ഇനി രാത്രി പകലാക്കും ഇവന്‍! കാലികമായ മാറ്റങ്ങളോടെ 2026 ബജാജ് പൾസർ 220F വിപണിയില്‍
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇന്നും വില്‍പ്പനക്കെത്തുന്ന ഐക്കണിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍ 220F (Bajaj Pulsar 220F). ഇടക്കാലത്ത് നിര്‍ത്തലാക്കി പിന്നീട് ഇരുചക്രവാഹന പ്രേമികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച്തിരികെയെത്തിച്ച് മോട്ടോര്‍സൈക്കിളിന്റെ പുതിയ 2026 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ. യുവാക്കളുടെ പ്രിയപ്പെട്ട ഈ ലെജന്‍ഡറി ബൈക്കിനെ കൂടുതല്‍ ജനപ്രിയമാക്കാന്‍ തക്കവണ്ണമുള്ള മാറ്റങ്ങളോടെയാണ് ബജാജ് ഓട്ടോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.36 ലക്ഷം രൂപ മുതലാണ് രാജ്യത്തെ പള്‍സര്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന 2026 മോഡലിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.
ഐതിഹാസിക ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്താതെ സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണന നല്‍കുന്ന അപ്‌ഡേറ്റുകളാണ് കമ്പനി ബൈക്കില്‍ നടപ്പാക്കിയിരിക്കുന്നത്. കൂടുതല്‍ വെളിച്ചം നല്‍കുന്ന അത്യാധുനിക എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റും ആകര്‍ഷകമായ എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുമാണ് 2026 പള്‍സര്‍ 220F മോഡലിലെ സുപ്രധാന കൂട്ടിച്ചേര്‍ക്കല്‍. രാത്രികാലങ്ങളിലെ ദീര്‍ഘദൂര ഹൈവേ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഈ പുതിയ ലൈറ്റിംഗ് സജ്ജീകരണം റൈഡര്‍മാരെ സഹായിക്കും.

മുമ്പ് വിപണിയിലുണ്ടായിരുന്ന മോഡലുകളില്‍ ലോ ബീമിനായി പ്രൊജക്ടറും ഹൈ ബീമിനായി മള്‍ട്ടി-റിഫ്‌ലക്ടര്‍ യൂണിറ്റുമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പുതിയ 2026 മോഡലില്‍ ലോ, ഹൈ ബീമുകള്‍ ഒന്നിച്ച് ക്രമീകരിച്ചിരിക്കുന്ന സിംഗിള്‍ എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റാണ് ബജാജ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലൈറ്റിംഗ് സംവിധാനത്തിലെ ഈ സുപ്രധാനം മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍, മോട്ടോര്‍സൈക്കിളിന്റെ ഡിസൈനിലോ മെക്കാനിക്കല്‍ ഘടനയിലോ ബജാജ് യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
വിശ്വസിനീയമായ 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ DTS-i എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 20.1 bhp പവറും 7,000 ആര്‍പിഎമ്മില്‍ 18.55 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ഈ കരുത്തുറ്റ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സിറ്റി, ഹൈവേ റൈഡുകളില്‍ സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗും മികച്ച ഡ്രൈവിംഗ് കണ്‍ട്രോളും നല്‍കാന്‍ ഇത് റൈഡര്‍മാരെ സഹായിക്കും.
വാഹനത്തിന്റെ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ നൈട്രോക്സ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇരു വീലുകളിലും നല്‍കിയിട്ടുള്ള ഡിസ്‌ക് ബ്രേക്കുകള്‍ ഉയര്‍ന്ന വേഗതയിലും ബൈക്ക് സുരക്ഷിതമായി നിയന്ത്രിക്കാന്‍ റൈഡറെ സഹായിക്കും. അത്യാധുനിക ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണത്തിന് പുറമെ പുത്തന്‍ ടെക് ഫീച്ചറുകളാല്‍ സമ്പന്നമാണ് പുത്തന്‍ പള്‍സര്‍ 220F.
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ എല്‍സിഡി (LCD) ഡിസ്പ്ലേയും ഈ പതിപ്പില്‍ ബജാജ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ (Turn-by-turn navigation) സംവിധാനവും കോള്‍/എസ്എംഎസ് അലേര്‍ട്ടുകളും ഈ ആധുനിക ഡിസ്പ്ലേയിലൂടെ റൈഡര്‍മാര്‍ക്ക് ലഭ്യമാകും. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ദൈനംദിന യാത്രകളില്‍ വളരെ ഉപകാരപ്പെടുന്ന സ്മാര്‍ട്ട് ഫീച്ചറുകളാണിവ.

പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ് ക്ലസ്റ്റര്‍ വന്നതോടെ ബൈക്കിന് പുതുമയും പ്രീമിയം ലുക്കും കൈവന്നിരിക്കുകയാണ്. പുതിയ മോഡലുകളുടെ കടന്നുവരവിനിടയിലും ഈ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും വലിയ ആരാധകവൃന്ദമുണ്ട്. ഓരോ മാസവും മികച്ച വില്‍പ്പന നേടുന്നതുകൊണ്ടാണ് കമ്പനി പഴയ മോഡലിന്റെ ഉത്പാദനം നിര്‍ത്താതെ കൂടുതല്‍ മാറ്റങ്ങളോടെ വിപണിയില്‍ നിലനിര്‍ത്തുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച പെര്‍ഫോമന്‍സും മാന്യമായ മൈലേജും ആഗ്രഹിക്കുന്ന ബജറ്റ് ബൈക്ക് ഉപഭോക്താക്കള്‍ക്ക് ഈ 2026 മോഡല്‍ മികച്ച ചോയ്‌സ് ആയിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications