കൊച്ചിയില്‍ ഇനി 'സ്മാര്‍ട്' പട്രോളിംഗ്! അത്യാധുനിക ന്യൂമെറോസ് ഇ-സ്‌കൂട്ടറുകള്‍ പോലീസ് സേനയില്‍
പോലീസ് വാഹനങ്ങള്‍ എന്ന് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചില മോഡലുകള്‍ ഉണ്ടാകും. ബൈക്കുകളുടെ കാര്യമെടുത്താല്‍ റോയല്‍ എന്‍ഫീല്‍ഡ് പോലീസ് സേനയുടെ ഔദ്യോഗിക പട്രോളിംഗ് ബൈക്ക് ആയിരുന്ന സ്ഥിതിയില്‍ നിന്ന് മാറ്റം സംഭവിച്ചു. കൂടുതല്‍ വേഗതയും വിശ്വാസ്യതയുമുള്ള മോഡേണ്‍ മോട്ടോര്‍സൈക്കിളുകള്‍ സേനയുടെ ഭാഗമായി. ഹോണ്ട, ബജാജ്, സുസുക്കി, ടിവിഎസ്, ഹീറോ എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള ജനപ്രിയ മോഡലുകള്‍ക്ക് പുറമെ ഹാര്‍ലി ഡേവിഡ്‌സണ്‍ വരെ ഉപയോഗിക്കുന്ന പോലീസ് സേന ഇന്ന് രാജ്യത്തുണ്ട്. കാലഘട്ടത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി കേരള പോലീസ് സമീപകാലത്തായി സീറോ എമിഷന്‍ വാഹനങ്ങള്‍ കൂടുതലായി തങ്ങളുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.
ഏഥര്‍, റിവോള്‍ട്ട് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇതിനോടകം കേരള പോലീസിന്റെ ഭാഗമാണ്. ഇപ്പോള്‍ നഗരത്തിലെ സുരക്ഷാ പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസിന് അഞ്ച് അത്യാധുനിക ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭിച്ചിരിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ന്യൂമെറോസ് മോട്ടോര്‍സാണ് തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'ഡിപ്ലോസ്' (Diplos) പോലീസിന് കൈമാറിയത്.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് ഇവി നിര്‍മാതാക്കള്‍ ഈ പദ്ധതി നടപ്പിലാക്കിയത്. ശനിയാഴ്ച (14 ഫെബ്രുവരി 2026) വൈകീട്ട് കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് വാഹനങ്ങള്‍ കൈമാറി. കോര്‍പ്പറേറ്റ് നവീകരണവും സാമൂഹിക സേവനവും നിയമപാലന സംവിധാനവും തമ്മിലുള്ള മികച്ച ഏകോപനത്തിന് ഈ സഹകരണം സാക്ഷ്യം വഹിച്ചു. നഗരത്തിലെ പട്രോളിംഗ് കൂടുതല്‍ സുഗമമാക്കാന്‍ പുതിയ ന്യൂമെറോസ് ഡിപ്ലോസ് ഇവികള്‍ പോലീസിനെ സഹായിക്കും.
പോലീസ് പട്രോളിംഗ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളിലും നിര്‍മാതാക്കള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പബ്ലിക് അഡ്രസ് സിസ്റ്റം, സൈറണ്‍, ബീക്കണ്‍ ലൈറ്റുകള്‍, ഈഗിള്‍ ഐ ലൈറ്റുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വാക്കീ ടോക്കി ഹോള്‍ഡര്‍, യൂട്ടിലിറ്റി ബോക്‌സ്, ഹെല്‍മെറ്റുകള്‍ എന്നിവയും ഈ പാക്കേജിന്റെ ഭാഗമായുണ്ട്. ന്യൂമെറോസ് മോട്ടോര്‍സിന്റെ കരുത്തുറ്റ 'ഡിപ്ലോസ്' പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ സ്‌കൂട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളം 14 ദശലക്ഷം കിലോമീറ്ററിലധികം പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പ്ലാറ്റ്ഫോമാണ് ഡിപ്ലോസ്. ഇത്രയധികം ദൂരം പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ഒഇഎം (OEM) എന്ന നേട്ടവും ന്യൂമെറോസിന് സ്വന്തമാണ്. പോലീസിന്റെ പട്രോളിംഗിന് അനുയോജ്യമായ ഈടും സ്ഥിരതയും ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉറപ്പുനല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
'സാമൂഹ്യ പങ്കാളിത്തവും പൊതുസുരക്ഷയും ഇറപ്പാക്കുന്നതിനുള്ള കൊച്ചി സിറ്റി പോലീസിന്റെ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ നഗരങ്ങളിലെ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തും. സാമൂഹ്യ സേവനം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ ഇത്തരം സഹകരണങ്ങളുടെ ഭാഗമാകുന്നത്' -ന്യൂമെറോസ് മോട്ടോര്‍സ് ചീഫ് ഓഫ് സ്റ്റാഫും പ്രോഗ്രാം മേധാവിയുമായ ബിജോയ് ജോര്‍ജ്ജ് പറഞ്ഞു.

തിരക്കേറിയ പ്രദേശങ്ങളിലും വിനോദസഞ്ചാര മേഖലകളിലും പട്രോളിംഗ് നടത്താന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മുതല്‍ക്കൂട്ടാകുമെന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് അഭിപ്രായപ്പെട്ടു. പോലീസിന് സമ്മാനിച്ച സിംഗിള്‍ സീറ്റ് ഡ്യൂവല്‍ ബാറ്ററി സ്‌കൂട്ടറുകളിൽ ഹബ് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
3.7 kWh NMC ബാറ്ററി പായ്ക്കുകളില്‍ നിന്നാണ് സ്‌കൂട്ടറുകള്‍ പവര്‍ എടുക്കുന്നത്. നീക്കം ചെയ്യാവുന്ന ഈ ബാറ്ററി പായ്ക്കുകളുടെ ഐഡിസി റേഞ്ച് 140 കിലോമീറ്ററാണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഫുള്‍ചാര്‍ജില്‍ ഏകദേശം 101 കിലോമീറ്റര്‍ ദൂരം ഓടാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകള്‍ ലഭ്യമാണ്. മണിക്കൂറില്‍ 63 കിലോമീറ്റര്‍ ടോപ് സ്പീഡുള്ള ഇവിക്ക് 12 ഡിഗ്രി ഗ്രേഡബിലിറ്റിയും ലഭിക്കുന്നു.
ഹൈബ്രിഡ് അല്ലെങ്കില്‍ അലോയ് വീലുകളാണ് ഇവിയില്‍ വരുന്നത്. രണ്ട് അറ്റങ്ങളിലും സ്‌റ്റോപ്പിംഗ് ഡ്യുട്ടി ചെയ്യുന്നത് ഡിസ്‌ക് ബ്രേക്കുകളാണ്. ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററിക്ക് ന്യൂമെറോസ് മോട്ടോര്‍സ് 3 വര്‍ഷം അല്ലെങ്കില്‍ 50000 കിലോമീറ്റര്‍ വാറണ്ടിയും നല്‍കുന്നുണ്ട്.2020-ല്‍ ശ്രേയസ് ഷിബുലാല്‍ സ്ഥാപിച്ച ന്യൂമെറോസ് മോട്ടോര്‍സ് നരസാപുരയിലെ 16 ഏക്കറിലുള്ള ഫാക്ടറിയിലാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിന് പ്രതിവര്‍ഷം 70,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.


Click it and Unblock the Notifications








