പെട്രോൾ ചെലവ് മറന്നേക്കൂ! ഇന്ത്യയിലെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ ബൈക്കുമായി ഹീറോ ഇന്നെത്തും
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നമ്പര്‍ വണ്‍ ടൂവീലര്‍ ബ്രാന്‍ഡ് ആയ ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്തെ ആദ്യത്തെ ഫ്ലക്സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ന് വിപണിയില്‍ അവതരിപ്പിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ നിന്നും വലിയ രീതിയില്‍ ആശ്വാസം നല്‍കാനും പരിസ്ഥിതി സൗഹൃദ യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ ലോഞ്ച്. ഇന്ന് നടക്കുന്ന ഈ ചരിത്രപരമായ ലോഞ്ച് ചടങ്ങില്‍ രാജ്യത്തെ ഹരിത മൊബിലിറ്റി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ബദല്‍ ഇന്ധന നയങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് ഈ പദ്ധതി. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഫ്ലക്സ് -ഫ്യുവല്‍ മോട്ടോര്‍സൈക്കിളില്‍ നിന്ന് വരാനിരിക്കുന്ന ഹീറോ മോട്ടോര്‍സൈക്കിള്‍ വേറിട്ടുനില്‍ക്കുന്നു. സുസുക്കി ജിക്‌സര്‍ SF 250 ഫ്‌ലെക്‌സ് ഫ്യൂവല്‍, ഹോണ്ട CB300F ഫ്ലക്സ് ഫ്യൂവല്‍ തുടങ്ങിയ മോഡലുകള്‍ E85 ഇന്ധനത്തില്‍ ഓടുന്നവയാണ്. എന്നാല്‍, ഹീറോയുടെ പുതിയ മോഡല്‍ 100 ശതമാനം എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അങ്ങിനെ വന്നാല്‍ അത് ഇന്ത്യന്‍ ടൂവീലര്‍ ഇന്‍ഡസ്ട്രിയിലെ ആദ്യത്തതാകും. ഏത് ജനപ്രിയ ബൈക്കാണ് ആദ്യമായി ഈ ഫ്ലക്സ് -ഫ്യുവല്‍ സാങ്കേതികവിദ്യയോടെ വിപണിയില്‍ എത്തിക്കുക എന്നതിനെ കുറിച്ച് ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും സാധാരണക്കാരായ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ച സ്‌പ്ലെന്‍ഡര്‍ (Hero Splendor) അല്ലെങ്കില്‍ HF ഡീലക്‌സ് (Hero HF Deluxe) എന്നീ മോഡലുകളില്‍ ഒന്നായിരിക്കാം ഇതെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ അണിയറ വര്‍ത്തമാനങ്ങള്‍.
ഇന്ന് പുറത്തിറങ്ങുന്ന ഈ പുതിയ ഫ്ലക്സ് -ഫ്യുവല്‍ മോട്ടോര്‍സൈക്കിളില്‍ 100 ശതമാനം വരെ ശുദ്ധമായ എഥനോള്‍ (E100) ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അത്യാധുനിക എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വിപണിയിലെ ഇന്ധന ലഭ്യത കണക്കിലെടുത്ത്, ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ചേര്‍ന്ന മിശ്രിതത്തില്‍ (E85) പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഓപ്ഷനായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.
സാധാരണ പെട്രോള്‍ കാറുകളേക്കാളും ബൈക്കുകളേക്കാളും വളരെ കുറഞ്ഞ നിരക്കില്‍ എഥനോള്‍ ലഭ്യമാകുന്നതിനാല്‍ എല്ലാ ദിവസവും ദീര്‍ഘദൂരം യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്ക് തങ്ങളുടെ പോക്കറ്റ് ചോരാതെ ഇന്ധന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഈ പുതിയ ഫ്ലക്സ് -ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ നേരത്തെ 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ (Bharat Mobility Expo 2025) രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
HF ഡീലക്‌സിന്റെ ഫ്ലക്സ് -ഫ്യുവല്‍ പതിപ്പ് അന്ന് ഏറെ ശ്രദ്ധയാകര്‍ഷിച്ചു . ജയ്പൂരിലെ കമ്പനിയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ (CIT) വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോടൈപ്പില്‍ E20 മുതല്‍ E85 വരെയുള്ള എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള 100 സിസി ബിഎസ് 6-കംപ്ലയിന്റ് എഞ്ചിന്‍ ഉണ്ടായിരുന്നു. അന്ന് പ്രദര്‍ശിപ്പിച്ച 85 ശതമാനം എഥനോള്‍ മിശ്രിതത്തില്‍ ഓടുന്ന അതേ അത്യാധുനിക മെക്കാനിക്കല്‍ സാങ്കേതികവിദ്യ തന്നെയാണ് ഇപ്പോള്‍ വാണിജ്യ അടിസ്ഥാനത്തില്‍ വിപണിയിലേക്ക് എത്തിക്കുന്നത്.
അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ ഹരിത ഇന്ധന ബൈക്കുകള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയുടെ ഭാവി മാറ്റിയെഴുതും എന്നാണ് ഓട്ടോമൊബൈല്‍ രംഗത്ത് നിന്നുള്ളവര്‍ പ്രവചിക്കുന്നത്. ഇന്ധന വൈവിധ്യവല്‍ക്കരണത്തിലേക്കും പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിലേക്കും സര്‍ക്കാര്‍ നടത്തുന്ന തുടര്‍ച്ചയായ നീക്കങ്ങളുമായി ഈ ലോഞ്ചിംഗ് യോജിക്കുന്നു.
രാജ്യത്തുടനീളം എഥനോള്‍ അധിഷ്ഠിത ഇന്ധനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്, ഇത് ഫ്ലക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമാക്കുന്നു. ശുദ്ധമായ എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത് ഇന്ത്യയുടെ എഥനോള്‍ ബ്ലെന്‍ഡിംഗ് പരിപാടിയെ കൂടുതല്‍ ത്വരിതപ്പെടുത്തുകയും ബദല്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റം കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും.


Click it and Unblock the Notifications