YAMAHA R15-ൻ്റെ പ്രതാപം തകർക്കുമോ KTM RC 160? 2 ലക്ഷത്തിന് വാങ്ങാൻ പറ്റിയ സ്പോർട്സ് ബൈക്കിതാണ്
ഓസ്ട്രിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കെടിഎം, തങ്ങളുടെ പുതിയ എൻട്രി-ലെവൽ സ്പോർട്സ് ബൈക്ക് RC 160 ഇന്ത്യയിൽ അവതരിപ്പിച്ചതോടെ രാജ്യത്ത് 150 സിസി സെഗ്മെൻ്റിൽ കനത്ത മത്സരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ നിലവിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള യമഹ R15-നായിരിക്കും RC 160 ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നത്. യമഹയുടെ വിപണിയിലെ ആധിപത്യം അവസാനിപ്പിക്കാൻ കെടിഎമ്മിന് കഴിയുമോ എന്ന് പലരും സംശയിക്കുന്നുണ്ട്. 2 ലക്ഷം രൂപ ബജറ്റിൽ 150 സിസി സെഗ്മെൻ്റിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ ഈ രണ്ട് മോഡലുകളിൽ ഏതാണ് മികച്ചത് എന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പുതിയ ബൈക്ക് വാങ്ങാൻ താൽപ്പര്യപ്പെടുന്നവർ തീർച്ചയായും വായിക്കാതെ പോകരുതേ.
യമഹ R15M സൂപ്പർ സ്പോർട് മോട്ടോർസൈക്കിളിന്റെ ഡിസൈൻ ഒന്ന് കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ R1M-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ R15M എത്തിയിരിക്കുന്നത്. ക്ലാസ് ഡി ബി-എൽഇഡി ഹെഡ്‌ലാമ്പ്, ആകർഷകമായ എയറോഡൈനാമിക് ഫെയറിംഗ്, മസ്കുലർ ബോഡി ഡിസൈൻ, എൽഇഡി പൊസിഷൻ ലൈറ്റുകൾ എന്നിവയെല്ലാമാണ് ഇതിന്റെ സവിശേഷതകളായി എടുത്തു പറയാനുളളത്

കെടിഎം RC 160-ൽ ബ്രാൻഡിന്റെ തനതായ RC-ശൈലിയിലുള്ള ഡിസൈൻ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. അഗ്രസീവും റേസിംഗ് പ്രചോദിതവുമായ ഡിസൈനാണ് ഇതിന് ലഭിക്കുന്നത്. RC 200-ൽ നിന്ന് കടമെടുത്ത നിരവധി ഡിസൈൻ ഘടകങ്ങളും എയറോഡൈനാമിക് ബോഡിയും മെച്ചപ്പെട്ട കൈകാര്യം ചെയ്യലും സ്ഥിരതയും ട്രാക്ക് കേന്ദ്രീകൃതമായ പെർഫോമൻസും ഉറപ്പാക്കുന്നു. മൊത്തത്തിൽ, RC 160 ഒരു യഥാർത്ഥ സ്പോർട്സ് ബൈക്കിന് സമാനമായ അഗ്രസീവ് രൂപം നൽകുന്നുണ്ട്.
എൻജിൻ പെർഫോമൻസിൻ്റെ കാര്യത്തിൽ ഇരു ബൈക്കുകളും മികച്ച കരുത്തും ഡെലിവറിയുമാണ് വാഗ്ദാനം ചെയ്യുന്നത്. കെടിഎം RC 160-ക്ക് 164.2 സിസി DOHC സിംഗിൾ സിലിണ്ടർ എൻജിൻ 9500 rpm-ൽ 19 PS കരുത്തും 7500 rpm-ൽ 15.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ യമഹ R15M-ൽ 155 സിസി SOHC VVA സിംഗിൾ സിലിണ്ടർ എൻജിനാണ്. ഇത് 10,000 rpm-ൽ 18.4 PS കരുത്തും 7500 rpm-ൽ 14.2 Nm ടോർക്കും നൽകുന്നു.

