ഡൊമിനാർ ഫാൻസിന് ലോട്ടറി, ഒറ്റയടിക്ക് 37,000 വില കുറഞ്ഞു! 'ഹൃദയം' മാറ്റിവെച്ചിട്ടും പവർ കുറഞ്ഞില്ല
ബജാജ് ഓട്ടോയുടെ (Bajaj Auto) പ്രീമിയം സ്‌പോര്‍ട്‌സ് ടൂറര്‍ മോഡലായ ഡൊമിനാര്‍ 400 (Bajaj Dominar 400) ഇനി മുതല്‍ പുതിയ കരുത്തില്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. എഞ്ചിന്‍ ശേഷിയില്‍ വരുത്തിയ തന്ത്രപരമായ മാറ്റത്തിലൂടെ വാഹനത്തിന്റെ വിലയില്‍ ഏകദേശം 37,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവീകരിച്ച എഞ്ചിന്‍ ഘടിപ്പിച്ച ഡൊമിനാറിന്റെ പുതിയ പതിപ്പുകള്‍ രാജ്യത്തെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനോടകം എത്തിത്തുടങ്ങി. നിലവിലുണ്ടായിരുന്ന 400 സിസി എഞ്ചിന് പകരം 350 സിസി എഞ്ചിനാണ് പുതിയ ഡൊമിനാറില്‍ ബജാജ് നല്‍കിയിരിക്കുന്നത്.
എഞ്ചിന്‍ ഡിസ്പ്ലേസ്മെന്റ് 350 സിസിയില്‍ താഴെ ആക്കിയതോടെ ചരക്കുവേന നികുതി (GST) നിരക്ക് 18 ശതമാനമായി കുറഞ്ഞതാണ് ഡൊമിനാറിന്റെ വില ഇത്ര താഴാന്‍ പ്രധാന കാരണം. ജിഎസ്ടിയിലെ ഈ ഇളവ് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ലാഭമാണ് നേടിത്തരുന്നത്. വിലയിലെ മാറ്റം പരിശോധിച്ചാല്‍, പഴയ 400 സിസി മോഡലിന് ഏകദേശം 2.40 ലക്ഷം രൂപയായിരുന്നു എക്‌സ്-ഷോറൂം വില.

എന്നാല്‍ പുതിയ 350 സിസി എഞ്ചിനുമായി എത്തുന്ന ഡൊമിനാറിന് 2.03 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നതെന്ന് ഡീലര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ബൈക്ക്‌വാലെ റിപ്പോര്‍ട്ട് ചെയ്തു. ഡൊമിനാറിന് ലഭിച്ച ഈ വമ്പന്‍ വിലക്കുറവ് പ്രീമിയം ബൈക്ക് വിഭാഗത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റ് കുറഞ്ഞെങ്കിലും ബൈക്കിന്റെ പേരില്‍ '400' ബാഡ്ജ് നിലനിര്‍ത്തിയിട്ടുണ്ട്.
ട്രയംഫ് 350 സിസി മോഡലുകളില്‍ സ്വീകരിച്ച അതേ തന്ത്രം ബജാജും പിന്തുടരുകയായിരുന്നു. ബ്രിട്ടീഷ് ബ്രാന്‍ഡും ബജാജും ചേര്‍ന്നാണ് സ്പീഡ്, സ്‌ക്രാംബ്ലര്‍ മോഡലുകള്‍ വികസിപ്പിച്ചത്. ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് നമ്പര്‍ ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ ബൈക്കിന്റെ പെര്‍ഫോമന്‍സ് കുറഞ്ഞതായി കണക്കാക്കാനിടയുണ്ട്. എഞ്ചിന്‍ ശേഷിയിലെ മാറ്റം ബൈക്കിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കില്ലെന്ന ബോധ്യം ഉപഭോക്താക്കളില്‍ നിലനിര്‍ത്താനാണ് കമ്പനി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇത് ഡിമാന്‍ഡ് ഇടിയാതിരിക്കാന്‍ സഹായിക്കുമെന്നാണ് ബജാജ് കരുതുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, പുതിയ 349.13 സിസി എഞ്ചിന്‍ 40.4 bhp പവറും 33.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. മുന്‍ഗാമിയെ അപേക്ഷിച്ച് പവര്‍ 1 bhp കൂടിയിട്ടുണ്ടെങ്കിലും ടോര്‍ക്കില്‍ 2.8 Nm കുറവ് രേഖപ്പെടുത്തി. എഞ്ചിനിന്റെ സ്‌ട്രോക്ക് ലെങ്ത് 60 മില്ലിമീറ്ററില്‍ നിന്ന് 56.1 മില്ലിമീറ്ററായി കുറച്ചാണ് ഈ മാറ്റം വരുത്തിയത്. അതേസമയം ബോര്‍ സൈസ് 89 മില്ലിമീറ്ററില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു.
എഞ്ചിനിലെ ഈ ചെറിയ മാറ്റമല്ലാതെ ബൈക്കിന്റെ ഡിസൈനിലോ ഫീച്ചറുകളിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടില്ല. എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ തുടങ്ങിയവ അതേപടി തുടരും. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുന്നു. പുതിയ ഡൊമിനാര്‍ 400 പതിപ്പിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദമായ സ്‌പെസിഫിക്കേഷനുകളും ബജാജ് ഉടന്‍ വെളിപ്പെടുത്തും.

ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ എഞ്ചിനിലും ബജാജ് ഈ മാറ്റങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. വമ്പന്‍ വിലക്കുറവിലൂടെ കെടിഎം, ടിവിഎസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള എതിരാളികള്‍ക്ക് ഡൊമിനാര്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. സിറ്റി റൈഡിംഗിനും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ ഡൊമിനാറില്‍ നടത്തിയ 'ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ' മൈലേജിലും മാറ്റം വരുത്തിയേക്കാം.
ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഇന്ധനക്ഷമത ചെറുതായി വര്‍ധിക്കാനിടയുണ്ട്. കുറഞ്ഞ വിലയില്‍ പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് മികച്ച ഓപ്ഷനായി മാറുകയാണ് ഡൊമിനാര്‍ 400. ബജാജിന്റെ ഈ തീരുമാനം ശരിയായിരുന്നോ അതോ മണ്ടത്തരമായോ എന്ന് വരും മാസങ്ങളിലെ വില്‍പ്പന റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ മനസിലാകും.


Click it and Unblock the Notifications








