പഴയ ഡിയോ അല്ലിത്! യൂത്തിനെ കറക്കി വീഴ്ത്തുന്ന മാറ്റങ്ങളുമായി ഡിയോ X എഡിഷൻ ഉടൻ വിപണിയിൽ
യൂത്തിന്റെ ഹരമായ ഡിയോ 125 സ്‌പോര്‍ട്ടി സ്‌കൂട്ടറിന് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ലോഞ്ചിന് മുന്നോടിയായി ഡിയോ 125 X എഡിഷനിന്റെ പ്രധാന സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തി. നിലവിലുള്ള ഡിയോ 125 മോഡലിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറില്‍ കമ്പനി ചില സൗന്ദര്യ വര്‍ധക മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പ്രകടനം മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പുതിയ രൂപം ഡിയോ 125 X എഡിഷനിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സ്‌റ്റൈലിഷും സ്‌പോര്‍ട്ടിയുമായ സ്‌കൂട്ടര്‍ തിരയുന്ന യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച പുതിയ ഡിയോ പതിപ്പിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
പുതിയ ഡിയോ 125 X എഡിഷനിന്റെ (Honda Dio 125 X Edition) പ്രധാന ആകര്‍ഷണം അതിന്റെ ഡ്യുവല്‍ ടോണ്‍ ബോഡി ഫിനിഷാണ്. പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് ഈ സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ബ്ലൂ, സില്‍വര്‍ കളറുകള്‍ സംയോജിക്കുന്ന പുതിയ പെയിന്റ് സ്‌കീം സിംഗിള്‍ ടോണ്‍ സ്റ്റാന്‍ഡേര്‍ഡ് ഡിയോയില്‍ നിന്ന് വേര്‍തിരിക്കുന്നതോടൊപ്പം സ്‌പോര്‍ട്ടി ലുക്കും നല്‍കുന്നു.

മാത്രമല്ല സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ബോഡി പാനലുകളില്‍ പുതിയ 'X എഡിഷന്‍' ഗ്രാഫിക്‌സുകളും ഫ്രണ്ട് ഏപ്രണില്‍ പ്രത്യേക ഡീക്കലുകളും ഓറഞ്ച് നിറത്തിലുള്ള അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. പുതിയ ഡിയോ X എഡിഷനിന്റെ പ്രധാനപ്പെട്ട ഹൈലൈറ്റുകളില്‍ ഒന്ന് അതിലെ ടിഎഫ്ടി (TFT) ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ഈ ഫുള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയിലൂടെ തത്സമയം അറിയാന്‍ സാധിക്കും.
യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള അത്യാധുനിക ഫീച്ചറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ 123.92 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഡിയോ X എഡിഷനിലും ഉപയോഗിച്ചിരിക്കുന്നത്. ഹോണ്ടയുടെ PGM-FI (പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍) സാങ്കേതികവിദ്യയുള്ള ഈ എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 8.30 PS പവറും 5000 ആര്‍പിഎമ്മില്‍ 10.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഐഡില്‍ സ്റ്റോപ്പ് സിസ്റ്റം ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം നിശ്ചലാവസ്ഥയിലാകുമ്പോള്‍ എഞ്ചിന്‍ തനിയെ ഓഫാകുകയും ത്രോട്ടില്‍ നല്‍കുമ്പോള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന രീതിയാണിത്. സുരക്ഷയ്ക്കായി സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഫീച്ചറും ഹോണ്ട ഇതില്‍ നല്‍കിയിട്ടുണ്ട്.
മുന്നില്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും ഡിസ്‌ക് ബ്രേക്കുമാണ് സുഗമമായ യാത്രയ്ക്കായി സഹായിക്കുന്നത്. കൂടാതെ, സീറ്റ് തുറക്കാതെ തന്നെ ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ലിഡ്, യുഎസ്ബി ടൈപ്പ്-C ചാര്‍ജിംഗ് പോര്‍ട്ടോടു കൂടിയ ഗ്ലൗ ബോക്‌സ്, പാസ് സ്വിച്ച് തുടങ്ങിയ സൗകര്യങ്ങളും ഡിയോ 125 X എഡിഷനില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഹോണ്ടയുടെ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഡിയോ 125 X എഡിഷന്റെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂട്ടറിന്റെ കൃത്യമായ വിലയോ ലോഞ്ച് തീയതിയോ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരും ആഴ്ചകളില്‍ തന്നെ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടര്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് കരുതുന്നത്. ഏകദേശം 93,000 മുതല്‍ 93,500 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.
യൂത്ത് സെഗ്മെന്റില്‍ വലിയ സ്വാധീനമുള്ള ഹോണ്ട ഡിയോ നിരയിലേക്ക് പുതിയ X എഡിഷന്‍ കൂടി എത്തുന്നതോടെ മത്സരം കൂടുതല്‍ ശക്തമാകും. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ്, സുസുക്കി അവെനിസ് തുടങ്ങിയ സ്‌കൂട്ടറുകളുമായാണ് ഡിയോ 125 മത്സരിക്കുന്നത്. യുവത്വം തുളുമ്പുന്ന സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും സ്‌കൂട്ടറിന്റെ വില്‍പന ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