ഇരു വാഹനങ്ങൾക്കും 6 സ്പീഡ് ഗിയർബോക്സും ലിക്വിഡ് കൂളിംഗ് സംവിധാനവുമുണ്ട്. RC 160-യുടെ പരമാവധി വേഗത 118 കി.മീ/മണിക്കൂറാണെങ്കിൽ, R15M-ന് ഏകദേശം 130 കി.മീ/മണിക്കൂർ വേഗതയുണ്ട്. വലിപ്പം കുറഞ്ഞ എൻജിൻ ശേഷിയുണ്ടായിട്ടും, R15M പവർ ഔട്ട്പുട്ടിന്റെ കാര്യത്തിൽ RC 160-ക്ക് ഒപ്പമെത്തുന്നു എന്നതും ശ്രദ്ധേയമാണ്. R15-ലെ VVA സാങ്കേതികവിദ്യ മികച്ച ഇന്ധനക്ഷമതയും ഹൈവേകളിൽ കരുത്തുറ്റ പ്രകടനവും ഉറപ്പാക്കുന്നു.
RC 160-യും അതിന്റെ ഔട്ട്പുട്ട് കണക്കുകൾ പ്രകാരം മികച്ച പ്രകടനം കാഴ്ചവെക്കും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ, RC 160 ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ബൈക്കിന് ഉയർന്ന രീതിയിലുള്ള സ്റ്റെബിളിറ്റിയും നിയന്ത്രിക്കാൻ എളുപ്പവുമാക്കുന്നുണ്ട്. മുന്നിൽ 37 mm USD ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉണ്ട്. വലിയ ഡിസ്ക് ബ്രേക്കുകൾ (320/230 mm) ശക്തമായ ബ്രേക്കിംഗ് പ്രകടനവും ഉയർന്ന വേഗതയിൽ മികച്ച നിയന്ത്രണവും നൽകുന്നു.

അധികമായി, അൽപ്പം വലിയ ഫ്യുവൽ ടാങ്ക് (13.75 ലിറ്റർ) നീണ്ട ഹൈവേ യാത്രകളിൽ കെടിഎം മോഡലിന് ഒരു നേട്ടമാണ്. യമഹ R15M-ൽ ഡെൽറ്റബോക്സ് ഷാസി, USD ഫോർക്കുകൾ, ലിങ്ക്ഡ് മോണോഷോക്ക്, 282/220 mm ഡിസ്ക് ബ്രേക്കുകൾ എന്നിവയുണ്ട്. ഇരു ബൈക്കുകളിലും 17 ഇഞ്ച് അലോയി വീലുകളും ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും ട്യൂബ്ലെസ് ടയറുകളുമുണ്ട്. R15M-ൽ 11 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്.
ടെക്നോളജിയുടേയും ഫീച്ചറുകളുടെയും കാര്യത്തിൽ യമഹ R15M വ്യക്തമായ മുന്നേറ്റം കാണിക്കുന്നുണ്ട്. ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, അധിക കണക്ടിവിറ്റി ഓപ്ഷനുകൾ, കളർ TFT ഇൻസ്ട്രുമെന്റ് കൺസോൾ, നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, Y കണക്റ്റ് ആപ്പ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ ചാനൽ എബിഎസ്, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ്, അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച് സിസ്റ്റം എന്നീ ഫീച്ചറുകളും Yamaha R15M-ൽ ഉണ്ട്.
കെടിഎം RC 160 എല്ലാ അത്യാവശ്യ സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, R15M വാഗ്ദാനം ചെയ്യുന്ന നൂതന ഫീച്ചറുകൾക്കൊപ്പമെത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. മുഴുവനായും എൽഇഡി ലൈറ്റിംഗ് സെറ്റപ്പ്, ഡ്യുവൽ ചാനൽ എബിഎസ്, സൂപ്പർ മോട്ടോ മോഡ്, അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്, സ്പോർട്ടി സ്പ്ലിറ്റ് ഹാൻഡിൽബാർ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, CAN-എനേബിൾഡ് ഇലക്ട്രോണിക് സിസ്റ്റം തുടങ്ങിയവയാണ് RC 160-ലെ പ്രധാന ഫീച്ചറുകൾ.
വിലയുടെ കാര്യത്തിൽ, കെടിഎം RC 160-ന് 1.85 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വിലയായി മുടക്കേണ്ടത്. ഇത് യമഹ R15M-ന്റെ മുൻ വിലക്ക് സമാനമായിരുന്നു. എന്നാൽ, യമഹ അടുത്തിടെ R15 ശ്രേണിയിലെ വില 5,000 കുറച്ചതോടെ, R15M ഇപ്പോൾ 1.81 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) സ്വന്തമാക്കാൻ സാധിക്കും എന്നതൊരു പ്രത്യേകതയാണ്.
യമഹ R15 വർഷങ്ങളായി അതിന്റെ വിശ്വസനീയതയിലും പെർഫോമൻസിലും, ഇന്ധനക്ഷമത, ദൈന്യദിന ഉപയോഗത്തിനും എല്ലാം മുന്നിലാണ് എന്ന് തെളിയിച്ചിട്ടുണ്ട്. കെടിഎം RC 160 ഒരു പുതിയ ബൈക്കാണെങ്കിലും, കെടിഎമ്മിന്റെ RC സ്പോർട്സ് ബൈക്കുകളുടെ റേസിംഗ് പാരമ്പര്യം ഈ മോഡലിനും മുതൽക്കൂട്ടാണ് എന്നതാണ് ഗുണം.രണ്ട് മോഡലുകളും ഒപ്പത്തിനൊപ്പമാണെങ്കിലും ഉപഭോക്താവിൻ്റെ ആവശ്യമനുസരിച്ച് വേണം വാഹനം വാങ്ങാൻ.


Click it and Unblock the Notifications








