അപ്പാച്ചെയും എക്‌സ്ട്രീമും സൈഡാകും! ₹1.22 ലക്ഷത്തിന് USD ഫോര്‍ക്കും സ്ലിപ്പര്‍-ക്ലച്ചുമായി പള്‍സര്‍ N160
ഗോള്‍ഡ് ഫിനിഷുള്ള പ്രീമിയം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും അത്യാധുനിക സ്ലിപ്പര്‍ ക്ലച്ച് സാങ്കേതികവിദ്യയുമടക്കം വന്‍ ഫീച്ചര്‍ അപ്ഡേറ്റുകളോടെ 160 സിസി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാനായി ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ വേരിയന്റ് എത്തി. മെച്ചപ്പെട്ട പെര്‍ഫോമന്‍സും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ബ്രേക്കിംഗ് സംവിധാനവും ഒരുമിച്ച് ചേര്‍ത്താണ് ഈ പുതിയ പ്രീമിയം പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഈ പുത്തന്‍ വേരിയന്റ് 1.22 ലക്ഷം രൂപയെന്ന ആകര്‍ഷകമായ എക്‌സ്-ഷോറൂം വിലയിലാണ് ബജാജ് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്.
നിലവില്‍ വിപണിയിലുള്ള പള്‍സര്‍ N160 (bajaj Pulsar N160) ബൈക്കുകളുടെ പ്രാരംഭ വില 1.16 ലക്ഷം രൂപയാണ്. സിംഗിള്‍ ചാനല്‍ എബിഎസ്, ഡ്യുവല്‍ ചാനല്‍ എബിഎസ്, ഡ്യുവല്‍ ചാനല്‍ യുഎസ്ഡി, ഡ്യുവല്‍ ചാനല്‍ സ്പ്ലിറ്റ്-സീറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത പതിപ്പുകളിലാണ് പള്‍സര്‍ N160 സീരീസ് ഇപ്പോള്‍ ലഭ്യമാകുന്നത്.

പ്രീമിയം സസ്പെന്‍ഷനും സ്ലിപ്പര്‍ ക്ലച്ചും
പുതിയ വേരിയന്റിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ മുന്‍ഭാഗത്ത് നല്‍കിയിരിക്കുന്ന മനോഹരമായ ഗോള്‍ഡ് ഫിനിഷുള്ള അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളാണ്. ലോവര്‍ ട്രിമ്മുകളില്‍ കാണുന്ന സാധാരണ ടെലിസ്‌കോപിക് സസ്പെന്‍ഷന്‍ യൂണിറ്റുകള്‍ക്ക് പകരമായാണ് കമ്പനി ഈ പ്രീമിയം ഹാര്‍ഡ്വെയര്‍ നല്‍കിയിട്ടുള്ളത്. ഇത് പുതിയ പള്‍സര്‍ N 160 ബൈക്കിന്റെ സ്‌പോര്‍ട്ടി ലുക്ക് ഉയര്‍ത്തുന്നുണ്ട്.
സുരക്ഷിതമായ റൈഡുകള്‍ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസ് (ABS) സംവിധാനത്തോടൊപ്പം സ്ലിപ്പര്‍ ആന്‍ഡ് അസിസ്റ്റ് ക്ലച്ചും (Slipper Clutc) ഈ വേരിയന്റില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ഡ് ബ്രേക്കിംഗിലും പെട്ടെന്ന് ഗിയര്‍ ഡൗണ്‍ ഷിഫ്റ്റ് ചെയ്യുമ്പോഴും റിയര്‍ വീല്‍ തെന്നിമാറുന്നത് തടയാന്‍ സ്ലിപ്പര്‍ ക്ലച്ച് സാങ്കേതികവിദ്യ ബൈക്ക് റൈഡര്‍മാരെ സഹായിക്കും.
മോഡേണ്‍ ഡിസൈനും റൈഡിംഗ് കംഫര്‍ട്ടും
രാത്രികാല യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശക്തമായ എല്‍ഇഡി (LED) പ്രൊജക്ടര്‍ ഹെഡ്ലാമ്പും ഈ പുത്തന്‍ പതിപ്പില്‍ ബജാജ് ഓട്ടോ നല്‍കിയിട്ടുണ്ട്. റൈഡിനിടയില്‍ മൊബൈല്‍ ഫോണുകള്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി (USB Type C) ചാര്‍ജിംഗ് പോര്‍ട്ടും ഈ മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ മോഡലുകളില്‍ കാണുന്ന സ്പ്ലിറ്റ്-സീറ്റ് ലേഔട്ടിന് പകരമായി പള്‍സര്‍ N160 ബൈക്കിന്റെ ഈ പുതിയ വേരിയന്റില്‍ സിംഗിള്‍-പീസ് സീറ്റ് സജ്ജീകരണമാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഈ പ്രത്യേക സീറ്റ് ഘടന റൈഡര്‍ക്കും പില്യണ്‍ സീറ്റ് യാത്രികനും ഒരുപോലെ മികച്ച യാത്രാ സുഖവും മികച്ച ഹാന്‍ഡ്ലിംഗും ഉറപ്പുനല്‍കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. ട്യൂബ്ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് ഓടുന്നത്. മെച്ചപ്പെട്ട ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും അതോടൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുന്നു.

