കുറഞ്ഞ വിലയിൽ ഒരു കഫേ റേസർ! പുത്തൻ ഡിസൈനിൽ ഹീറോ സ്പ്ലെൻഡർ പ്രോ ക്ലാസിക് വീണ്ടുമെത്തുമ്പോൾ
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജനപ്രിയ റെട്രോ മോഡലായ 'ഹീറോ സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്' (Hero Splendor Pro Classic) ബൈക്കിന്റെ പുതിയ ഡിസൈന്‍ പേറ്റന്റ് രാജ്യത്ത് ഔദ്യോഗികമായി ഫയല്‍ ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഈ ഐക്കോണിക് റെട്രോ ബൈക്ക് പുത്തന്‍ മാറ്റങ്ങളോടെ വിപണിയിലേക്ക് തിരിച്ചെത്തുന്നതിന്റെ കൃത്യമായ സൂചനയാണിത്. 2014-ല്‍ വിപണിയില്‍ എത്തിയ ഈ കമ്മ്യൂട്ടര്‍ മോഡല്‍, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 2018-ലാണ് കമ്പനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.
എന്നാല്‍ നിലവില്‍ പുറത്തുവന്ന പുതിയ പേറ്റന്റ് ചിത്രങ്ങള്‍ അനുസരിച്ച്, ആധുനികമായ മാറ്റങ്ങളോടെ ഈ ക്ലാസിക് മോട്ടോര്‍സൈക്കിളിനെ വീണ്ടും വിപണിയില്‍ സജീവമാക്കാനാണ് ഹീറോ ഇപ്പോള്‍ പദ്ധതിയിടുന്നത്. നിലവില്‍ ഹീറോ മോട്ടോകോര്‍പ്പ് തിരഞ്ഞെടുത്ത ആഫ്രിക്കന്‍ വിപണികളില്‍ മാത്രം വില്‍ക്കുന്ന 'ഹീറോ ഹണ്ടര്‍ 150' (Hero Hunter 150) എന്ന റെട്രോ സ്‌റ്റൈല്‍ കമ്മ്യൂട്ടര്‍ ബൈക്കിനോട് പുതിയ പേറ്റന്റ് ഡിസൈനിന് വലിയ സാമ്യമുണ്ട്.

ഇന്ത്യയില്‍ കഫേ റേസര്‍ ഡിസൈനുകള്‍ക്ക് ജനപ്രീതി കൂടുന്ന പശ്ചാത്തലത്തിലാണ് ഹീറോയുടെ ഈ നീക്കം. പഴയ മോഡലിന്റെ സിഗ്‌നേച്ചര്‍ ലോ-സ്ലങ് സ്റ്റാന്‍സ്, സിംഗിള്‍ സീറ്റ് ഘടന, കഫേ റേസര്‍ ശൈലിയിലുള്ള രൂപം എന്നിവ പുതിയ പതിപ്പിലും നിലനിര്‍ത്തിയിട്ടുണ്ട്. വലിപ്പത്തിലും ഘടനയിലും പഴയ മോഡലിന്റെ പാരമ്പര്യം നിലനിര്‍ത്തുമ്പോള്‍ തന്നെ നഗര യാത്രകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം.
പുതിയ രൂപത്തില്‍ എത്തുമ്പോള്‍ വാഹനത്തില്‍ വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട എക്‌സ്റ്റീരിയര്‍ മാറ്റം റൗണ്ട് എല്‍ഇഡി (LED) ഹെഡ്ലാമ്പിന്റെ സാന്നിധ്യമായിരിക്കും. കൂടാതെ പഴയ സ്‌പോക്ക് വീലുകള്‍ക്ക് പകരം കൂടുതല്‍ പ്രായോഗികത ഉറപ്പാക്കുന്ന പുതിയ അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും ഇതില്‍ ഉള്‍പ്പെടുത്തും. ബൈക്കിന്റെ മുന്‍ഭാഗത്തായി രണ്ട് റൗണ്ട് ഡയലുകള്‍ അടങ്ങിയ 'ഡ്യുവല്‍-പോഡ്' ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് പേറ്റന്റില്‍ ദൃശ്യമാകുന്നത്.

സ്‌പ്ലെന്‍ഡര്‍ ലൈനപ്പില്‍ തന്നെ തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു ഡിജിറ്റല്‍-അനലോഗ് കണ്‍സോള്‍ ആയിരിക്കും ഈ മോഡലിനായി കമ്പനി സജ്ജമാക്കുന്നത്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍, വിശ്വസനീയമായ 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയായിരിക്കും ഈ കാറ്റഗറിയില്‍ കമ്പനി നിലനിര്‍ത്തുക. പരമാവധി 8.2 bhp പവറും 8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 4 സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിക്കും.
ഇവയ്ക്ക് പുറമെ കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഈ ബൈക്കിന്റെ ഒരു 125 സിസി വേരിയന്റ് കൂടി വിപണിയില്‍ എത്തിക്കാന്‍ ഹീറോ ആലോചിക്കുന്നുണ്ട്. ബദല്‍ ഇന്ധന സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഫ്‌ലെക്‌സ്-ഫ്യുവല്‍ (Flex-Fuel) ശേഷിയുള്ള എഞ്ചിനും പരിഗണനയിലുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടുമ്പോള്‍, നിലവിലുള്ള സ്‌പ്ലെന്‍ഡര്‍ പ്ലസ് (Splendor Plus), എക്സ്ടെക് (Xtec) വേരിയന്റുകള്‍ക്ക് ഇടയിലായിരിക്കും ഈ പ്രോ ക്ലാസിക് മോഡലിന്റെ സ്ഥാനം.
ഇന്ത്യന്‍ വിപണിയില്‍ റെട്രോ ശൈലിയിലുള്ള ബൈക്കുകള്‍ക്ക് വലിയ രീതിയില്‍ ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സമയത്താണ് സ്‌പ്ലെന്‍ഡര്‍ ബ്രാന്‍ഡിന് കീഴില്‍ ഈ ക്ലാസിക് മോഡല്‍ തിരിച്ചെത്തുന്നത്. ഇത് ഹീറോ സ്‌പ്ലെന്‍ഡറിന്റെ വര്‍ഷങ്ങളായുള്ള പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. 1990-കളിലെ യഥാര്‍ത്ഥ സ്‌പ്ലെന്‍ഡര്‍ ബൈക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രത്യേക കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമായേക്കും.
കുറഞ്ഞ വിലയില്‍ ക്ലാസിക് ഡിസൈനും മികച്ച മൈലേജും ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ മോഡലിന് സാധിക്കും. എന്‍ട്രി ലെവല്‍ ബൈക്ക് സെഗ്മെന്റില്‍ മറ്റ് ബ്രാന്‍ഡുകളേക്കാള്‍ മേധാവിത്വം നേടാന്‍ ഇതിലൂടെ ഹീറോക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹീറോ സ്പ്ലെൻഡർ പ്രോ ക്ലാസിക് ബൈക്കിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ കമന്റ് ബോക്സിൽ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications