിൻ്റെ പുതിയ യാത്ര
പഴക്കം ഏറുംതോറും വീര്യം കൂടുന്ന ഇന്ത്യയിലെ ഒരേയൊരു ഐക്കണിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് റോയൽ എൻഫീൽഡ് (Royal Enfield). ബുള്ളറ്റ്, ക്ലാസിക്, ഹിമാലയൻ തുടങ്ങിയ ഈടുനിൽക്കുന്നതും സ്റ്റൈലിഷുമായ ബൈക്കുകൾ സമ്മാനിച്ചുക്കൊണ്ട് യുവാക്കളുടെ ഹൃദയം കവർന്നവരാണിവർ. ഇവരിൽ മാത്രം ഒതുക്കാൻ കമ്പനി തയാറാവുന്നില്ലെന്നതാണ്രസകരമായ കാര്യം. വരാനിരിക്കുന്ന പുത്തൻ ബൈക്കുകളുടെ വലിയ നിരയെക്കുറിച്ചുള്ള സൂചനകളും ബ്രാൻഡ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒരു ഇലക്ട്രിക് അഡ്വഞ്ചർ ബൈക്ക് ഉൾപ്പെടെ ഏഴ് പുതിയ മോഡലുകളാണ് അവതരണത്തിനായി തയാറെടുക്കുന്നത്. അത് ഏതെല്ലാമെന്ന് ഒന്ന് വേഗത്തിൽ നോക്കിയാലോ?
ഹിമാലയൻ 750: ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ 750. ബ്രാൻഡിന്റെ 650 സിസി പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ 750 സിസി പാരലൽ-ട്വിൻ എഞ്ചിനായിരിക്കും ഇതിൽ ഉണ്ടാവുക. ഇത് 60 bhp കരുത്തും 60 Nm പീക്ക് ടോർക്കും വികസിപ്പിക്കാൻ യോഗ്യമായിരിക്കും. കൂടാതെ USD ഫോർക്കുകൾ, മോണോ-ഷോക്ക് സസ്‌പെൻഷൻ, 19/17-ഇഞ്ച് സ്‌പോക്ക് വീലുകളും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

കോണ്ടിനെന്റൽ ജിടി 750: ക്ലാസിക് GT 650-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന കോണ്ടിനെന്റൽ GT 750 ഒരു പുതിയ കഫേ റേസറായിരിക്കും. ഹിമാലയൻ 750 പോലെതന്നെ 750 സിസി ട്വിൻ-സിലിണ്ടർ എഞ്ചിൻ ഇതിലും ഉണ്ടായിരിക്കും. ഇത് പരമാവധി 55 bhp കരുത്തും 60 Nm ടോർക്കും ഉത്പാദിപ്പിക്കും. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ-സെറ്റ് ഫുട്പെഗുകൾ, സ്ലീക്ക് ഫ്യുവൽ ടാങ്ക് എന്നിവയുള്ള ഒരു സ്പോർട്ടിയർ ഡിസൈൻ ബൈക്കിൽ ഉണ്ടാകുന്നതായിരിക്കും.
ബുള്ളറ്റ് 650: അടുത്ത വർഷം നിരത്തിലിറങ്ങാൻ പോകുന്ന ബുള്ളറ്റ് 650 കാനൺ ബ്ലാക്ക്, ബാറ്റിൽഷിപ്പ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലായായിരിക്കും ലഭ്യമാകുന്നത്. ഇതിൽ 46.4 bhp കരുത്തും 52.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 648 സിസി പാരലൽ-ട്വിൻ എഞ്ചിനാവും ഇടംപിടിക്കുക. ഇത് 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കപ്പെടും. ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, പിൻസ്ട്രൈപ്പുകൾ, ടൈഗർ-ഐ ലാമ്പുകൾ എന്നിവക്കൊപ്പം മെച്ചപ്പെടുത്തിയ എൽഇഡി ലൈറ്റുകളും ഡിജിറ്റൽ-അനലോഗ് കൺസോളും ബുള്ളറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഫ്ലയിംഗ് ഫ്ലീ C6: ഇലക്ട്രിക് മോട്ടോർസൈക്കിൾ ലോകത്തേക്കുള്ള റോയൽ എൻഫീൽഡിന്റെ ആദ്യ ചുവടുവയ്പ്പാണ് ഫ്ലയിംഗ് ഫ്ലീ C6. 300 സിസി ICE മോട്ടോർസൈക്കിളിന് തുല്യമായ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു റെട്രോ-മിനിമലിസ്റ്റ് ഡിസൈനിനോടൊപ്പം ഡ്യുവൽ-ചാനൽ ABS, ട്രാക്ഷൻ കൺട്രോൾ, ലീൻ-സെൻസിറ്റീവ് ബ്രേക്കിംഗ് എന്നിവയും ബൈക്ക് വാഗ്ദാനം ചെയ്തേക്കും.
ഫ്ലയിംഗ് ഫ്ലീ FF.S6: സിറ്റി യാത്രകൾക്കും ലൈറ്റ് ഓഫ്-റോഡ് സാഹസികതകൾക്കുമായി രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രിക് സ്ക്രാംബ്ലറാണ് FF.S6. ഫ്ലയിംഗ് ഫ്ലീ C6 ഇവിക്ക് ശേഷമായിരിക്കും ഈ മോഡൽ ലോഞ്ച് ചെയ്യുത്. TFT ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, ഓഫ്-റോഡ് മോഡുകൾക്കൊപ്പം സ്വിച്ചബിൾ എബിഎസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ബൈക്കിൽ ഇടംപിടിച്ചേക്കും.

ഹിമാലയൻ ഇലക്ട്രിക്: 2026-ൽ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് ഇവി അഡ്വഞ്ചർ വിഭാഗത്തിലേക്കുള്ള റോയൽ എൻഫീൽഡിന്റെ വരവിനെ അടയാളപ്പെടുത്തും. ബൈക്കിൽ ലോംഗ്-ട്രാവൽ സസ്‌പെൻഷൻ, ഇലക്ട്രിക് പെർഫോമൻസിന് അനുയോജ്യമായ പുനർരൂപകൽപ്പന ചെയ്ത അലുമിനിയം ഫ്രെയിം എന്നിവ ഉൾപ്പെടുത്തും. കൂടാതെ ശക്തമായ 14 kWh ബാറ്ററി പായ്ക്കും ഏകദേശം 100 bhp ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹിമാലയൻ മാന ബ്ലാക്ക് എഡിഷൻ: റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ കൂടുതൽ സ്റ്റൈലിഷായ വേരിയന്റായിരിക്കും ഹിമാലയൻ മാന ബ്ലാക്ക് എഡിഷൻ. ഇറ്റലിയിലെ മിലാനിൽ നടന്ന ഇരുചക്ര വാഹന മാമാങ്കമായ 2025 EICMA ഷോയിൽ ബ്രാൻഡ് അഡ്വഞ്ചർ ബൈക്കിന്റെ പുതുമോഡലിനെ പ്രദർശിപ്പിച്ചിരുന്നു. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ലെന്നാണ് വിവരം.


Click it and Unblock the Notifications








