വെറും 49999 രൂപക്ക് ഇലക്ട്രിക് സ്‌കൂട്ടറും ബൈക്കും വില്‍പ്പനക്ക്! പെട്രോള്‍ വണ്ടികളുടെ അന്തകനാകാന്‍ ഓല
പെട്രോള്‍ പമ്പിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ ഓരോ ദിവസവും വില ഉയരുന്നത് നോക്കി നെടുവീര്‍പ്പിടുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പോക്കറ്റ് ചോരാത്ത ഇലക്ട്രിക് കരുത്തില്‍ ചീറിപ്പായാന്‍ ഒരു സുവര്‍ണാവസരം. രാജ്യത്തെ പെട്രോള്‍ വാഹന യുഗത്തിന് അന്ത്യം കുറിക്കാന്‍ ഉറച്ച തീരുമാനവുമായി എത്തിയ ഓല ഇലക്ട്രിക്കിന്റെ #EndICEAge ക്യാമ്പയിനാണ് ഇപ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറോ ബൈക്കോ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നത്. ഇന്ധനവില വര്‍ദ്ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായി വെറും 49,999 രൂപയ്ക്ക് (എക്‌സ്-ഷോറൂം) ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും സ്വന്തമാക്കാം. 2026 മാര്‍ച്ച് 31 വരെയാണ് ഈ അവിശ്വസനീയമായ ഓഫര്‍ ലഭ്യമാകുക.
പുതിയ ക്യാമ്പയിനിന്റെ ഭാഗമായി ഓലയുടെ ഏറ്റവും പുതിയ മോഡലുകളായ S1 X ജെന്‍ 3 (2kWh) സ്‌കൂട്ടറും, റോഡ്സ്റ്റര്‍ X ( 2.5kWh) മോട്ടോര്‍സൈക്കിളും 49,999 രൂപ പ്രാരംഭ വിലയില്‍ ലഭിക്കും. കൂടാതെ, കമ്പനിയുടെ മറ്റ് വാഹനങ്ങള്‍ക്കും 50,000 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ എണ്ണ വില വര്‍ദ്ധനവ് ലോകത്തെ മൊത്തത്തില്‍ ബാധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഓലയുടെ ഈ നിര്‍ണായക നീക്കം.

സര്‍വീസ് ട്രസ്റ്റ് ഗ്യാരണ്ടി
വാഹനങ്ങളുടെ സര്‍വീസ് സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാനായി 'സര്‍വീസ് ട്രസ്റ്റ് ഗ്യാരണ്ടി'യും (Service Trust Guarantee) കമ്പനി അവതരിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഓല ക്യാബ് വൗച്ചറുകള്‍ നല്‍കും. നിലവില്‍ ഓലയുടെ സര്‍വീസ് സെന്ററുകളില്‍ 80 ശതമാനം പരാതികളും അതേ ദിവസം തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
ബൈബാക്ക് ഗ്യാരണ്ടി
ഉപഭോക്താക്കളുടെ മറ്റൊരു പ്രധാന ആശങ്ക ഇലക്ട്രിക് വാഹനങ്ങളുടെ പുനര്‍വില്‍പ്പന മൂല്യത്തെ കുറിച്ചാണ് (Resale Value). ഇതിന് പരിഹാരമായി 'ബൈബാക്ക് ഗ്യാരണ്ടി' (Buyback Guarantee) പദ്ധതിയും ഓല പ്രഖ്യാപിച്ചു. വാഹനം വാങ്ങി നിശ്ചിത കാലയളവിനുള്ളില്‍ തിരികെ നല്‍കുമ്പോള്‍ വിലയുടെ 60 ശതമാനം വരെ മൂല്യം കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ പുതിയ ഇലക്ട്രിക് മോഡലുകളിലേക്ക് എളുപ്പത്തില്‍ അപ്ഗ്രേഡ് ചെയ്യാന്‍ സഹായകമാകും.

8 വര്‍ഷത്തെ വാറണ്ടി
തങ്ങളുടെ എല്ലാ S1 സ്‌കൂട്ടറുകള്‍ക്കും റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും 8 വര്‍ഷത്തെ വിപുലീകൃത വാറണ്ടിയും (Standard 8-Year Warranty) ഓല സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നു. സാധാരണയായി 15,000 രൂപയോളം ചിലവ് വരുന്ന ഈ വാറണ്ടി ഓഫര്‍ കാലയളവില്‍ നയാപൈസാ മുടക്കില്ലാതെ ഉപഭോക്താക്കള്‍ക്ക് നേടാം. ഇത് ദീര്‍ഘകാലത്തേക്ക് ഇവിയുടെ പരിപാലനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
കരുത്തുറ്റ പ്രകടനം
വില കുറവാണെങ്കിലും ഓഫര്‍ ലിസ്റ്റിലുള്ള ഓല ഇവികള്‍ സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്നവയാണ്. ഓല സ്‌കൂട്ടറുകള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെയും (IDC), മോട്ടോര്‍സൈക്കിളുകള്‍ 500 കിലോമീറ്റര്‍ വരെയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 141 കിലോമീറ്റര്‍ വരെ ടോപ് സ്പീഡുള്ള മോഡലുകളും ഈ നിരയിലുണ്ട്. മൂവOS 5 വഴിയുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും ഇതില്‍ ലഭ്യമാണ്.
പെട്രോള്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ നടപ്പിലാക്കുന്നതെന്ന് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ധനവില ഉയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്നതിലൂടെ ഇന്ത്യയെ ഒരു ഊര്‍ജ സ്വതന്ത്ര്യ രാജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുക്കിംഗ്
ഓലയുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനം ബുക്ക് ചെയ്യാം. മാര്‍ച്ച് 31-നകം വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ക്യാമ്പയിന്‍ ആനുകൂല്യങ്ങള്‍ ലഭിക്കൂ. ഇയോടൊപ്പം ഓല തങ്ങളുടെ ഇന്‍സൈഡേഴ്‌സ് അപ്ഗ്രേഡ് പ്രോഗ്രാം രാജ്യത്തുടനീളം 150-ലധികം നഗരങ്ങളില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂവില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്കും ഇന്ധന വിലവര്‍ധനവിനെ കുറിച്ചുള്ള ടെന്‍ഷന്‍ ഒഴിവാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇവിയിലേക്ക് മാറാനുള്ള മികച്ച അവസരമാണിത്.


Click it and Unblock the Notifications








