കമ്പനിയുടെ 77% വില്‍പ്പനയും ഒറ്റ മോഡല്‍! 2 വര്‍ഷം കൊണ്ട് 3 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളെ കൈയ്യിലെടുത്ത് റിസ്ത
പെട്രോള്‍ സ്‌കൂട്ടറുകളുടെ തറവാട് മുറ്റത്തേക്ക് അതിവേഗം ഓടിക്കയറി ഇന്ത്യന്‍ കുടുംബങ്ങളുടെ മനസ് കീഴടക്കുകയാണ് ഏഥര്‍ റിസ്ത (Ather Rizta). വിപണിയിലെത്തി വെറും രണ്ട് വര്‍ഷം തികയുമ്പോള്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ (Family Electric Scooter). പ്രായോഗികതയും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേര്‍ന്ന റിസ്ത, ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏഥര്‍ എനര്‍ജിയുടെ (Ather Energy) അപ്രമാദിത്വം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. 2024 ഏപ്രില്‍ ആറിനാണ് ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി വിപണിയിലെത്തിയത്.
തുടക്കം മുതല്‍ തന്നെ മുഖ്യധാരാ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട ഈ മോഡല്‍, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ കരുത്തരായ എതിരാളികളുമായി എതിരിട്ടാണ് വമ്പന്‍ വളര്‍ച്ചയുമായി കുതിക്കുന്നത്. വിപണിയിലെത്തി വെറും 10 മാസത്തിനുള്ളില്‍ ആദ്യത്തെ 1 ലക്ഷം ഉപഭോക്താക്കളെ നേടിയ റിസ്ത പിന്നീട് വില്‍പ്പനയില്‍ വന്‍ വേഗതയാണ് കൈവരിച്ചത്.

2025 ഒക്ടോബറില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ റിസ്ത, വെറും ആറ് മാസത്തിനുള്ളില്‍ 2026 ഏപ്രില്‍ അവസാനത്തോടെ മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പന ലക്ഷ്യത്തിലെത്തി. ഏഥറിന്റെ മൊത്തം വില്‍പ്പനയുടെ 77 ശതമാനവും ഇപ്പോള്‍ റിസ്ത എന്ന ഒരൊറ്റ മോഡലില്‍ നിന്നാണെന്നത് ഇതിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. നിലവില്‍ തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റിലാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്.
ഇവികള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ ഏഥര്‍ തങ്ങളുടെ മൂന്നാമത്തെ നിര്‍മ്മാണ പ്ലാന്റ് (Factory 3.0) ഒരുക്കുകയാണ്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് വരെ നിര്‍മാണ ശേഷിയുള്ള ഈ അത്യാധുനിക പ്ലാന്റ് 2026 ഒക്ടോബറില്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകും. ഇതോടെ വാഹനങ്ങളുടെ ഡെലിവറി സമയം കുറയ്ക്കാനും കൂടുതല്‍ വിപണികളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും കമ്പനിക്ക് സാധിക്കും.
കുടുംബത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന റിസ്തയുടെ പ്രായോഗികത, ഫീച്ചര്‍ റിച്ച് പാക്കേജ് എന്നിവയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്ന റിസ്തയുടെ ഐഡിസി റേഞ്ച് ഫുള്‍ചാര്‍ജില്‍ 159 കിലോമീറ്റര്‍ വരെയാണ്. 56 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പെയ്‌സ്, 22 ലിറ്റര്‍ ഫ്രണ്ട് ഫ്രങ്ക് (Frunk), ഓട്ടോ ഹോള്‍ഡ്, ടിഎഫ്ടി ഡിസ്‌പ്ലേ, ഗൂഗിള്‍ മാപ്സ് നാവിഗേഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.
കൂടാതെ മാജിക് ട്വിസ്റ്റ്, റിവേഴ്‌സ് മോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.നിലവില്‍ 1.15 ലക്ഷം രൂപയാണ് ഏഥര്‍ റിസതയുടെ ബേസ് വേരിയന്റിന്റെ വില. ടോപ് സ്‌പെക് റിസ്ത Z വേരിയന്റിന്റെ വില 1.28 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

ആകര്‍ഷകമായ വിലയില്‍ വിപണനം ചെയ്യുന്നതോടൊപ്പം ഏഥര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ ബാറ്ററി വാറണ്ടി നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കൂടാതെ ബാറ്ററി അസ് എ സര്‍വീസ് (BaaS) മോഡല്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏകദേശം 76,000 രൂപ എന്ന പ്രാരംഭ വിലയില്‍ റിസ്ത സ്വന്തമാക്കാന്‍ അവസരമുണ്ട്.
റിസ്റ്റയുടെ വമ്പന്‍ വിജയം കണക്കിലെടുത്ത് കൂടുതല്‍ വിലകുറഞ്ഞ ഇവികള്‍ നിര്‍മിക്കാനായി പുതിയ EL പ്ലാറ്റ്ഫോം ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വരും വര്‍ഷങ്ങളില്‍ ഒന്നിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഈ പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്തിറങ്ങും. ഇത് ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം കൂടുതല്‍ കടുപ്പിക്കും.

ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കിടയില്‍ റിസ്ത നേടിയ സ്വീകാര്യത ഏഥര്‍ എനര്‍ജിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. കുറഞ്ഞ പ്രവര്‍ത്തന ചെലവും മോഡേണ്‍ റൈഡിംഗ് അനുഭവവും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ആദ്യ ചോയ്‌സുകളില്‍ ഒന്നാണ് റിസ്ത ഇപ്പോള്‍. ഈ ഒരൊറ്റ മോഡലിന്റെ വരവോടെ വിപണി വിഹിതം ഉയര്‍ത്തിയ ഏഥര്‍ ഇന്ന് രാജ്യത്തെ ടോപ് 3 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ്.


Click it and Unblock the Notifications