ഇവി വിപണിയിൽ 'ഓഫർ ചൂട്'; ₹20,000 വരെ ലാഭിക്കാം! സബ്സിഡി അവസാനിക്കും മുമ്പ് ഓലയുടെ ഞെട്ടിക്കുന്ന ഡീൽ
ഇന്ത്യയില്‍ പെട്രോള്‍ വാഹന യുഗം അവസാനിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്ക് രംഗത്തെത്തി. യാത്രകള്‍ കൂടുതല്‍ ലാഭകരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 20,000 രൂപയിലേറെ മൂല്യം വരുന്ന വമ്പന്‍ ഓഫറുകളാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പിഎം ഇ-ഡ്രൈവിന് കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി കാലാവധി അവസാനിക്കുന്നതിന് മുമ്പായി വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഓലയുടെ #EndICEAge ക്യാമ്പയിന്‍ പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ (ICE) വാഹനങ്ങളില്‍ നിന്ന് ജനങ്ങളെ ഇവികളിലേക്ക് അടര്‍ത്തി മാറ്റാനായാണ് ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പുതിയ ഓല S1 സ്‌കൂട്ടറോ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളോ വാങ്ങുന്നവര്‍ക്ക് 20,000 രൂപയിലധികം മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. മാര്‍ച്ച് 16 വരെ മാത്രമാണ് ഈ പ്രത്യേക ഓഫര്‍ ലഭ്യമാകുക. മാര്‍ച്ച് 16 വരെ ഓല വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 10,000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ് ഓല വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, 15,000 രൂപ വിലമതിക്കുന്ന എട്ട് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും ഉപഭോക്താക്കള്‍ക്ക് പണച്ചലിവില്ലാതെ ലഭിക്കും.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവരുടെ കഴിഞ്ഞ മാസത്തെ പെട്രോള്‍ ബില്‍ തുക തിരികെ നല്‍കുന്ന ഒരു സോഷ്യല്‍ മീഡിയ ചലഞ്ചും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 16 വരെ ഓല ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ കഴിഞ്ഞ മാസത്തെ പെട്രോള്‍ ബില്ലുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്യാം.
കമ്പനിയെ (Ola Electric) ടാഗ് ചെയ്ത് #EndICEAge ഹാഷ്ടാഗ് ഉയോഗിച്ച് ബില്‍ പങ്കുവെക്കുന്നവരില്‍ നിന്ന് ഓരോ ദിവസവും മൂന്ന് മികച്ച എന്‍ട്രികള്‍ തിരഞ്ഞെടുക്കും. ഇവര്‍ക്കാണ് ബില്‍ തുക നല്‍കുക. ഓലയുടെ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ പോര്‍ട്ട്‌ഫോളിയോയില്‍ റോഡ്സ്റ്റര്‍ X+ (4.5kWh, 9.1kWh), റോഡ്സ്റ്റര്‍ X (2.5kWh, 3.5kWh, 4.5kWh) എന്നിങ്ങനെ വിവിധ മോഡലുകള്‍ ലഭ്യമാണ്.
79,999 രൂപ മുതല്‍ 1,89,999 രൂപ വരെയാണ് ഇവയുടെ വില വരുന്നത്. കൂടാതെ, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഐസിസി ട്വന്റി20 ലോകകപ്പ് 2026 ജേതാക്കളായതിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ S1 പ്രോ+ ചാമ്പ്യന്‍സ് എഡിഷനും 2026 ഏപ്രില്‍ അവസാനം വരെ ലഭ്യമായിരിക്കും.
ഓലയോടൊപ്പം ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റിവോള്‍ട്ട് മോട്ടോര്‍സും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറിട്ടിരുന്നു. മാര്‍ച്ച് 31 വരെ റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നവര്‍ക്ക് മൊത്തം 25,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. റിവോള്‍ട്ടിന്റെ ഓഫറില്‍ 8,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 4,999 രൂപ മൂല്യമുള്ള വിപുലീകൃത വാറണ്ടിയും ഉള്‍പ്പെടുന്നു.
കൂടാതെ, അര്‍ഹമായ മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിലുള്ള 5,000 രൂപയുടെ പ്രത്യേക സബ്സിഡിയും ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച പിഎം ഇ-ഡ്രൈവ് പദ്ധതി 2026 മാര്‍ച്ച് 31-നാണ് അവസാനിക്കുന്നത്.
പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ മൊത്തം കാലാവധി 2028 മാര്‍ച്ച് 31-നാണ് അവസാനിക്കുന്നത്. എന്നാല്‍, സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സ്‌കൂട്ടറുകളുടെ സബ്‌സിഡി ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സബ്‌സിഡി നിര്‍ത്തലാക്കുന്നത് മിക്കവാറും ഇവികളുടെ വില വര്‍ധനവിന് കാരണമായേക്കാം.ഐസിഇ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസത്തെ ഓഫറുകള്‍ വലിയ സാമ്പത്തിക ലാഭമാണ് നേടിത്തരിക.
താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള ഓലയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബുക്കിംഗ് നടത്താവുന്നതാണ്. വിപണിയില്‍ മത്സരം കടുത്തതോടെ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയത് രാജ്യത്തെ സുസ്ഥിരമായ ഗതാഗത മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. പിഎം ഇ-ഡ്രൈവ് വഴിയുള്ള സബ്‌സിഡി തുടരാൻ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. സർക്കാർ ഇതിന് അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന് നമുക്കും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








