80,000 മുതൽ സ്മാർട്ട് ബൈക്കുകൾ! BLUETOOTH,NAVIGATION ഉളള മികച്ച കമ്യൂട്ടർ മോട്ടോർസൈക്കിളുകൾ
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഇപ്പോൾ പ്രീമിയം മോട്ടോർസൈക്കിളുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല കേട്ടോ. ബജറ്റ് വിഭാഗത്തിലുള്ള ഡെയ്‌ലി കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ പോലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സഹായം, കോൾ അലേർട്ടുകൾ, ആപ്ലിക്കേഷൻ അധിഷ്ഠിത ഫീച്ചറുകൾ എന്നിവയുമായി എത്തുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ദൈനംദിന ഉപയോഗക്ഷമതയും നൽകുന്ന ഫീച്ചറുകളാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ വിലയിൽ ലഭ്യമായ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ചില പ്രധാന മോട്ടോർസൈക്കിളുകൾ ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുകയാണ്. പുതിയ ബൈക്ക് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് പ്രത്യേകം ഓർപ്പിക്കുകയാണേ.
കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള മോട്ടോർസൈക്കിളുകളിൽ ഏറ്റവും ചിലവ് കുറഞ്ഞ മോഡലാണ് ഹീറോ സ്പ്ലെൻഡർ എക്സ്-ടെക് 2.0. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോൾ, എസ്എംഎസ് അലേർട്ടുകൾ ലഭ്യമാക്കുന്ന ഈ 100 സിസി ബൈക്ക് ഈ വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹീറോ സ്പ്ലെൻഡർ.

97.2 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് സ്പ്ലെൻഡർ എക്സ്-ടെക് 2.0-ക്ക് കരുത്ത് പകരുന്നത്. ഇത് 7.9 bhp പവറും 8.05 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വലിയ വില മാറ്റങ്ങളില്ലാതെ, കണക്റ്റിവിറ്റി ഫീച്ചറുകൾ ചേർത്ത് ഈ മോഡലിനെ കൂടുതൽ മോഡേണാക്കിയിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒരു ഫുൾ ഡിജിറ്റൽ മീറ്റർ എന്നിവയും ഇതിനുണ്ട്.
ഇക്കോ ഇൻഡിക്കേറ്റർ, ഹസാർഡ് ലൈറ്റുകൾ, തത്സമയ മൈലേജ് ഇൻഡിക്കേറ്റർ എന്നിവയും സ്പ്ലെൻഡർ എക്സ്-ടെക് 2.0-യിലെ മറ്റ് ഫീച്ചറുകളാണ്. 73 കി.മീ/ലിറ്റർ മൈലേജാണ് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നതെന്നാണ് ഹീറോ മോട്ടോകോർപ്പ് അവകാശപ്പെടുന്നത്. ഈ മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില 80,214 രൂപയിലാണ് ആരംഭിക്കുന്നത്.

കണക്റ്റിവിറ്റി ഫീച്ചറുകളുള്ള മറ്റൊരു പ്രധാന മോട്ടോർസൈക്കിളാണ് ഹോണ്ട എസ്പി 125 ഡിഎൽഎക്സ്. ഇതിന്റെ എക്സ്-ഷോറൂം വില 95,465 ആണ്. മൈലേജ് ഇൻഡിക്കേറ്റർ, ദൂരം, മെയിന്റനൻസ് ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ മോഡ് എന്നിവയെല്ലാം ഉൾപ്പെടുന്ന ക്ലാസ്-ലീഡിംഗ് ടിഎഫ്ടി മീറ്ററുമായാണ് ഇത് വരുന്നത്.
123.94 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 10 bhp പവറും 10.9 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, ഇത് 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഹോണ്ട റോഡ്‌സിങ്ക് കണക്റ്റിവിറ്റിയാണ് ഇതിലെ പ്രധാന ആകർഷണം, ഇത് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുമായി സംയോജിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ യാത്രയിൽ ഒരു ബുദ്ധിമുട്ടും വരില്ല. വോയ്‌സ് കമാൻഡുകൾ, തത്സമയ അപ്‌ഡേറ്റുകൾ, കോളുകൾ നിയന്ത്രിക്കുക, ടേൺ-ബൈ-ടേൺ നാവിഗേഷൻ, എന്നിവയെല്ലാം ആക്‌സസ് ചെയ്യാനാകും. യാത്രകൾക്കിടയിൽ മികച്ച അനുഭവം നൽകാൻ ഈ ഫീച്ചറുകൾ സഹായിക്കുന്നു.

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള താങ്ങാനാവുന്ന വിഭാഗത്തിലെ മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ടിവിഎസ് റൈഡർ 125. 90,750 മാത്രം വിലയുള്ള ഈ ബൈക്ക് 125 സിസി വിഭാഗത്തിൽ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. എഞ്ചിൻ 11 bhp പവറും 11.75 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, ഇത് 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ടിവിഎസ് സ്മാർട്ട്എക്സികണക്റ്റ് (SmartXonnect) സംവിധാനം റൈഡറിൽ ലഭ്യമാണ്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ്, ആപ്പ് നോട്ടിഫിക്കേഷനുകൾ, കുറഞ്ഞ ഇന്ധന അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റ്, കോൾ സ്വീകരിക്കാനും നിരസിക്കാനുമുള്ള സൗകര്യം, നാവിഗേഷൻ സമയം, ദൂരം എന്നിവ പോലുള്ള നിരവധി കണക്റ്റഡ് ഫീച്ചറുകൾ ഇത് നൽകുന്നു.
ഹീറോ മോട്ടോർകോർപ്പിന്റെ എക്സ്ട്രീം 125ആർ എന്ന മോഡൽ 95,000 (എക്സ്-ഷോറൂം) വിലയിൽ കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് എത്തുന്നത്. യാത്രയ്ക്കിടയി തന്നെ കണക്റ്റിവിറ്റി നിലനിർത്തുന്നതിനായി ടേൺ-ബൈ-ടേൺ നാവിഗേഷനും കോൾ/എസ്എംഎസ് അലേർട്ടുകളും ഈ മോഡലിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. 125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് എക്സ്ട്രീം 125ആറിന് കരുത്ത് പകരുന്നത്. ഇത് 11.4 bhp പവറും 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, ഒപ്പം ഒരു 5-സ്പീഡ് ഗിയർബോക്സുമുണ്ട്.


Click it and Unblock the Notifications








