15 മിനിറ്റ് കുത്തിയിട്ടാൽ 50 KM ഓടാം..! അതിവേഗം ചാർജ് ചെയ്യാവുന്ന 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകൾ
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ വിലയുള്ളത് സ്വര്‍ണത്തിനാണെന്ന് വേണമെങ്കില്‍ പറയാം. സ്വര്‍ണത്തേക്കാള്‍ മൂല്യമുള്ള ഒന്നാണ് സമയം. പലരും സമയത്തിന്റെ വില വൈകിയാണ് മനസിലാക്കുന്നതെന്ന് മാത്രം. ഒരു ഇലക്ട്രിക് വാഹനം വാങ്ങാന്‍ ഒരുങ്ങുന്ന ഒരാള്‍ക്ക് എന്തായാലും സമയത്തിന്റെ വിലയെ കുറിച്ച് നല്ല ബോധ്യമുണ്ടാകും. ഇന്ന് ഒരാള്‍ ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ റേഞ്ച് പോലെ തന്നെ പരിഗണിക്കുന്ന ഒന്നാണ് ചാര്‍ജിംഗ് സമയം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്തൃ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായി 'ഫാസ്റ്റ് ചാര്‍ജിംഗ്' മാറിക്കഴിഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് യാത്ര തുടരാന്‍ സഹായിക്കുന്ന സ്‌കൂട്ടറുകള്‍ക്കാണ് നിലവില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ബജറ്റ് ഫ്രണ്ട്‌ലി മോഡലുകളില്‍ വരെ ഇന്ന് ഈ സൗകര്യം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ നമ്മുടെ രാജ്യത്ത് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഫാസ്റ്റ് ചാര്‍ജിംഗ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഏഥര്‍ 450 സീരീസ്
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജിയുടെ 450S, 450X മോഡലുകള്‍ ഫാസ്റ്റ് ചാര്‍ജിംഗിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. ഏഥര്‍ ഗ്രിഡ് ശൃംഖല വഴി ഇവ അതിവേഗം ചാര്‍ജ് ചെയ്യാം. 2.9 kWh ബാറ്ററി 3 മണിക്കൂറിലും 3.7 kWh ബാറ്ററി 4.5 മണിക്കൂറിലും 80 ശതമാനം ചാര്‍ജ് ചെയ്യാനാകും.
ഏഥര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 10 മിനിറ്റുകൊണ്ട് 15 കി.മീ റേഞ്ച് ലഭിക്കും. നിലവില്‍ 1.19 ലക്ഷം രൂപ മുതലാണ് ഏഭര്‍ 450 സീരീസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില വരുന്നത്. ഇവികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനി 8 വര്‍ഷത്തെ വാറണ്ടിയും നല്‍കുന്നുണ്ട്.
ഓല S1 പ്രോ പ്ലസ്
ഓല ഇലക്ട്രിക്കിന്റെ ഏറ്റവും പുതിയ S1 പ്രോ പ്ലസ് കമ്പനിയുടെ ഹൈപ്പര്‍ചാര്‍ജര്‍ ശൃംഖല വഴി വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. 5.2 kWh, 4 kWh ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ ഈ സ്‌കൂട്ടറിന്റെ വില 1.20 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയില്‍ നിലവില്‍ ഇന്ത്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മോഡലുകളില്‍ ഒന്നാണ് ഓല S1 പ്രോ പ്ലസ്.
ബജാജ് ചേതക് C25
ബജാജ് ഏറ്റവും പുതുതായി പുറത്തിറക്കിയ ബജറ്റ് ഫ്രണ്ട്‌ലി സ്‌കൂട്ടറാണ് ചേതക് C2501. വില കുറവാണെങ്കിലും ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുന്ന മോഡലിലെ 2.5 kWh ബാറ്ററി ഏകദേശം 2 മണിക്കൂര്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഇവിയുടെ ക്ലെയിംഡ് റേഞ്ച് 113 കിലോമീറ്ററാണ്. അതേസമയം ഒറ്റചാര്‍ജില്‍ 151 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ചേതക്കിന്റെ പ്രീമിയം വേരിയന്റുകളും വിപണിയില്‍ ലഭ്യമാണ്. വെറും 87,100 രൂപ മുതല്‍ ചേതക് C25 വാങ്ങാം.

ടിവിഎസ് ഐക്യൂബ് സീരീസ്
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഐക്യൂബ് (iQube) സീരീസാണ് നിലവില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും കൂടുതലായി വിശ്വസിച്ച് വാങ്ങുന്ന ഇവികളില്‍ ഒന്ന്. ഐക്യൂബ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ 2.2 kWh ബാറ്ററി ഏകദേശം 2 മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ഐക്യൂബ് ST പതിപ്പ് ഇപ്പോള്‍ 1500W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും നല്‍കുന്നുണ്ട്. 94,434 രൂപ മുതലാണ് ഇതിന്റെ ഷോറൂം വില.
സിമ്പിള്‍ വണ്‍
പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന സിമ്പിള്‍ വണ്‍ സ്‌കൂട്ടര്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗപ്പെടുത്തുമ്പോള്‍ വെറും 2 മണിക്കൂര്‍ 15 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജാകും. 3.7kWh, 4,5kWh, 5 kWh എന്നീ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള സിമ്പിള്‍ വണിന്റെ ക്ലെയിംഡ് റേഞ്ച് 265 കിലോമീറ്ററാണ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ സാധിക്കുന്ന സിമ്പിള്‍ വണിന്റെ വില ഏകദേശം 1.70 ലക്ഷം രൂപയാണ്.

ആധുനിക ബാറ്ററികള്‍ക്ക് പല നിര്‍മാതാക്കളും ഇപ്പോള്‍ എട്ട് വര്‍ഷം വരെ വാറണ്ടിയും നല്‍കുന്നുണ്ട്. ഔദ്യോഗിക സ്‌പെസിഫിക്കേഷന്‍സും നിര്‍മാതാക്കളുടെ അവകാശവാദവും അനുസരിച്ചുള്ള ചാര്‍ജിംഗ് സമയങ്ങളാണ് ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തെയും സാഹചര്യങ്ങള്‍ക്കും ചാര്‍ജര്‍ തരങ്ങള്‍ക്കും അനുസരിച്ച് കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പ്രദേശത്തെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ എത്രത്തോളമുണ്ടെന്ന കാര്യം കൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ചാര്‍ജിംഗ് സമയം കുറയുന്നതിന് അനുസരിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രായോഗികതയും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാങ്കേതിക വളര്‍ച്ചയോടൊപ്പം വിപണിയില്‍ മത്സരം കടുക്കുകയും കൂടി ചെയ്യുന്നതോടെ ഭാവിയില്‍ രാജ്യത്ത് മികച്ച ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വരും. വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ പരിഗണനയിലുള്ള മോഡലുകളുടെ പ്രത്യേകതകളും നിങ്ങളുടെ ആവശ്യങ്ങളും ബജറ്റും മുന്‍നിര്‍ത്തി വേണം അന്തിമ തീരുമാനത്തിലെത്താന്‍ എന്ന് കൂടി ഓര്‍മിപ്പിക്കുന്നു.


Click it and Unblock the Notifications