നിറങ്ങളും സവിശേഷതകകളും
പുതിയ പള്‍സര്‍ N160 വേരിയന്റ് പേള്‍ മെറ്റാലിക് വൈറ്റ്, റേസിംഗ് റെഡ്, ഗ്രേ, ബ്രൂക്ലിന്‍ ബ്ലാക്ക് എന്നിങ്ങനെ നാല് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളിലാണ് വാങ്ങാനാകുക. അത്യാധുനികമായ നെഗറ്റീവ് എല്‍സിഡി (LED) ഡിസ്പ്ലേയോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ ബൈക്കില്‍ റൈഡിംഗ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നല്‍കിയിട്ടുള്ളത്.
പള്‍സര്‍ N160 സീരീസിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് സംവിധാനവും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും (Turn-by-turn navigation) ലഭ്യമാണ്. കൂടാതെ വിവിധ റൈഡ് മോഡുകളും ഇതിലുണ്ട്. ഫ്യുവല്‍ ടാങ്കിന് മുകളിലായി ഘടിപ്പിച്ചിരിക്കുന്ന യുഎസ്ബി ചാര്‍ജര്‍ ദീര്‍ഘദൂര യാത്രകളില്‍ വളരെ ഉപകാരപ്രദമാണ്.

എഞ്ചിന്‍
സാങ്കേതിക സവിശേഷതകളിലേക്ക് കടന്നാല്‍ കരുത്തുറ്റ 164.82 സിസി സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂല്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 15.7 bhp പവറും 14.65 Nm പീക്ക് ടോര്‍ക്കുംഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. റോഡില്‍ കൃത്യമായ കണ്‍ട്രോള്‍ നല്‍കുന്നതിനായി 5-സ്പീഡ് ഗിയര്‍ബോക്സ് സംവിധാനമാണ് ഈ എഞ്ചിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്.
എതിരാളികള്‍
പള്‍സര്‍ N160 മോട്ടോർസൈക്കിളിൽ നടപ്പാക്കിയ പുതിയ ഫീച്ചര്‍ അപ്ഡേറ്റുകളോടെ 160 സിസി പ്രീമിയം കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. വിപണിയില്‍ നിലവില്‍ പ്രശസ്തമായ ടിവിഎസ് അപ്പാച്ചെ RTR 160, സുസുക്കി ജിക്‌സര്‍, യമഹ FZ, ഹീറോ എക്‌സ്ട്രീം 160 4V തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് പള്‍സര്‍ N160 നേരിട്ട് മത്സരിക്കുന്നത്.
കുറഞ്ഞ വിലയില്‍ മികച്ച സ്‌പോര്‍ട്ടി ലുക്കും പ്രീമിയം സസ്പെന്‍ഷന്‍ ഹാര്‍ഡ്വെയറും ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ നിന്നും ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു പെര്‍ഫെക്ട് ബൈക്കാണ് ഇതെന്ന് പറയാം. മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിയും ആകര്‍ഷകമായ വിലയുമായി വരുന്ന ഈ പള്‍സര്‍ മോഡല്‍ ബജാജിന്റെ വിപണി വിഹിതം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications