പെട്രോള്‍ മണപ്പിച്ചാല്‍ ഓടുന്ന ബൈക്ക് വില്‍ക്കുന്നത് 68,711 രൂപക്ക്! ആ ബൈക്ക് കാരണം വില്‍പ്പന 25% ഇടിഞ്ഞു
ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ വലിയ മാറ്റത്തിന്റെ സൂചന നല്‍കിക്കൊണ്ട് ബജാജ് പ്ലാറ്റിനയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്ത. രാജ്യത്തെ ബജറ്റ് ബൈക്ക് വിപണിയിലെ കടുത്ത മത്സമാണ് പ്ലാറ്റിനയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പ്രമുഖ ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ ഓട്ടോപണ്ഡിറ്റ്‌സ് (Auto Punditz) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2026 മാര്‍ച്ച് മാസത്തില്‍ ആകെ 32,822 യൂണിറ്റ് പ്ലാറ്റിന ബൈക്കുകളായിരുന്നു ബജാജ് ഓട്ടോ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ഏപ്രില്‍ മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് വെറും 24,737 യൂണിറ്റുകളായി ചുരുങ്ങിയതായി കാണാം.
അതായത് ഒരൊറ്റ മാസം കൊണ്ട് പ്ലാറ്റിനയുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല 2025 ഏപ്രില്‍ മാസവുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ഏകദേശം 17 ശതമാനത്തോളം വാര്‍ഷിക വില്‍പ്പന ഇടിവാണ് ബൈക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 12 മാസം മുമ്പ് പ്ലാറ്റിനക്ക് 29689 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. ബജാജ് ബ്രാന്‍ഡിന്റെ മറ്റ് പ്രീമിയം മോഡലുകള്‍ വിപണിയില്‍ മുന്നേറുമ്പോഴാണ് ഈ കമ്മ്യൂട്ടര്‍ മോഡലിന് വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ബജറ്റ് സെഗ്മെന്റില്‍ ഹീറോ മോട്ടോകോർപ്പിൽ (Hero MotoCorp) നിന്നും നേരിടുന്ന കടുത്ത മത്സരമാണ് പ്ലാറ്റിനയുടെ വില്‍പ്പന വലിയ രീതിയില്‍ താഴേക്ക് പോകാനുള്ള പ്രധാന കാരണം. എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്ന ഹീറോയുടെ ഐതിഹാസിക മോഡലായ സ്പ്ലെന്‍ഡര്‍ (Hero Splendor), ബഡ്ജറ്റ് ബൈക്കായ HF ഡീലക്സ് (Hero HF Deluxe) എന്നിവയാണ് പ്രധാന വെല്ലുവിളി.
ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഒരുപോലെ വലിയ വിപണി വിഹിതമുള്ള ഈ ഹീറോ മോഡലുകള്‍ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളോടെ വിപണിയില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് ബജാജ് പ്ലാറ്റിനയുടെ മൊത്തത്തിലുള്ള വില്‍പ്പന വോളിയത്തെ വലിയ രീതിയില്‍ ബാധിക്കുകയും വഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബജാജ് പ്ലാറ്റിനയെ കുറിച്ച് പറയുമ്പോള്‍, മികച്ച ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട 100 സിസി, 110 സിസി എഞ്ചിന്‍ ഓപ്ഷനുകളിലാണ് ബജാജ് പ്ലാറ്റിന നിലവില്‍ വിപണിയില്‍ ലഭ്യമാകുന്നത്. റോഡുകളില്‍ സുഗമമായ റൈഡിംഗ് അനുഭവം നല്‍കുന്നതിനായി 4-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നതിനായി പ്രത്യേകം ട്യൂണ്‍ ചെയ്ത ഇലക്ട്രോണിക് കാര്‍ബ്യുറേറ്റര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ ബജാജ് പ്ലാറ്റിന് 100 മോഡലിന് 170 മുതല്‍ 75 കിലോമീറ്റര്‍ വരെയും പ്ലാറ്റിന് 110 മോഡലിന് 70 കിലോമീറ്ററും മൈലേജ് ലഭിച്ചതായി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോശം റോഡുകളിലെ കുഴികള്‍ സുഗമമായി മറികടക്കാന്‍ സഹായിക്കുന്നതിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ബജാജിന്റെ പ്രശസ്തമായ എസ്എന്‍എസ് (SNS) സസ്പെന്‍ഷന്‍ സംവിധാനവുമാണ് നല്‍കിയിട്ടുള്ളത്.
ഇതില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. കൂടാതെ രാത്രികാല യാത്രകളില്‍ മികച്ച കാഴ്ച ലഭിക്കുന്നതിനായി എല്‍ഇഡി ഡിആര്‍എല്‍ (LED DRL) ഹെഡ്ലാമ്പ് സംവിധാനവും ഇതിലുണ്ട്. വളരെ ലളിതമായ മെയിന്റനന്‍സ് ചെലവുകള്‍ മാത്രമാണ് ഈ എന്‍ട്രി ലെവല്‍ മോഡലിന് വരുന്നത്.
നിലവില്‍ 68711 രൂപ മുതലാണ് ബജാജ് പ്ലാറ്റിന 100 മോഡലിന്റെ വില തുടങ്ങുന്നത്. അതേസമയം 72428 രൂപ മുതല്‍ പ്ലാറ്റിന 110 സ്വന്തമാക്കാം. ബജാജ് ഓട്ടോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്. വിപണിയില്‍ താല്‍ക്കാലികമായി ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, പുതിയ ഫീച്ചറുകളോ അപ്ഡേറ്റുകളോ നല്‍കി മോഡലിനെ വിപണിയില്‍ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബജാജ്.
വരും മാസങ്ങളില്‍ കൂടുതല്‍ വിപണി വിപുലീകരണ തന്ത്രങ്ങളിലൂടെയും മികച്ച ഉത്സവകാല ഓഫറുകളിലൂടെയും വില്‍പ്പന വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ദൈനംദിന യാത്രകള്‍ക്കായി കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന മൈലേജ് നല്‍കുന്ന വിശ്വസനീയമായ ഒരു ബൈക്ക് അന്വേഷിക്കുന്നവര്‍ക്ക് പ്ലാറ്റിന ഇപ്പോഴും നല്ലൊരു ഓപ്ഷനാണ്. പ്രത്യേകിച്ച് പെട്രോള്‍ വില നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍.


Click it and Unblock the Notifications