120KM ഓടാന്‍ 1.5 യൂണിറ്റ് കറണ്ട് മതി! സ്വന്തം കറക്കത്തിനൊപ്പം ഡെലിവറി ഓടി പൈസയുണ്ടാക്കാന്‍ പറ്റിയ സ്‌കൂട്ടര്‍
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നായ സീലിയോ ഇ മൊബിലിറ്റി (ZELIO E) അവരുടെ പുതിയ ലോ-സ്പീഡ് കാര്‍ഗോ ഇലക്ട്രിക് സ്‌കൂട്ടറായ ലോജിക്‌സിന്റെ (Logix) പരിഷ്‌കരിച്ച മോഡല്‍ 2025 ജൂലൈയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ചെറിയ വ്യാപാരികള്‍, ഡെലിവറി ബോയ്‌സ്, ചെറുകിട ബിസിനസുകാര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള പുതിയ ലോജിക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് മികച്ച പ്രകടനം, കൂടുതല്‍ റേഞ്ച് എന്നിവയിലൂടെ ഇന്ത്യയിലെ അര്‍ബന്‍, സെമി അര്‍ബന്‍ വിപണികളിലെ ലാസ്റ്റ് മൈല്‍ ഡെലിവറി സേവന വിഭാഗത്തിലെ മികച്ച ചോയ്‌സായി മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടിറിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
പുതിയ സീലിയോ ലോജിക്‌സ് ഇവി സ്‌കൂട്ടറിന് പുത്തന്‍ ഡിസൈനിലുള്ള ഫ്രണ്ട് ഗ്രില്‍ ലഭിക്കുന്നു. ഇത് സ്‌കൂട്ടറിന് കരുത്തുറ്റതും ആകര്‍ഷകവുമായ രൂപം നല്‍കുന്നു. ഗ്രേ, ഗ്രീന്‍ നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭ്യമാകും. കാര്യക്ഷമമായ 60/72V BLDC മോട്ടോറാണ് ഇവിയുടെ ശക്തി. പരമാവധി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ പായുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീര്‍ വരെ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

നിലവില്‍ വിപണിയിലുള്ള പഴയ ലോജിക്‌സ് മോഡല്‍ ഒരൊറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ വരെ റേഞ്ച് മാത്രമാണ് നല്‍കുന്നതെന്ന് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. മറ്റൊരു ആകര്‍ഷകമായ വസ്തുത എന്തെന്നാല്‍ ഈ സ്‌കൂട്ടറിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 1.5 യൂണിറ്റ് വൈദ്യുതി മാത്രം മതി. 150 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഈ സ്‌കൂട്ടര്‍ വലിയ അളവിലുള്ള ഡെലിവറി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായ ഓപ്ഷനാണ്.
'ഇന്ത്യയിലെ ഡെലിവറി, ലോജിസ്റ്റിക്‌സ് ശൃംഖലയെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമമാണ് ലോജിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍. മെച്ചപ്പെട്ട റേഞ്ച്, കരുത്തുറ്റ ഡിസൈന്‍, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവയുള്ള ഈ സ്‌കൂട്ടര്‍ അവരുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിര്‍മ്മിച്ചതാണ്. ലോജിക്‌സിനെ ഞങ്ങള്‍ ഒരു വാഹനം എന്നതിലുപരി, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കഠിനാധ്വാനികളായ പ്രൊഫഷണലുകള്‍ക്ക് പുരോഗതി നല്‍കുന്നതിനും സഹായിക്കുന്ന വിശ്വസ്ത പങ്കാളിയായിട്ടാണ് കാണുന്നത്' സീലിയോ ഇ മൊബിലിറ്റി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കുനാല്‍ ആര്യ പറഞ്ഞു.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ സീലിയോ 2021-ലാണ് സ്ഥാപിതമായത്. ആകര്‍ഷകമായ നിറങ്ങളില്‍ കരുത്തുറ്റതും സൗകര്യപ്രദവുമായ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി പുറത്തിറക്കുന്നത്. മികച്ച മൈലേജും കൂടുതല്‍ ഫീച്ചറുകളും ഇതിന്റെ പ്രത്യേകതയാണ്. വിപണിയില്‍ പ്രവേശിച്ച അന്ന് മുതല്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധേയമായ ശക്തിയായി വളര്‍ന്നിരിക്കുകയാണ് സീലിയോ ഇ-മൊബിലിറ്റി.
ഇതിനോടകം രണ്ട് ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുള്ള കമ്പനിക്ക് രാജ്യത്താകമാനം 400-ല്‍ അധികം ഡീലര്‍ഷിപ്പുകളുണ്ട്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്താനാണ് സീലിയോ ലക്ഷ്യമിടുന്നത്. വിശ്വസിനീയമായ ഉപഭോക്തൃ സേവനത്തിലൂടെ പരിപാലിക്കാന്‍ എളുപ്പമുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ നല്‍കാന്‍ സീലിയോ ഇ-മൊബിലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പറയുന്നു.
മെച്ചപ്പെട്ട റേഞ്ചും പുതിയ ഫീച്ചറുകളുമായി എത്തുന്ന സീലിയോ ലോജിക്‌സ് ഡെലിവറി രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ഡെലിവറി സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഡെലിവറി ജോലികള്‍ക്ക് ഇപ്പോഴും പെട്രോള്‍ ടൂവീലറുകള്‍ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ പുത്തന്‍ മോഡല്‍ വരാന്‍ പോകുന്ന വിവരം അവരെ അറിയിക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








