പെട്രോള്‍ വണ്ടിക്കാരെ ട്രോളണ്ട, ഇവി ഉടമകളും സേഫല്ല സജിയേട്ടാ; ഒരുങ്ങിയിരിക്കാന്‍ ചില സ്മാര്‍ട്ട് ടിപ്പുകള്‍
ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന വാര്‍ത്തകള്‍ക്കിടയിലും തങ്ങള്‍ സുരക്ഷിതരാണെന്ന് കരുതിയിരുന്ന ഇലക്ട്രിക് വാഹന (Electriv Vehicles) ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ (Middle-East Crisis) ഇന്ത്യയെ പോലെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുമ്പോള്‍, ഫോസില്‍ ഇന്ധനങ്ങളായ പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹന ഉപയോക്താക്കളെയും ഇത് പരോക്ഷമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ നിലവില്‍ മതിയായ ഇന്ധന ശേഖരമുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, പ്രതിസന്ധി നീണ്ടുനിന്നാല്‍ അത് ഇലക്ട്രിക് വാഹന മേഖലയെയും ബാധിച്ചേക്കാം.
പെട്രോളിനെ നേരിട്ട് ആശ്രയിക്കുന്നില്ലെങ്കിലും, അനുബന്ധ സേവനങ്ങളെയും ചാര്‍ജിംഗ് സംവിധാനങ്ങളെയും ഇന്ധന പ്രതിസന്ധി തകിടം മറിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇവി ഉടമകള്‍ നേരിടാന്‍ സാധ്യതയുള്ള പ്രധാന വെല്ലുവിളികള്‍ നമുക്ക് നോക്കാം. ഈ ഒരു പ്രതിസന്ധി മറികടക്കുന്നതിനായി ഇവി ഉടമകള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും അറിഞ്ഞിരിക്കാം.

ബെംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ അമിതമായ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പെട്രോള്‍ പ്രതിസന്ധി ഭയന്ന് പലരും പെട്ടെന്ന് ഇവികളിലേക്ക് മാറുന്നതും ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ക്യൂ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് പബ്ലിസ് ചാര്‍ജിംഗ് പോയിന്റുകളില്‍ വലിയ തിരക്ക് സൃഷ്ടിച്ചേക്കാം.
ഈ സാഹചര്യം ഒഴിവാക്കാന്‍ ഇവി ഉപയോക്താക്കള്‍ പരമാവധി വീടുകളില്‍ തന്നെ ചാര്‍ജിംഗ് (Home Charging) ശീലമാക്കുന്നത് നന്നായിരിക്കും. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ തിരക്ക് കുറഞ്ഞ സമയങ്ങള്‍ തിരഞ്ഞെടുക്കുക. ചാര്‍ജിംഗ് പോയിന്റുകളുടെ ലഭ്യത തത്സമയം അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുകള്‍ ഇന്നുണ്ട്. അവയുടെ ഉപയോഗം സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും പുതിയ വാഹനങ്ങളുടെ ഡെലിവറിയും സാധാരണ ഐസി എഞ്ചിന്‍ വാഹനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇന്ധനക്ഷാമം ചരക്കുനീക്കത്തെ (Logistics) ബാധിച്ചാല്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. അതിനാല്‍ ബ്രേക്ക്, ടയര്‍ എന്നിവയടക്കമുള്ള സുപ്രധാന ഭാഗങ്ങളുടെ കണ്ടീഷന്‍ പരിശോധിച്ച് അവ മാറ്റണമെങ്കില്‍ അത് ചെയ്യാം. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി ചെയ്യുന്നത് ഭാവിയില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70-75 ശതമാനവും കല്‍ക്കരി പ്ലാന്റുകളില്‍ നിന്നായതിനാല്‍ പെട്രോള്‍ പ്രതിസന്ധി വൈദ്യുതി ലഭ്യതയെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിക്കുമ്പോള്‍ വൈദ്യുതിയുടെ ഡിമാന്‍ഡും ആവശ്യവും വര്‍ധിക്കും. ഇത് ചാര്‍ജിംഗ് സ്റ്റേഷനുകളിലെ നിരക്ക് വര്‍ദ്ധനക്ക് കാരണമായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അനാവശ്യമായ പരിഭ്രാന്തി ചാര്‍ജിംഗ് ശൃംഖലയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ആവശ്യത്തിന് മാത്രം വാഹനം ചാര്‍ജ് ചെയ്യുന്ന ശീലം ഇവി ഉടമകള്‍ വളര്‍ത്തിയെടുക്കണം. ചാര്‍ജിംഗ് സ്റ്റേഷനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബുദ്ധിപരമായ ഉപയോഗത്തിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ഇവി ഉടമകള്‍ക്ക് സാധിക്കൂ.
രാജ്യത്ത് മതിയായ ഇന്ധന ശേഖരമുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഭരണകര്‍ത്താക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇവികള്‍ സഹായിക്കുമെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ മിതത്വം പാലിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാകും. ചാര്‍ജിംഗ് മേഖലയില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കാതിരിക്കാന്‍ ഇവി ഉടമകള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്.

രാജ്യത്ത് ഇലക്ട്രിക് വാഹന സ്വീകാര്യത ശക്തിപ്രാപിക്കുന്ന സമയത്ത് ഇത്തരം വെല്ലുവിളികള്‍ മുന്‍കൂട്ടി കാണുന്നത് നല്ലതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സുതാര്യമായ ചാര്‍ജിംഗ് രീതികള്‍ പിന്തുടരുന്നത് നന്നാകും. വരാനിരിക്കുന്ന ഏതൊരു ഊര്‍ജ്ജ പ്രതിസന്ധിയെയും നേരിടാന്‍ ഇവി ഉടമകള്‍ ഇത്തരം മുന്‍കരുതലുകള്‍ എടുക്കുന്നത് ആ വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കും. ഇന്ധന പ്രതിസന്ധി ഇവി ഉടമകളെ ബാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.


Click it and Unblock the Notifications








