വിൽപ്പന 4000-ത്തിൽ നിന്ന് 25,861 യൂണിറ്റുകളിലേക്ക്! ആക്ടിവയ്ക്കും ജൂപ്പിറ്ററിനും ഭീഷണിയായി ഹീറോ സ്‌കൂട്ടർ
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ മുമ്പ്് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതിരുന്ന ഒരു മോഡല്‍ ഇപ്പോള്‍ വിപണി വിദഗ്ധരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് മുന്‍നിരയിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ്. പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ (Hero MotoCorp) ഫാമിലി സ്‌കൂട്ടര്‍ മോഡലായ ഡെസ്റ്റിനി (Destini) ആണ് ഇന്ത്യന്‍ വിപണിയില്‍ അവിശ്വസനീയമായ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്ലെയ്ന്‍ (RushLane) പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സ്‌കൂട്ടറായി മാറിയിരിക്കുന്നത് ഹീറോ ഡെസ്റ്റിനി.
2025 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 2026 ഏപ്രില്‍ മാസത്തില്‍ 25,861 ഡെസ്റ്റിനി സ്‌കൂട്ടറുകളാണ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി, അതായത് 2025 ഏപ്രില്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ 488.7 ശതമാനത്തിന്റെ അസാധാരണമായ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 2025 ഏപ്രിലില്‍ വെറും 4,393 യൂണിറ്റുകള്‍ മാത്രമായിരുന്നു ഈ സ്‌കൂട്ടറിന്റെ ആകെ വില്‍പ്പന. പോയ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡെസ്റ്റിനി. ഹോണ്ട ആക്ടിവ, ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്‌സസ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ടിവിഎസ് എന്‍ടോര്‍ഖ് എന്നീ ജനപ്രിയ മോഡലുകളാണ് ഡെസ്റ്റിനിക്ക് മുന്നിലുള്ളത്.
നിലവിലെ വിപണിയില്‍ 2,20,774 യൂണിറ്റുകളോടെ ഹോണ്ട ആക്ടിവ (Honda Activa) തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് ജൂപ്പിറ്റര്‍ (TVS Jupiter) 1,17,383 യൂണിറ്റുകളും, മൂന്നാം സ്ഥാനത്തുള്ള സുസുക്കി ആക്‌സസ് (Suzuki Access) 70,339 യൂണിറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. ഈ വമ്പന്‍മാര്‍ക്ക് പിന്നാലെയാണ് ഹീറോ ഡെസ്റ്റിനിയും ഇപ്പോള്‍ വിപണി വിഹിതം കൂട്ടുന്നത്.
ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി മൊത്തത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയിലുള്ള 10 സ്‌കൂട്ടറുകളുടെ ആകെ വില്‍പ്പന 5,94,443 യൂണിറ്റുകളില്‍ എത്തിയിട്ടുണ്ട്. ഇത് 2025 ഏപ്രിലിലെ 4,86,363 യൂണിറ്റുകളേക്കാള്‍ 22.2 ശതമാനം ഉയര്‍ന്ന നിരക്കാണ്. ഈ വലിയ വിപണി മുന്നേറ്റത്തിനിടയിലാണ് ഹീറോയുടെ ഈ നിര്‍ണായക നേട്ടം.
ഹീറോ ഡെസ്റ്റിനിയുടെ വില്‍പ്പന പെട്ടെന്ന് വര്‍ദ്ധിക്കാനുണ്ടായ പ്രധാന കാരണം കമ്പനി ഈ നിരയില്‍ കൊണ്ടുവന്ന സാങ്കേതികവും ഘടനാപരവുമായ പരിഷ്‌കാരങ്ങളാണ്. വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ച പുതുക്കിയ ഡെസ്റ്റിനി 125 (Destini 125) മോഡലിനും ഇതിനൊപ്പം പുതുതായി വിപണിയിലെത്തിയ ഡെസ്റ്റിനി 110 (Destini 110) വേരിയന്റിനും ഉപഭോക്താക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതാണ് ഈ വന്‍ വില്‍പ്പന വളര്‍ച്ചയ്ക്ക് ആധാരമെന്ന് വിലയിരുത്തപ്പെടുന്നു.

മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് കടന്നാല്‍ 124.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 പതിപ്പിന് കരുത്ത് പകരുന്നത്. ഈ ആധുനിക എഞ്ചിന്‍ പരമാവധി 9 bhp പവറും 10.4 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഹീറോയുടെ സ്വന്തം i3S സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഈ സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യത്തിനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിവ ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. മെറ്റല്‍ ബോഡി ഘടനയുള്ള ഈ സ്‌കൂട്ടര്‍ മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിയും ദീര്‍ഘകാല ഈടും ഉറപ്പുനല്‍കുന്നു.

നിലവില്‍ 80,259 രൂപ മുതല്‍ 88034 രൂപ വരെയാണ് ഡെസ്റ്റിനി 110 മോഡലിന്റെ വില. അതേസമയം 83,968 രൂപ മുതല്‍ 94849 രൂപ വരെയാണ് ഡെസ്റ്റിനിന 125 പതിപ്പിന്റെ വില. ഹീറോ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഡെസ്റ്റിനിയുടെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
പ്രായോഗികതയും കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രൂപകല്‍പ്പനയും ആഗ്രഹിക്കുന്ന സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു ബജറ്റ് ഫ്രണ്ട്ലി മോഡലാണ് ഹീറോ ഡെസ്റ്റിനി. നിലവില്‍ സുസുക്കി ബര്‍ഗ്മാന്‍ പോലുള്ള ചില സ്‌കൂട്ടറുകള്‍ വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയപ്പോഴും ഹീറോ ഡെസ്റ്റിനി കൈവരിച്ച ഈ 488 ശതമാനത്തിലധികം വരുന്ന വമ്പന്‍ വളര്‍ച്ച ഇരുചക്ര വാഹന വിപണിയില്‍ പുതിയ മത്സരത്തിന് വഴിയൊരുക്കും.


Click it and Unblock the Notifications