ആക്ടിവ ഇലക്ട്രിക്കിന്റെ 'ക്ഷീണം' തീര്‍ക്കുമോ! ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് ഇന്ത്യയിലേക്ക്
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട (Honda) ഇതിനോടകം രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. രാജ്യത്തെ ഇവി നിര വിപുലീകരിക്കുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് തങ്ങളുടെ കരുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ 'WN7' (Honda WN7) കമ്പനി ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു. 2024-ലെ EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച 'ഫണ്‍' (Fun) കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഇത്. പേറ്റന്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് പുത്തന്‍ മോഡല്‍ വഴിയൊരുക്കിയിരിക്കുന്നത്.
ഹോണ്ടയുടെ ആദ്യത്തെ ഫുള്‍-സൈസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന പ്രത്യേകത കൂടി WN7 എന്ന ഈ മോഡലിനുണ്ട്. 'വിന്‍ഡ്' (Wind) എന്ന പ്രമേയത്തില്‍ നിന്നാണ് 'W' എന്ന അക്ഷരം വരുന്നത്. നേക്കഡ് ഡിസൈനിനെ സൂചിപ്പിക്കാന്‍ 'N' എന്നും, വാഹനത്തിന്റെ പവര്‍ ക്ലാസിനെ സൂചിപ്പിക്കാന്‍ '7' എന്ന അക്കവും പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒരു സ്‌പോര്‍ട്ടി നേക്കഡ് ബൈക്കിന്റെ എല്ലാ കരുത്തും ഈ ടൂവീലറിനുണ്ട്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, വലിയ 9.3kWh ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 11kW, 18kW എന്നിങ്ങനെ രണ്ട് മോട്ടോര്‍ ഓപ്ഷനുകളില്‍ ഈ ഇവി ലഭ്യമാണ്. 18kW പതിപ്പ് ഏകദേശം 50kW വരെ പവര്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, രണ്ട് മോഡലുകളിലും 100Nm ടോര്‍ക്ക് കണക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നു. വേഗതയും കരുത്തും ഒത്തിണങ്ങിയ എഞ്ചിനീയറിംഗ് വിസ്മയമാണിത്.
ചാര്‍ജിംഗ് സൗകര്യങ്ങളുടെ കാര്യത്തിലും ഹോണ്ട WN7 ഏറെ മുന്നിലാണ്. സാധാരണ ടൈപ്പ് 2 ചാര്‍ജറുകള്‍ക്ക് പുറമെ, കാറുകളില്‍ ഉപയോഗിക്കുന്ന CCS2 ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വളരെ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി റൈഡുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ചാര്‍ജിംഗ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്.
വ്യത്യസ്തമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട്, റെയിന്‍, ഇക്കോണ്‍ എന്നീ നാല് റൈഡിംഗ് മോഡുകള്‍ ഇതിലുണ്ട്. ഓരോ മോഡിലും വാഹനത്തിന്റെ ട്രാക്ഷന്‍ കണ്‍ട്രോള്‍ നിലവാരം വ്യത്യാസപ്പെടും. ഇത് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. കൂടാതെ, സ്മാര്‍ട്ട്ഫോണ്‍ പെയറിംഗ് സൗകര്യമുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ഇവി സ്‌പെസിഫിക് മെനുവും ഇതിന്റെ പ്രത്യേകതയാണ്.
കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന ലുക്കുമായി വരുന്ന ഈ ഇവി ബൈക്കിന് സിംഗിള്‍ സൈഡഡ് സ്വിംഗ് ആം ആണ് നല്‍കിയിരിക്കുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും ഹോണ്ട ഇവി ബൈക്കിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. സ്‌പോര്‍ട്ടി ബോഡി ഗ്രാഫിക്‌സുകള്‍ ഇതിന് ഒരു പ്രത്യേക ചടുലത നല്‍കുന്നു.ഗ്ലോസ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഹോണ്ട WN7 ആഗോള വിപണിയില്‍ ലഭ്യമാക്കുന്നത്.

യുകെയില്‍ ഹോണ്ട WN7 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 12,999 പൗണ്ട് ആണ്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 16.80 ലക്ഷം രൂപ വരും. ഈ ബൈക്ക് എന്ന് ഇന്ത്യയില്‍ എത്തും എന്നറിയാന്‍ ആയിരിക്കും എല്ലാവര്‍ക്കും ആഗ്രഹം. ഇന്ത്യയില്‍ പേറ്റന്റ് ഫയല്‍ ചെയ്‌തെങ്കിലും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഉടന്‍ നിരത്തിലെത്താന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ (IPR) ഭാഗമായിട്ടാകാം ഹോണ്ട ഇത്തരം പേറ്റന്റുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുമ്പും ഹോണ്ട പല ആഗോള മോഡലുകളും ഇത്തരത്തില്‍ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണി ശൈശദശയിലാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാര്യത്തില്‍ തന്നെ 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍ക്കാണ് നിലവില്‍ ഡിമാന്‍ഡ് കൂടുതല്‍.

ഈ സാഹചര്യത്തില്‍ WN7 പോലുള്ള ഉയര്‍ന്ന വിലയുള്ള പ്രീമിയം ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. എങ്കിലും ഹോണ്ടയുടെ ഈ നീക്കം ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കുള്ള സൂചനയാകാം. സാങ്കേതികത്തികവുറ്റ ഒരു പവര്‍ഫുള്‍ ഇലക്ട്രിക് ബൈക്ക് സ്വപ്നം കാണുന്നവര്‍ക്ക് ഹോണ്ട WN7 നല്ല ചോയ്‌സായിരുന്നു. എങ്കിലും ഈ മോഡല്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്ന കാര്യം ഇപ്പോള്‍ പറയാറായിട്ടില്ല.


Click it and Unblock the Notifications