70KM മൈലേജുള്ള ബൈക്കിന്റെ വില കൂട്ടി ഹീറോ! പേടിക്കേണ്ട, ക്വാര്‍ട്ടര്‍ മന്തിയുടെ പൈസയേ വരൂ
ഈ വര്‍ഷം ജനുവരി പിറന്നപ്പോള്‍ നിരവധി വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മാസം അവസാനിക്കാറായപ്പോള്‍ ആണ് പല മോഡലുകള്‍ക്കും എത്ര രൂപ കൂടിയിട്ടുണ്ടെന്ന കണക്കുകള്‍ പുറത്ത് വരുന്നത്. ഇപ്പോള്‍ രാജ്യത്തെ നമ്പര്‍ 1 ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ബെസ്റ്റ് സെല്ലറുകളിലൊന്നായ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ (Hero Splendor Plus) വില കൂട്ടിയിരിക്കുകയാണ്. നിര്‍മ്മാണ ചെലവ് കൂടിയതിനെ തുടര്‍ന്നാണ് ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഐക്കണിക് ബൈക്കിന്റെ വില പുതുക്കി നിശ്ചയിച്ചത്. എതിരാളികളും വില കൂട്ടുന്ന പശ്ചാത്തലത്തിലാണ് ഹീറോയുടെയും ഈ നീക്കം.
സാധാരണക്കാര്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഇടയില്‍ ഏറെ സ്വീകാര്യതയുള്ള ഈ ബൈക്കിന്റെ പുതിയ വില വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. അടുത്തിടെ പുറത്തിറങ്ങിയ 125 മില്യണ്‍ എഡിഷന്‍ ഒഴിച്ച് സ്‌പ്ലെന്‍ഡര്‍ പ്ലസ് ലൈനപ്പിലുടനീളം വില വര്‍ധനവ് നടപ്പാക്കി. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ അടിസ്ഥാന മോഡലിന്റെ പുതിയ വില 74152 രൂപയാണ്.

മുമ്പ് ഉണ്ടായിരുന്ന വിലയെ അപേക്ഷിച്ച് നേരിയ വര്‍ധനവ് മാത്രമാണ് എന്‍ട്രി ലെവല്‍ വേരിയന്റില്‍ കമ്പനി വരുത്തിയിരിക്കുന്നത്. എങ്കിലും ഓണ്‍-റോഡ് വിലയില്‍ ഈ മാറ്റം പ്രകടമാകും. ടോപ് സ്‌പെക് Xtec 2.0 ഡിസ്‌ക് വേരിയന്റിന് ഇനി മുതല്‍ 80471 രൂപ മുടക്കണം. എല്ലാ വേരിയന്റുകള്‍ക്കും 250 രൂപ വീതമാണ് വര്‍ധിച്ചത്. താഴെ നല്‍കിയ പട്ടികയില്‍ വില വര്‍ധനവിനെ കുറിച്ച് വിശദമായി വായിക്കാം.
| വേരിയന്റ് | പഴയ വില | പുതിയ വില | വ്യത്യാസം |
|---|---|---|---|
| Drum | Rs. 73,902 | Rs. 74,152 | Rs. 250 |
| i3S | Rs. 75,055 | Rs. 75,305 | Rs. 250 |
| 125 Million | Rs. 76,437 | Rs. 76,437 | 0 |
| Xtec | Rs. 77,428 | Rs. 77,678 | Rs. 250 |
| Xtec 2.0 (Drum) | Rs. 79,964 | Rs. 80,214 | Rs. 250 |
| Xtec 2.0 (Disc) | Rs. 80,471 | Rs. 80,721 | Rs. 250 |
ഹീറോയുടെ പുതിയ വില പരിഷ്‌കാരം ഉപഭോക്താക്കളുടെ തീരുമാനങ്ങളെ ഒരിക്കലും ബാധിക്കാനിടയില്ല. നിസാരമായ വില വര്‍ധനവ് മാത്രം ലഭിച്ചതിനാല്‍ തന്നെ ഹീറോയുടെ മോഡല്‍ നിരയിലെ ഏറ്റവും ജനപ്രിയ മോഡലായി സ്‌പ്ലെന്‍ഡര്‍ പ്ലസ് തുടരും. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ വില ക്രമേണ വര്‍ദ്ധിച്ചുവരികയാണ്.
