ആദ്യമേ വില കുറവ്, പോരാത്തതിന് ഡിസ്‌കൗണ്ടും! ബജാജിന്റെ ഞെട്ടിക്കുന്ന സര്‍പ്രൈസ്; ഭാഗ്യം ആദ്യ 10,000 പേര്‍ക്ക്
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി മുന്‍നിര ബ്രാന്‍ഡുകളായ ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോര്‍ കമ്പനിയും തമ്മില്‍ കടുത്ത മത്സരമാണ്. വിപണി വിഹിതം ഉയര്‍ത്താനും ഒന്നാം സ്ഥാനമുറപ്പിക്കാനുമായി കഴിഞ്ഞ ആഴ്ചയാണ് ബജാജ് ഏറ്റവും പുതിയ ചേതക് C25 (Bajaj Chetak C25) പുറത്തിറക്കിയത്. നിലവിലെ ചേതക് നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് ചേതക് C25. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് പുതിയ ഉല്‍പ്പന്നം ബജാജ് അവതരിപ്പിച്ചത്.
ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം നേടുന്ന ഈ ഇവി സ്‌കൂട്ടര്‍ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ലഭ്യമായി തുടങ്ങി. മാത്രമല്ല, സ്‌കൂട്ടറിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനായി കമ്പനി പ്രത്യേക ഓഫറും പ്രഖ്യാപിച്ചു. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കായി 4,299 രൂപയുടെ പ്രത്യേക ഏര്‍ലി ബേര്‍ഡ് ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഫറിനെ കുറിച്ചും പുതിയ സ്‌കൂട്ടറിന്റെ സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

വിലയും ഓഫറും
പുതിയ ബജാജ് ചേതക് C2501ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ വില 91,399 രൂപയാണ് (എക്സ്-ഷോറൂം). ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് കമ്പനി 4,299 രൂപ ഡിസ്‌കൗണ്ട് നല്‍കുന്നതോടെ വാഹനത്തിന്റെ വില ഫലത്തില്‍ 87,100 രൂപയായി കുറയും. ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തേടുന്ന ഉപഭോക്താക്കളെയും യൂത്തിനെയും ലക്ഷ്യമിട്ടാണ് ബജാജ് ഈ ആകര്‍ഷകമായ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിറങ്ങളും ഡിസൈനും
ബ്രാന്‍ഡിന്റെ സുപരിചിതമായ മെറ്റല്‍ ബോഡി നിര്‍മാണവും മോണോ-ബോഡി ഡിസൈനും നിലനിര്‍ത്തിക്കൊണ്ട് യുവത്വവും തുളുമ്പുന്ന നിയോ ക്ലാസിക്കല്‍ സ്റ്റൈലിംഗ് ആണ് ചേതക് C25 സ്‌കൂട്ടറില്‍ ബജാജ് സ്വീകരിച്ചത്. സിഗ്നേച്ചര്‍ ഹോഴ്‌സ്ഷൂ ഗ്രാഫിക് ഉള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് നിലനിര്‍ത്തിയപ്പോള്‍ പിന്നില്‍ ഐസ്-ക്യൂബ് ടെയില്‍ലൈറ്റുകള്‍ ലഭിച്ചു.
ചേതക് ലോഗോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാരാമെട്രിക് പാറ്റേണിലുള്ള ഒരു അലുമിനിയം കാസ്റ്റ് ഗ്രാബ് ഹാന്‍ഡില്‍ പില്യണിന് ലഭിക്കുന്നു. ആറ് ആകര്‍ഷകമായ നിറങ്ങളില്‍ ചേതക് C2501 ലഭ്യമാണ്. ആക്ടീവ് ബ്ലാക്ക്, റേസിംഗ് റെഡ്, ക്ലാസിക് വൈറ്റ്, ഓഷ്യന്‍ ടീല്‍, ഒപലസെന്റ് സില്‍വര്‍, മിസ്റ്റി യെല്ലോ എന്നീ നിറങ്ങളാണ് കളര്‍ പാലറ്റിലുള്ളത്.
ബാറ്ററിയും റേഞ്ചും
സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന 2.5 kWh ബാറ്ററി പായ്ക്കാണ് ചേതക് C2501-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 113 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍ (ഐഡിസി) മാനദണ്ഡങ്ങള്‍ പ്രകാരമുള്ള റേഞ്ച് കണക്കുകളാണ് ഇത്. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫ്ലോര്‍ബോര്‍ഡിന് താഴെയാണ് ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.

മോട്ടോറും പെര്‍ഫോമന്‍സും
ചേതക് നിരയില്‍ ആദ്യമായി ഹബ്-മൗണ്ടഡ് മോട്ടോര്‍ (Hub-mounted motor) പരീക്ഷിച്ചിരിക്കുന്നത് ഈ മോഡലിലാണ്. 2.2 kW (2.9 bhp) പവറുള്ള മോട്ടോര്‍ ചേതക്കിനെ 55 kmph ടോപ് സ്പീഡ് കൈവരിക്കാന്‍ സഹായിക്കുന്നു. 19 ശതമാനം വരെ ചരിവുള്ള കയറ്റങ്ങള്‍ രണ്ട് യാത്രക്കാരുമായി അനായാസം കയറാന്‍ സഹായിക്കുന്ന 'ഹില്‍ ഹോള്‍ഡ് അസിസ്റ്റ്' ഫീച്ചറും പുത്തന്‍ ചേതക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
ചാര്‍ജിംഗ്
750W ഓഫ്-ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 2 മണിക്കൂര്‍ 25 മിനിറ്റിനുള്ളില്‍ ബാറ്ററി 0-80% വരെ ചാര്‍ജ് ചെയ്യാം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മണിക്കൂര്‍ 45 മിനിറ്റ് സമയമെടുക്കും. ബജറ്റ് മോഡലായിരുന്നിട്ട് കൂടി ചേതക്കിന്റെ IP67 വാട്ടര്‍പ്രൂഫ് റേറ്റിംഗും ഈ മോഡലിലും ബജാജ് നിലനിര്‍ത്തിയിട്ടുണ്ട്.

ഫീച്ചറുകള്‍
ഇലക്ട്രിക് സ്‌കൂട്ടറില്‍ കളര്‍ എല്‍സിഡി ഡിസ്പ്ലേയാണ് ബജാജ് നല്‍കിയിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, മ്യൂസിക് കണ്‍ട്രോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ലഭ്യമാകും. റിവേഴ്സ് മോഡ്, 25 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഗൈഡ് മീ ഹോം ലൈറ്റ് എന്നിവയും ഈ മോഡലിന്റെ സവിശേഷതകളാണ്.
സേഫ്റ്റിയും വാറണ്ടിയും
മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് എന്‍ട്രി ലെവല്‍ സ്‌കൂട്ടറില്‍ സ്റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ഇരട്ട ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളും യാത്ര സുഗമമാക്കുന്നു. 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി കമ്പനി നല്‍കുന്നുണ്ട്. ഇത് 5 വര്‍ഷം വരെയോ 70,000 കിലോമീറ്റര്‍ വരെയോ ദീര്‍ഘിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.


Click it and Unblock the Notifications








