ഡെലിവറി ബോയ്‌സ് ഇനി പെട്രോൾ അടിക്കില്ല! വിപണി പിടിക്കാൻ ഒളിപ്പിച്ച 'രഹസ്യ ആയുധം' ഓല പുറത്തെടുക്കുന്നു
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമായ ഓല ഇലക്ട്രിക് കൊമേഴ്‌സ്യല്‍ മൊബിലിറ്റി രംഗത്തേക്ക്. ഡെലിവറി സര്‍വീസുകള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സ്‌കൂട്ടറര്‍ നിര പുറത്തിറക്കാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചു. രാജ്യത്ത് നിലവില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് മേഖലകളെ ലക്ഷ്യമിട്ടാണ് ഓല ഇലക്ട്രിക് ഈ പുതിയ ചുവടുവെപ്പ് നടത്തുന്നത്. ആമസോണ്‍, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ വന്‍കിട ഡെലിവറി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച കാരണം ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വാണിജ്യ വാഹനങ്ങള്‍ക്ക് വിപണിയില്‍ ഇപ്പോള്‍ ഏറെ ആവശ്യക്കാരുണ്ട്.
ഈ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താനാണ് ഓല ശ്രമിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഈ പ്രത്യേക സ്‌കൂട്ടറുകള്‍ക്ക് ആവശ്യമായ റെഗുലേറ്ററി അനുമതികള്‍ ഓലയ്ക്ക് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു. നഗരങ്ങളിലെ ഡെലിവറി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 4 kW ശേഷിയുള്ള ശക്തമായ ഇലക്ട്രിക് മോട്ടോറാണ് ഈ ഫ്‌ലീറ്റ് സ്‌കൂട്ടറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ നഗരങ്ങളിലെ ഗതാഗത നിയന്ത്രണങ്ങള്‍ക്കും സുരക്ഷിതമായ ഹാന്‍ഡ്‌ലിംഗിനും അനുയോജ്യമായ തരത്തില്‍ മണിക്കൂറില്‍ പരമാവധി 70 കിലോമീറ്ററില്‍ താഴെയായിരിക്കും ഈ ടൂവീലറുകളുടെ ടോപ് സ്പീഡ്. നഗരങ്ങളിലെ ലാസ്റ്റ് മൈല്‍ ഡെലിവറി (Last-mile mobility) സുഗമമാക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഘടനയും എഞ്ചിനീയറിംഗും കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഓലയുടെ നിലവിലുള്ള ജനപ്രിയ പാസഞ്ചര്‍ സ്‌കൂട്ടര്‍ ശ്രേണിയായ S1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ കൊമേഴ്‌സ്യല്‍ സ്‌കൂട്ടറുകളും നിര്‍മ്മിക്കുന്നത്. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ ഡിസൈന്‍ കൂടുതല്‍ കോംപാക്റ്റ് ആയിരിക്കും. കൂടുതല്‍ ഭാരം കയറ്റി യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ശക്തമായ ഷാസിയായിരിക്കും ഇതിന് നല്‍കുക. ബിസിനസ് ആവശ്യങ്ങള്‍ക്കായി വാങ്ങുന്നതിനാല്‍ ഇവിയുടെ വില, ഈട്, പ്രവര്‍ത്തന ചെലവ് എന്നിവയ്ക്കായിരിക്കും കമ്പനി മുന്‍ഗണന നല്‍കുന്നത്.
മോട്ടോര്‍ ഔട്ട്പുട്ട് കുറവായതിനാല്‍ ഇതിന് കൂടുതല്‍ ചാര്‍ജും അതുവഴി കൂടുതല്‍ ദൂരം സഞ്ചരിക്കാനും സാധിക്കും. ഡെലിവറി ജീവനക്കാര്‍ക്ക് നഗരങ്ങളില്‍ കൂടുതല്‍ ദൂരം തടസമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുകയും ചെയ്യും. നിലവില്‍ ഇന്ത്യയിലെ ഡെലിവറി ജീവനക്കാരും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരും തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി പരമ്പരാഗത പെട്രോള്‍ മോട്ടോര്‍സൈക്കിളുകളെയും സ്‌കൂട്ടറുകളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്.
എന്നാല്‍ രാജ്യത്ത് ഇന്ധനവില നിരന്തരം വര്‍ദ്ധിക്കുന്നതും ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ വ്യതിയാനങ്ങളും ഡെലിവറി ഏജന്റുമാരുടെയും കമ്പനികളുടെയും പ്രതിദിന പ്രവര്‍ത്തന ചെലവ് വലിയ രീതിയില്‍ ഉയര്‍ത്താന്‍ ഇടയാക്കുന്നുണ്ട്. ഈ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരമായാണ് ഓലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലേക്ക് എത്തുന്നത്. മാത്രമല്ല ഇന്ധന, മെയിന്റനന്‍സ് ചെലവ് ഗണ്യമായി കുറയ്ക്കാനും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സാധിക്കും.
ഇത് കമ്പനികളുടെ ആകെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. വരും വര്‍ഷങ്ങളില്‍ വലിയൊരു വിഭാഗം കമേഴ്‌സ്യല്‍ ഓപ്പറേറ്റര്‍മാരും തങ്ങളുടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മുഴുവനായി മാറാന്‍ ഇത് കാരണമാകും എന്ന് ഉറപ്പാണ്. നഗര സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ വാഹനം എപ്പോള്‍ വിപണിയിലെത്തും എന്നതിനെ കുറിച്ച് ഓല ഇലക്ട്രിക് ഇതുവരെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റെഗുലേറ്ററി അനുമതികള്‍ ലഭിച്ചതിനാല്‍ പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കാം. ഫുഡ് ഡെലിവറി, കൊറിയര്‍ സര്‍വീസുകള്‍, മറ്റ് ചരക്കുനീക്കങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാവുന്ന വിശ്വസനീയമായ ഒരു വാഹനം അന്വേഷിക്കുന്ന വലിയ ഡെലിവറി കമ്പനികള്‍ക്കും ബിസിനസുകാര്‍ക്കും ഈ ഓല കൊമേഴ്‌സ്യല്‍ സ്‌കൂട്ടര്‍ മികച്ചൊരു ഓപ്ഷനായിരിക്കും. വരും ദിവസങ്ങളില്‍ കമ്പനി ഈ വാഹനത്തിന്റെ കൃത്യമായ വില വിവരങ്ങളും സാങ്കേതിക സവിശേഷതകളും ഔദ്യോഗികമായി തന്നെ പുറത്തുവിടുന്നതായിരിക്കും.


Click it and Unblock the Notifications