2025-ന്റ തുടക്കത്തില്‍ സ്്‌പ്ലെന്‍ഡര്‍ പ്ലസ് ബേസ് വേരിയന്റിന്റെ വില 80,000 രൂപ കടന്നിരുന്നു. എന്നിരുന്നാലും, 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന GST 2.0 നികുതി പരിഷ്‌കാരങ്ങള്‍ വില നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചു. ഐതിഹാസിക മോഡലിന്റെ സ്‌റ്റൈലിംഗില്‍ വലിയ മാറ്റങ്ങള്‍ ഇല്ലെങ്കിലും മോഡലിനെ കാലികമായി നിലനിര്‍ത്താന്‍ യുവത്വം തുളുമ്പുന്ന നിറങ്ങളും ഗ്രാഫിക്‌സും ഹീറോ നല്‍കാറുണ്ട്.
97.2 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ സ്‌പ്ലെന്‍ഡറിന്റെ ഹൃദയം. ഇത് 7.09 bhp പവറും 8.05 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 4 സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന്‍ നഗരയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മൈലേജിന്റെ കാര്യത്തില്‍ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഇപ്പോഴും പുലിയാണ്. സ്‌പ്ലെന്‍ഡര്‍ പ്ലസ് ലിറ്ററിന് 60 മുതല്‍ 70 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഐ3എസ് (i3S) സാങ്കേതികവിദ്യയാണ് ഇതിന് സഹായിക്കുന്ന പ്രധാന സവിശേഷത. ട്രാഫിക് ബ്ലോക്കുകളില്‍ ഇന്ധനം ലാഭിക്കാന്‍ ഈ ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം സഹായിക്കും. ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍ തുടങ്ങിയവ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (IBS) ഉപയോഗിച്ചാണ് സ്‌പ്ലെന്‍ഡര്‍ പ്ലസില്‍ സുരക്ഷ ഉറപ്പാക്കുന്നത്. മുന്‍വശത്തും പിന്നിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നു. കൂടുതല്‍ പവറും സവിശേഷതകളും ആഗ്രഹിക്കുന്നവര്‍ക്കായി സ്‌പ്ലെന്‍ഡര്‍ പ്ലസ് Xtec പതിപ്പ് ഹീറോ വിപണിയിലെത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ഈ പതിപ്പില്‍ ലഭ്യമാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള സ്‌പ്ലെന്‍ഡര്‍ വേരിയന്റുകള്‍ ഹീറോ ഓഫര്‍ ചെയ്യുന്നതിനാലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കായി അത് തുടരുന്നത.. കുറഞ്ഞ പരിപാലന ചെലവും എളുപ്പത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യമാകുകയും ചെയ്യുന്നതിനാല്‍ ഇടത്തരക്കാരായ ആളുകള്‍ കണ്ണുംപൂട്ടി വാങ്ങുന്ന കമ്മ്യൂട്ടര്‍ ബൈക്ക് സ്‌പ്ലെന്‍ഡറാണ്.
ദീര്‍ഘകാലം ഈടുനില്‍ക്കുന്ന നിര്‍മ്മാണ രീതിയും മികച്ച റീസെയില്‍ വാല്യുവും ബൈക്കിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവയുടെ കൂടെ സര്‍വീസ് ശൃംഖലയുടെ വ്യാപ്തിയും ഉപഭോക്തൃ വിശ്വാസവും ഹീറോയ്ക്ക് തുണയാകുന്നു. ബൈക്കിന്റെ ഓരോ ഭാഗവും ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍ ഈ വില വര്‍ധനവ് സ്‌പ്ലെന്‍ഡറിന്റെ വിപണിയിലെ സ്വാധീനത്തെ വലിയ തോതില്‍ ബാധിക്കാന്‍ ഇടയില്ല.


Click it and Unblock the Notifications








