പരാതികൾക്ക് ഓഫറുകളിലൂടെ മറുപടി! ഓല ഫാമിലിക്ക് 50,000 രൂപയുടെ ബമ്പർ , തുച്ഛമായ വിലക്ക് പുതിയ ഇവി
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ പത്ത് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്കായി 'ഓല ഇന്‍സൈഡേഴ്‌സ്' (Ola Insiders) എന്ന പുതിയ കമ്മ്യൂണിറ്റി പ്രോഗ്രാം അവതരിപ്പിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ അപ്ഗ്രേഡ് ചെയ്യാനും പുതിയ വാഹനങ്ങള്‍ വാങ്ങാനും സഹായിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഓലയുടെ ജെന്‍ 1, ജെന്‍ 2 സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ജെന്‍ 3 S1 സ്‌കൂട്ടറുകളോ റോഡ്സ്റ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളോ വാങ്ങുമ്പോള്‍ 50,000 രൂപ വരെ ആനുകൂല്യം ലഭിക്കും.
ഇതുവഴി തുച്ഛമായ വിലയില്‍ ഇവി വീട്ടിലെത്തിക്കാനുള്ള അവസരമാണ് വീണുകിട്ടിയിരിക്കുന്നത്.കമ്പനി തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക '4680 ഭാരത് സെല്‍' (4680 Bharat Cell) സാങ്കേതികവിദ്യയുള്ള വാഹനങ്ങള്‍ സ്വന്തമാക്കാനും ഈ പദ്ധതി ഉപഭോക്താക്കളെ സഹായിക്കുന്നു. നിലവില്‍ ഒരു ഓല വാഹനം സ്വന്തമായുള്ള ഉപഭോക്താവ് അതേ പേരില്‍ രണ്ടാമതൊരു വാഹനം കൂടി വാങ്ങുകയാണെങ്കില്‍ 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

ഇതിനുപുറമെ മൂവ്ഒഎസ് അപ്ഗ്രേഡുകളും മറ്റ് പ്രത്യേക ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഒന്നിലധികം ഓല വാഹനങ്ങളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ ഓഫര്‍ കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ പദ്ധതിയില്‍ റഫറല്‍ ആനുകൂല്യങ്ങള്‍ക്കും വലിയ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നിലവില്‍ ഓല വാഹനത്തിന്റെ ഉടമയായ ഉപഭാക്താവ് ഓല വാഹനം മറ്റൊരാള്‍ക്ക് റഫര്‍ ചെയ്യുകയും ആ വ്യക്തി വാഹനം വാങ്ങുകയും ചെയ്താല്‍ റഫര്‍ ചെയ്ത വ്യക്തിക്ക് 5,000 ഓല ക്രെഡിറ്റുകള്‍ ലഭിക്കും.
വാഹനം വാങ്ങുന്ന പുതിയ ഉപഭോക്താവിന് 1,000 രൂപയുടെ വിലക്കിഴിവും ഈ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഈ പുതിയ നീക്കം കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്ന് ഓല ഇലക്ട്രിക് വക്താവ് വ്യക്തമാക്കി. വാഹനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും കൂടുതല്‍ കുടുംബങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനും 'ഓല ഇന്‍സൈഡേഴ്‌സ്' വലിയ പങ്ക് വഹിക്കും.
പ്രീമിയം വിഭാഗത്തില്‍ S1 പ്രോ, S1 X തുടങ്ങിയ വിപുലമായ നിര തന്നെ ഓലയ്ക്കുണ്ട്. ജെന്‍ 3 S1 X സ്‌കൂട്ടറുകള്‍ 2kWh, 3kWh, 4kWh എന്നിങ്ങനെ വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്. 82,999 രൂപ മുതല്‍ 1,14,999 രൂപ വരെയാണ് ഇവയുടെ എക്‌സ്-ഷോറൂം വില വരുന്നത്. കൂടാതെ 4kWh ബാറ്ററിയില്‍ എത്തുന്ന S1 X പ്ലസ് മോഡലിന് 1,19,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോഡ്സ്റ്റര്‍ X മോഡല്‍ 2.5kWh മുതല്‍ 4.5kWh വരെയുള്ള ബാറ്ററികളില്‍ ലഭ്യമാണ്. 99,999 രൂപ മുതല്‍ 1,24,999 രൂപ വരെയാണ് ഇതിന്റെ വില. കൂടുതല്‍ കരുത്തുള്ള റോഡ്സ്റ്റര്‍ X പ്ലസ് മോഡല്‍ 4.5kWh, 9.1kWh ബാറ്ററി ഓപ്ഷനുകളില്‍ 1.89 ലക്ഷം രൂപ വരെ വിലയില്‍ വിപണിയിലുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പ്പനയില്‍ നേരിടുന്ന ഇടിവ് നികത്താനാണ് ഓല ഇത്തരം ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ പഴയ ഉപഭോക്താക്കളെ നിലനിര്‍ത്താനും അവരെ പുത്തന്‍ സാങ്കേതികവിദ്യയിലേക്ക് നയിക്കാനും ഈ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ടിവിഎസ്, ബജാജ്, ഏഥര്‍, ഹീറോ വിഡ എന്നീ ബ്രാന്‍ഡുകള്‍ ഓലയെ മറികടന്ന് വില്‍പ്പനയില്‍ മുന്നേറിയിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ മേധാവിത്തം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഓല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








