പെട്രോളിനേക്കാള്‍ 20 രൂപയോളം കുറവില്‍ ഇന്ധനം കിട്ടിയിട്ടും ബജാജ് CNG ബൈക്കിന് വില്‍പ്പന തകര്‍ച്ച! കാരണമറിയാം.
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ബജാജ് ഓട്ടോ അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ 'ഫ്രീഡം 125' (Bajaj Freedom 125) വിപണിയില്‍ കടുത്ത വെല്ലുവിളി നേരിടുന്നു. പെട്രോള്‍ വിലവര്‍ദ്ധനവില്‍ നിന്ന് 'സ്വാതന്ത്ര്യം' നേടാമെന്ന പ്രചാരണത്തിലൂന്നി വിപണനം ചെയ്ത ഫ്രീഡം 125 വില്‍പ്പനയില്‍ കനത്ത തിരിച്ചടി നേരിടുന്നതായി ഓട്ടോകാര്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ എത്തിയതിന് ശേഷമുള്ള ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്കിന്റെ ഏറ്റവും കുറഞ്ഞ പ്രതിമാസ വില്‍പ്പനയാണ് 2026 മെയ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ 'വാഹന്‍' (Vahan Data) പോര്‍ട്ടലില്‍ നിന്നുള്ള ഏറ്റവും പുതിയ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ വെറും 1,210 യൂണിറ്റ് ബജാജ് ഫ്രീഡം ബൈക്കുകള്‍ മാത്രമാണ് രാജ്യത്തുടനീളം വിറ്റഴിക്കാന്‍ സാധിച്ചത്. മുന്‍കാലങ്ങളിലെ വമ്പന്‍ കുതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലിയ ഇടിവാണ്.

2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവ സീസണില്‍ യഥാക്രമം 11,079 യൂണിറ്റുകളും 12,167 യൂണിറ്റുകളും വിറ്റഴിച്ച സ്ഥാനത്താണ് മെയ് മാസത്തില്‍ ഈ കനത്ത ഇടിവുണ്ടായിരിക്കുന്നത്. ഇതോടെ 2026 ജൂണ്‍ നാല് വരെയുള്ള ബൈക്കിന്റെ ആകെ വില്‍പ്പന 87,998 യൂണിറ്റുകളില്‍ എത്തിനില്‍ക്കുകയാണ്. ബജാജ് ഫ്രീഡം ബൈക്കിന്റെ വില്‍പ്പനയില്‍ ഇത്ര വലിയ ഇടിവുണ്ടാകാന്‍ കാരണം ഇന്ധന വിലയിലുണ്ടായ വ്യതിയാനമാണ്.
ഈ ബൈക്ക് പുറത്തിറങ്ങുമ്പോള്‍ പെട്രോളും സിഎന്‍ജിയും തമ്മില്‍ കിലോഗ്രാമിന് 32 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സിഎന്‍ജി വില വര്‍ദ്ധിച്ചതോടെ ഈ വില വ്യത്യാസം വെറും 25 രൂപയായി ചുരുങ്ങി. കഴിഞ്ഞ 23 മാസത്തിനിടെ സിഎന്‍ജി വിലയില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. മുംബൈയില്‍ നിലവില്‍ പെട്രോളിന് 115.41 രൂപയും സിഎന്‍ജിക്ക് 96.5 രൂപയുമാണ് വില.

ഇതോടെ ബൈക്കിന്റെ പ്രധാന ആകര്‍ഷണമായിരുന്ന കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് (Running Cost) എന്ന നേട്ടം വലിയ രീതിയില്‍ നഷ്ടമായി. ഇന്ധന വിലയിലെ ഈ മാറ്റം ഉപഭോക്താക്കളെ പുതിയ സാങ്കേതികവിദ്യ പുല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി ബജാജ് ഓട്ടോ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ സമ്മതിച്ചു. സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകളുടെ ദൗര്‍ലഭ്യവും അവിടെ അനുഭവപ്പെടുന്ന നീണ്ട ക്യൂവും ബൈക്കിന്റെ വിപണി സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
സാങ്കേതികമായി നോക്കിയാല്‍, 125 സിസി എഞ്ചിനുള്ള ഫ്രീഡം ബൈക്കില്‍ 2 കിലോഗ്രാം സിഎന്‍ജി ടാങ്കും 2 ലിറ്റര്‍ പെട്രോള്‍ ടാങ്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററും സിഎന്‍ജിയില്‍ കിലോയ്ക്ക് 102 കിലോമീറ്ററുമാണ് ബൈക്കിന്റെ ഇന്ധനക്ഷമത അവകാശപ്പെടുന്നത്. ഫുള്‍ടാങ്കില്‍ 330 കിലോമീറ്റര്‍ ദൂരം വരെ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്ന ഈ ബൈക്കിന് 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്നായിരുന്നു ലോഞ്ച് വേളയില്‍ ബജാജിന്റെ അവകാശവാദം.

അന്ന് വെറും 99 രൂപ മാത്രമാണ് ഫ്രീഡത്തിന്റെ പ്രവര്‍ത്തനച്ചെലവെന്ന് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ നടത്തിയ മൈലേജ് ടെസ്റ്റില്‍ കണ്ടെത്തിയിരുന്നു. കരുത്തുറ്റ ട്രെല്ലിസ് ഫ്രെയിം, 16 ഇഞ്ച് റിയര്‍ വീല്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവയാണ് ഫ്രീഡം 125 ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.
വലിയ സീറ്റ് വാഗ്ദാനം ചെയ്യുന്ന ബൈക്കില്‍ രണ്ട് പേര്‍ക്ക് വളരെ സുഖമായി ഇരിക്കാം. 11 സുരക്ഷാ പരിശോധനകളില്‍ വിജയിച്ച ശേഷം വിപണിയിലെത്തിച്ച ഈ ബൈക്ക് 7 നിറങ്ങളില്‍ വാങ്ങാം. നിലവില്‍ 92340 രൂപ മുതലാണ് കേരളത്തില്‍ ഈ ബൈക്കിന്റെ വില തുടങ്ങുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 112318 രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.
സിഎന്‍ജിയില്‍ മികച്ച മൈലേജും പെര്‍ഫോമന്‍സും പുറത്തെടുക്കുന്നുണ്ടെങ്കിലും രാജ്യത്ത് സിഎന്‍ജി പമ്പുകളുടെ എണ്ണം കുറവാണെന്നത് വില്‍പ്പനയെ ബാധിക്കുന്നു. നിലവില്‍ രാജ്യത്ത് 7,000 സിഎന്‍ജി പമ്പുകള്‍ മാത്രമാണുള്ളത്. കൂടാതെ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വളര്‍ച്ചയും, ഹീറോ മോട്ടോര്‍കോര്‍പ് പുതുതായി ഇറക്കിയ സ്‌പ്ലെന്‍ഡര്‍, HF ഡീലക്‌സ് എന്നീ കമ്മ്യൂട്ടര്‍ മോഡലുകളുടെ ഫ്ലക്സ് -ഫ്യുവല്‍ (Flex-Fuel) പതിപ്പുകളുടെ വരവും കൂടിയായതോടെ ബജാജ് ഫ്രീഡത്തിന് വിപണിയില്‍ കടുത്ത മത്സരമാണ് നേരിടാനുള്ളത്.


Click it and Unblock the Notifications