150KM ഓടാന്‍ ചായയുടെ പൈസ പോലും ചെലവില്ല! പുതിയ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ വിലയറിഞ്ഞാല്‍ ഇപ്പോള്‍ വാങ്ങും
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് (Electric Two-Wheelers) ഡിമാന്‍ഡ് കൂടി വരുന്ന സാഹചര്യത്തില്‍ പരമ്പരാഗത ബൈക്ക് ബ്രാന്‍ഡുകളും സ്റ്റാര്‍ട്ടപ്പ് കമ്പനികളും മത്സരിച്ച് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കുക എന്ന ദര്‍ശനത്തോടെ 2021-ല്‍ സ്ഥാപിതമായ പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് സീലിയോ ഇ മൊബിലിറ്റി (ZELIO E Mobility). വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ലഭ്യമായ ഈടുറ്റതും സ്‌റ്റൈലിഷുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി കമ്പനി ഇതിനോടകം ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മനംകവര്‍ന്നിട്ടുണ്ട്.
മികച്ച റേഞ്ചിനൊപ്പം നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന സീലിയോയുടെ ലെജന്‍ഡര്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാപകമായി പ്രശംസ നേടിയിരുന്നു. ഈ സ്‌കൂട്ടറിന്റെ അപ്‌ഡേറ്റഡ് പതിപ്പ് 2025 ജൂലൈയില്‍ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സീലിയോ ലെജന്‍ഡര്‍ ഫെയ്‌സ്‌ലിഫ്റ്റ് കുറച്ച് ദിവസം നേരത്തെ വിപണിയില്‍ എത്തിയിരിക്കുകയാണ്. പുത്തന്‍ സ്‌കൂട്ടറിന്റെ വിലയും റേഞ്ചും മറ്റ് സവിശേഷതകളുമെല്ലാം ചുവടെ വിശദമായി വായിക്കാം.

സീലിയോ ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റ് ആകെ 3 വേരിയന്റുകളില്‍ ലഭ്യമാണ്. ഇതില്‍ ഒന്ന് 32AH ജെല്‍ ബാറ്ററി വേരിയന്റാണ്. ഇതിന്റെ വില 65,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപുറമെ, 60V/30A ലിഥിയം-അയണ്‍ ബാറ്ററി വേരിയന്റും വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇതിന്റെ വില 75,000 രൂപയാണ്. മൂന്നാമത്തെയും അവസാനത്തെയും 74V/32A ലിഥിയം-അയണ്‍ ബാറ്ററി വേരിയന്റിന് 79,000 രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
സീലിയോ ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യം വരികയുള്ളൂ എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് സീലിയോ അവകാശപ്പെടുന്നു. ഇത് വളരെ നല്ലൊരു റൈഡിംഗ് റേഞ്ച് ആയി കണക്കാക്കാം.
ലെജന്‍ഡറിന്റെ ലിഥിയം അയണ്‍ മോഡലുകള്‍ ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ മതി. അതേസമയം ജെല്‍ ബാറ്ററി മോഡലിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജാകാന്‍ എട്ട് മണിക്കൂര്‍ വേണം. റേഞ്ച് മാത്രമല്ല മുകളില്‍ സൂചിപ്പിച്ച പോലെ സീലിയോ ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണ്. കേരളത്തില്‍ ഇപ്പോള്‍ 0-40 യൂണിറ്റ് കറണ്ട് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് ചാര്‍ജ്.
ഇത് വിവിധ സ്ലാബുകളായി നിശ്ചയിച്ചതിനാല്‍ നിരക്കില്‍ മാറ്റമുണ്ടാകും. 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 8.80 രൂപയോളമാണ് ചാര്‍ജ്. അങ്ങിനെ വന്നാലും സീലിയോ ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 13.2 രൂപ മാത്രമേ ചെലവാകൂ. അതായത് ഇപ്പോള്‍ നമ്മള്‍ ഒരു ചായ കുടിക്കുന്ന പൈസക്ക് വണ്ടി ഫുള്‍ ചാര്‍ജ് ചെയ്യാം.

98 കിലോഗ്രാം ഭാരമുള്ള ഇവിക്ക് 150 കിലോഗ്രാം ലോഡ് ശേഷിയുണ്ട്. ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റ് റസ്റ്റി ഓറഞ്ച്, ഗ്ലോസി ഗ്രീന്‍, ഗ്ലോസി ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ട്. 12 ഇഞ്ച് അലോയ് വീലുകളിലാണ് ഇവി സ്‌കൂട്ടര്‍ ഓടുക. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, കീലെസ് എന്‍ട്രി, സെല്‍ ഫോണ്‍ ചാര്‍ജര്‍, പാര്‍ക്ക് അസിസ്റ്റ്, ഫോളോ മി ഹോം ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.
വാഹനത്തിന് 2 വര്‍ഷത്തെയും എല്ലാ ബാറ്ററി വേരിയന്റുകള്‍ക്കും 1 വര്‍ഷത്തെയും സമഗ്ര വാറണ്ടിയും സീലിയോ വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് ആഘോഷിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്ക് സൗജന്യ സേഫ്റ്റി ഹെല്‍മെറ്റും കമ്പനി നല്‍കുന്നു. പെട്രോളിന്റെ ഉയര്‍ന്ന വില കാരണം ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ ആലോചിക്കുന്ന ഉപഭോക്താക്കള്‍ക്ക് സീലിയോ ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റ് ഒരു നല്ല ഓപ്ഷനാണ്. കുറഞ്ഞ വിലയും വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത.


Click it and Unblock the Notifications








