ഇവി സ്‌കൂട്ടർ വിപണിയിൽ ചേതക്കിന്റെ അശ്വമേധം! ശരവേഗം 8 ലക്ഷം കടന്ന് വിൽപ്പന
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ വിശ്വസ്ത നാമമായ ബജാജ് ഓട്ടോയുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് 8 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ ആറര വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന ഈ ജനപ്രിയ മോഡല്‍ രാജ്യത്ത് അതിവേഗം വളരുന്ന ഇലക്ട്രിക് ടൂ-വീലര്‍ വിഭാഗത്തില്‍ ഇന്ന് മുന്‍നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക 'വാഹന്‍ന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2020 ജനുവരി മുതല്‍ 2026 ജൂണ്‍ 27 വരെയുള്ള കാലയളവില്‍ 8,00,085 ഇ-സ്‌കൂട്ടറുകളാണ് ബജാജ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്.
ഇതോടെ ഇന്ത്യയില്‍ എട്ട് ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്ന മൂന്നാമത്തെ പ്രമുഖ ബ്രാന്‍ഡായി മാറാന്‍ ബജാജ് ഓട്ടോയ്ക്ക് സാധിച്ചു. ഈടുറ്റ ബോഡിയും മികച്ച കരുത്തും ദീര്‍ഘായുസുള്ള ബാറ്ററിയുമാണ് ചേതക് മോഡലുകളുടെ പ്രധാന സവിശേഷത. നിലവില്‍ ബജാജിന്റെ ചക്കന്‍, അകുര്‍ദി പ്ലാന്റുകളിലാണ് ചേതക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.

പ്രതിവര്‍ഷം 4.80 ലക്ഷം വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ നിര്‍മ്മാണ ശാലകളാണ് ചേതക്കിന്റെ ഈ കുതിപ്പിന് കരുത്ത് പകരുന്നത്. മറ്റ് പല കമ്പനികളെയും പോലെ തുടക്കസമയത്ത് ബജാജ് ചേതക്ക് സ്‌കൂട്ടറിന്റെ വില്‍പ്പനയും മന്ദഗതിയിലായിരുന്നു. പിന്നാലെ ഡീലര്‍ഷിപ്പ് ശൃംഖല ശക്തമാക്കുകയും കുറഞ്ഞ വിലയില്‍ കൂടുതല്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ പുറത്തിറക്കുകയും ചെയ്തതോടെ 2024-ല്‍ ചേതക്കിന്റെ വില്‍പ്പനയില്‍ 168 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് ഉണ്ടായത്.
ആ വര്‍ഷം മാത്രം രണ്ട് ലക്ഷത്തിലധികം സ്‌കൂട്ടറുകളാണ് വിറ്റുപോയത്. ഇതോടെ മുന്‍നിരക്കാരായ ഓലയ്ക്കും ടിവിഎസിനും തൊട്ടുപിന്നിലായി മൂന്നാം സ്ഥാനം ഉറപ്പിക്കാന്‍ ബജാജിന് കഴിഞ്ഞു. തുടര്‍ന്ന് 2025-ല്‍ 39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,79,685 യൂണിറ്റുകള്‍ വിറ്റഴിച്ച് ബജാജ് ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഥര്‍ എനര്‍ജിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബജാജ് ഈ നേട്ടം സ്വന്തമാക്കിയത്.

കുറഞ്ഞ പരിപാലനച്ചെലവും മികച്ച റൈഡിങ് കംഫര്‍ട്ടുമാണ് ഉപഭോക്താക്കളെ ഈ വാഹനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. വിപണി വിഹിതത്തിലേക്ക് നോക്കിയാല്‍, 2022-ല്‍ വെറും 4 ശതമാനമായിരുന്ന ബജാജിന്റെ പങ്ക് 2026 പകുതിയാകുമ്പോഴേക്കും 22 ശതമാനമായി കുതിച്ചുയര്‍ന്നു. നടപ്പു വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 27 വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ മാത്രം 2,11,356 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
പ്രതിമാസം ശരാശരി 35,000 യൂണിറ്റുകളുടെ വില്‍പ്പനയുള്ള ബജാജ് ഓട്ടോ, ഈ വര്‍ഷം ഓഗസ്റ്റ് മധ്യത്തോടെ 3 ലക്ഷം യൂണിറ്റുകളും വര്‍ഷാവസാനത്തോടെ 4 ലക്ഷം യൂണിറ്റുകളും പിന്നിടുമെന്നാണ് കണക്കാക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനി കൈവരിക്കാന്‍ പോകുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പനയ്ക്കായിരിക്കും ഈ വര്‍ഷം സാഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മൊത്തത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഒരു വര്‍ഷമാണ് 2026.

ബജാജിന് പുറമെ ടിവിഎസ് മോട്ടോര്‍സ് 10 ലക്ഷം യൂണിറ്റ് വില്‍പ്പനയും, ഏഥര്‍ എനര്‍ജി 7 ലക്ഷം യൂണിറ്റ് വില്‍പനയും പിന്നിട്ട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പെട്രോള്‍ വില റെക്കോഡ് ഉയരത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഇവി മോഡലുകളിലേക്ക് മാറുന്ന സാഹചര്യമാണ് നിലവില്‍. ഇവികള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയുമുള്ള ബജാജിനെയും ടിവിഎസിനെയും പോലുള്ള കമ്പനികളെയാണ് കൂടുതലായും പരിഗണിക്കുന്നത്.
ഓല ഇലക്ട്രിക്കിനെ പോലുള്ള കമ്പനികള്‍ വില്‍പ്പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ പഴികൂടി കേള്‍പ്പിച്ചതിനാല്‍ ഇന്ത്യക്കാര്‍ ഇപ്പോള്‍ പരമ്പരാഗത ബ്രാന്‍ഡുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. അതിനാല്‍ തന്നെ ഈ വര്‍ഷം ബജാജും ടിവിഎസും പല വില്‍പ്പന റെക്കോഡുകളും കടപുഴക്കുമെന്ന കാര്യം തീര്‍ച്ച. അതിന്റെ സൂചനകളാണ് കുറഞ്ഞ കാലയളവിൽ ഈ കമ്പനികൾ കൈവരിക്കുന്ന ഈ റെക്കോർഡ് വിൽപ്പന നേട്ടങ്ങൾ


Click it and Unblock the Notifications