ഒറ്റത്തവണ കുത്തിയിട്ടാൽ 180 KM ഓടാം, വില ₹99,999 മാത്രം! ഇലക്ട്രിക് ബൈക്ക് വാങ്ങാൻ ഇനിയും മടിച്ച് നിൽക്കണോ?
ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ 'റോര്‍ ഇവോ' (Rorr EVO) ഇന്ത്യന്‍ വിപണിയിലെത്തിച്ച് പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒബെന്‍ ഇലക്ട്രിക്. പുതിയ ഒബെന്‍ റോര്‍ ഇവോയ്ക്ക് 1.25 ലക്ഷം രൂപയാണ് കമ്പനി എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് 1 ലക്ഷം രൂപയ്ക്ക് ടൂവീലര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. സാധാരണക്കാരുടെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഈ സ്‌പോര്‍ട്ടി ഇലക്ട്രിക് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മോഡലിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാഴ്ചയില്‍ തികച്ചും മസ്‌കുലര്‍ ആയ ബോഡി വര്‍ക്കുകളുമായാണ് ഒബെന്‍ റോര്‍ ഇവോ എത്തുന്നത്. പ്രൊജക്ടര്‍ ഹെഡ്ലാമ്പും സിഗ്‌നേച്ചര്‍ ഫ്രണ്ട് ലൈറ്റും ഇലക്ട്രിക് ബൈക്കിന് ആകര്‍ഷകമായ ലുക്ക് നല്‍കുന്നു. ദൈനംദിന ഉപയോഗത്തിന് മുന്‍ഗണന നല്‍കുന്ന ഡിസൈന്‍ ശൈലിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. പള്‍സ് റെഡ്, ന്യൂട്രോണ്‍ ബ്ലൂ, മാഗ്‌നറ്റിക് ബ്ലാക്ക്, ഫോട്ടോണ്‍ വൈറ്റ് എന്നിങ്ങനെ നാല് ആകര്‍ഷകമായ നിറങ്ങളില്‍ ഇവി ബൈക്ക് ലഭ്യമാണ്.

യുവാക്കളെയും പ്രായോഗികത ആഗ്രഹിക്കുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് ഇതിന്റെ രൂപകല്‍പ്പന.സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 9kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒബെന്‍ റോര്‍ ഇവോ ഇവി ബൈക്കിന് കരുത്തേകുന്നത്. സിംഗിള്‍-സ്റ്റേജ് ചെയിന്‍ ഡ്രൈവ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെറും മൂന്ന് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് സാധിക്കും. മണിക്കൂറില്‍ 110 കിലോമീറ്ററാണ് ഒബെന്‍ റോര്‍ ഇവോയുടെ പരമാവധി വേഗത.
ഈ പുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മികച്ച പെര്‍ഫോമന്‍സിനൊപ്പം സുഗമമായ ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 3.5kWh ശേഷിയുള്ള എല്‍എഫ്പി (LFP) ബാറ്ററി പായ്ക്കാണ് റോര്‍ ഇവോയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഒബെന്‍ റോര്‍ ഇവി 180 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി പറയുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കും നഗരയാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ IDC റേഞ്ച് കണക്കുകളാണ് ഇത്.

ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഈ ബൈക്കില്‍ ലഭ്യമാണ്. കമ്പനിയുടെ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റിനുള്ളില്‍ ബാറ്ററി 0-80% വരെ ചാര്‍ജ് ചെയ്യാം. ഒട്ടേറെ അത്യാധുനിക ഫീച്ചറുകള്‍ ഈ മോട്ടോര്‍സൈക്കിളില്‍ ഒബെന്‍ ഇലക്ട്രിക് സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയി, നാവിഗേഷന്‍, റൈഡ് ഡാറ്റ, കോള്‍-മെസേജ് അലേര്‍ട്ടുകള്‍ എന്നിവ ലഭിക്കുന്ന 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് അതില്‍ പ്രധാനം.
സ്മാര്‍ട്ട് ഐക്യു (SmartIQ) എന്ന എഐ അധിഷ്ഠിത റൈഡ് മോഡ് ഇതിലുണ്ട്. ഇത് ഡ്രൈവിംഗ് പാറ്റേണുകള്‍ വിശകലനം ചെയ്ത് റേഞ്ച് 15 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ റോര്‍ ഇവോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച തിരിച്ചറിഞ്ഞ് അടിയന്തര സന്ദേശം അയക്കുന്ന ഫാള്‍ ഡിറ്റക്ഷന്‍ (Fall Detection) ഇതില്‍ ലഭ്യമാണ്. കൂടാതെ യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ്, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം, ജിയോ ഫെന്‍സിംഗ് എന്നിവയും ഇതിലുണ്ട്.

സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഓരോ ഘടകങ്ങളും അതീവ ശ്രദ്ധയോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക സുരക്ഷാ സാങ്കേതികവിദ്യകള്‍ ബൈക്കിനെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. റോര്‍ ഇവോയുടെ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ വെറും 777 രൂപ നല്‍കി ഒബെന്‍ റോര്‍ ഇവോ ബുക്ക് ചെയ്യാവുന്നതാണ്. 2026 ജൂണ്‍ മാസം മുതല്‍ ബൈക്കിന്റെ ഡെലിവറി ആരംഭിക്കാനാണ് ഒബെന്‍ ഇലക്ട്രിക് ലക്ഷ്യമിടുന്നത്.
1 ലക്ഷം രൂപ ആമുഖ വിലയില്‍ റോര്‍ ഇവോ വില്‍പ്പനക്ക് വെച്ച് ആദ്യമായി ഇ-ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു സുവര്‍ണാവസരമാണ് ഒബെന്‍ മുന്നോട്ട്‌വെക്കുന്നത്. വിപണിയിലെ മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് വലിയ വെല്ലുവിളിയാണ് കുറഞ്ഞ വിലയുള്ള മോഡല്‍ വഴി ഒബെന്‍ സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഒബെന്‍ ഇലക്ട്രിക് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ധനവില വര്‍ദ്ധനവിനെത്തുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.
സര്‍വ്വീസ് സൗകര്യങ്ങളും വാറണ്ടിയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഉടന്‍ വ്യക്തമാക്കും. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അര്‍ബന്‍ മേഖലയില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് ഒബെന്‍ നീങ്ങുന്നത്. റോര്‍ ഇവോയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകളും വിശദമായ റിവ്യൂവും ഉടന്‍ തന്നെ ഞങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications