വെറും 44,990 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, ഒപ്പം അത്യാധുനിക ഫീച്ചറുകളും; ബജറ്റ് വിപണി ലക്ഷ്യമിട്ട് ഹീറോ
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. തങ്ങളുടെ ഇലക്ട്രിക് ബ്രാന്‍ഡായ വിഡയ്ക്ക് (Vida) കീഴില്‍ 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ നാലാം സ്ഥാനത്തുള്ള ഹീറോ, വരും വര്‍ഷങ്ങളില്‍ ഒന്നാമതെത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വാഹന ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി വലിയ നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ പ്രതിവര്‍ഷം 3.3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഹീറോ നിര്‍മ്മിക്കുന്നത്. എന്നാല്‍ 2027-ഓടെ ഇത് ഇരട്ടിയാക്കി 6.6 ലക്ഷമായി ഉയര്‍ത്താനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. വിഡ ബ്രാന്‍ഡിന് കീഴിലുള്ള മോഡലുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ഈ വലിയ വിപുലീകരണത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്. പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ഹീറോയുടെ നീക്കം.

ഈ വരുന്ന ഓഗസ്റ്റ് മാസത്തില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ വലിയ ഡിമാന്‍ഡുള്ളത് കണക്കിലെടുത്താണ് ഹീറോ ഈ നീക്കം നടത്തുന്നത്. നിലവില്‍ വിഡ VX2 എന്ന ബജറ്റ് മോഡല്‍ കമ്പനി വില്‍ക്കുന്നുണ്ട്.
പുതിയ സ്‌കൂട്ടറിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറിയ ബാറ്ററി പായ്ക്കുകള്‍ക്ക് പകരം 3.8 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്ക് പുതിയ മോഡലില്‍ ഉള്‍പ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. ഇത് ഇലക്ട്രിക് ഇരുചക്രവാഹനത്തിന് മികച്ച റേഞ്ച് നല്‍കാന്‍ സഹായിക്കും. കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ പുതിയ മാറ്റം വലിയ ആശ്വാസമായിരിക്കും.
ബാറ്ററി സംവിധാനത്തിലും ഹീറോ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. നിലവില്‍ ഹീറോ വില്‍ക്കുന്ന എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളിലും റിമൂവബിള്‍ ബാറ്ററികളാണുള്ളത്. എന്നാല്‍ പുതിയ മോഡലില്‍ ഫിക്‌സഡ് ബാറ്ററി പായ്ക്ക് നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുവഴി അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ് (Boot Space) വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കൂടുതല്‍ പ്രായോഗികമായ ഡിസൈനായിരിക്കും പുതിയ സ്‌കൂട്ടറിനുണ്ടാവുക എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
കുറഞ്ഞ വിലയില്‍ സ്‌കൂട്ടര്‍ ലഭ്യമാക്കാനായി ഇതിനോടകം തന്നെ 'ബാറ്ററി ആസ് എ സര്‍വീസ്' (BaaS) സ്‌കീമും ഹീറോ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം ബാറ്ററി ഒഴികെയുള്ള ഭാഗങ്ങളുടെ വില നല്‍കി സ്‌കൂട്ടര്‍ വാങ്ങാം. ബാറ്ററി ഉപയോഗിക്കുന്നതിന് അനുസരിച്ചുള്ള മാസവാടക നല്‍കിയാല്‍ മതിയാകും. വിഡ VX2 മോഡലുകള്‍ ഇപ്പോള്‍ വെറും 44,990 രൂപയ്ക്ക് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും.
സ്‌കൂട്ടറുകള്‍ക്ക് പുറമെ ഇലക്ട്രിക് ബൈക്ക് വിപണിയിലേക്കും ഹീറോ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലിങ്ക്‌സ് (Lynx) എന്ന ട്രയല്‍ ബൈക്കും ഉബെക്‌സ് (Ubex) എന്ന അര്‍ബന്‍ ഇലക്ട്രിക് ബൈക്കും 2027-ഓടെ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ ഷോകളില്‍ ഈ വാഹനങ്ങള്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ക്കായുള്ള ഡേര്‍ട്ട്.e K3 (Dirt.e K3) എന്ന ബൈക്കും വിഡ ബ്രാന്‍ഡിന് കീഴിലുണ്ട്.
ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് ഹീറോയുടെ പുതിയ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിപുലമായ സര്‍വീസ് ശൃംഖലയും വിശ്വസ്തതയും ഹീറോയ്ക്ക് ഈ മേഖലയില്‍ മുന്‍തൂക്കം നല്‍കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിലൂടെ വിഡ ബ്രാന്‍ഡ് വരും വര്‍ഷങ്ങളില്‍ വിപണിയിലെ താരമാകുമെന്ന് ഉറപ്പാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനോടകം തന്നെ വലിയ ആകാംക്ഷയാണ് ഈ ലോഞ്ച് സൃഷ്ടിച്ചിരിക്കുന്നത്.


Click it and Unblock the Notifications