ബുള്ളറ്റ് പ്രേമികള്‍ക്ക് തിരിച്ചടി! ഈ മോഡലുകള്‍ക്ക് വില കൂട്ടി, പോക്കറ്റ് കീറുന്ന പുതിയ നിരക്കുകള്‍ അറിയാം
ഐക്കണിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) തങ്ങളുടെ കരുത്തുറ്റ 650 സിസി മോട്ടോര്‍സൈക്കിള്‍ നിരയുടെ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള മോഡലുകള്‍ക്ക് ഈ വില പരിഷ്‌കാരം ബാധകമാണ്. ഉല്‍പ്പാദന ചിലവിലുണ്ടായ വര്‍ദ്ധനവും വിപണിയിലെ മാറ്റങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 തുടങ്ങി എല്ലാ പ്രീമിയം മോഡലുകള്‍ക്കും ഇനി കൂടുതല്‍ തുക നല്‍കണം. 2025 ജനുവരി മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില വര്‍ധനവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വായിക്കാം.
വാഹനത്തിന്റെ വേരിയന്റുകള്‍ക്കും നിറത്തിനും അനുസരിച്ച് 3,200 രൂപ മുതല്‍ 4,300 രൂപ വരെയാണ് വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം 400സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് വില വര്‍ധനവ് നടപ്പാക്കിയിരുന്നു. അതിന് ശേഷമുള്ള മറ്റൊരു പ്രധാന വില വര്‍ദ്ധനവാണിത്.

നിലവില്‍ വിപണിയിലുള്ള ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി, സൂപ്പര്‍ മീറ്റിയോര്‍, ഷോട്ട്ഗണ്‍, ബെയര്‍ 650, ക്ലാസിക് 650 എന്നീ ആറ് മോഡലുകളെയും വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ഇന്റര്‍സെപ്റ്റര്‍ 650-ന്റെ വിലയില്‍ ഏകദേശം 3,321 രൂപ മുതല്‍ 3,628 രൂപ വരെയാണ് മാറ്റം വന്നിരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ബേസ് കാന്യോണ്‍ റെഡ് േേവരിയന്റിന് ഇപ്പോള്‍ 3.35 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റായ മാര്‍ക്ക് 2 പതിപ്പിന് 3.66 ലക്ഷം രൂപ കടന്നു. ഓരോ കളര്‍ ഓപ്ഷനും അനുസരിച്ച് നേരിയ വില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കഫേ റേസര്‍ പ്രേമികളുടെ പ്രിയ മോഡലായ കോണ്ടിനെന്റല്‍ ജിടി 650-ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, റോക്കര്‍ റെഡ് എന്നീ അടിസ്ഥാന മോഡലുകള്‍ക്ക് 3.53 ലക്ഷം രൂപയാണ് പുതിയ വില. ഈ നിരയിലെ ഏറ്റവും പ്രീമിയം മോഡലായ മിസ്റ്റര്‍ ക്ലീന്‍ (ക്രോം) പതിപ്പിന് ഏകദേശം 3.82 ലക്ഷം രൂപ വരെ നല്‍കേണ്ടി വരും. ഏകദേശം 3,496 രൂപ മുതല്‍ 3,781 രൂപ വരെയാണ് വില കൂടിയത്.
അടുത്തിടെ പുറത്തിറങ്ങിയ ഷോട്ട്ഗണ്‍ 650, ക്ലാസിക് 650 എന്നീ മോഡലുകളും വില വര്‍ദ്ധനവില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഷോട്ട്ഗണ്‍ 650-ന് 3,941 രൂപ മുതല്‍ 4,089 രൂപ വരെയാണ് കൂടിയത്. പ്ലാസ്മ ബ്ലൂ മോഡലിന്റെ വില 4.09 ലക്ഷം രൂപയായി ഉയര്‍ന്നു. ക്ലാസിക് 650 മോട്ടോര്‍സൈക്കിളിന് 3613 രൂപ മുതല്‍ 3755 രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടി വരുന്നത്.
| മോഡലുകൾ | ഏകദേശ വർദ്ധനവ് | പുതിയ എക്സ്-ഷോറൂം വില |
|---|---|---|
| Interceptor 650 | ₹3,300 - ₹3,600 | ₹3.35 ലക്ഷം മുതൽ |
| Continental GT 650 | ₹3,500 - ₹3,800 | ₹3.53 ലക്ഷം മുതൽ |
| Super Meteor 650 | ₹3,990 - ₹4,323 | ₹4.00 ലക്ഷം മുതൽ |
| Shotgun 650 | ₹3,941 - ₹4,089 | ₹3.90 ലക്ഷം മുതൽ |
| Classic 650 | ₹3,200 - ₹3,500 | ₹3.64 ലക്ഷം മുതൽ |
| Bear 650 | ₹3,718 മുതൽ | ₹3.62 ലക്ഷം മുതൽ |
*വിലകൾ കളർ ഓപ്ഷനുകൾക്കും വകഭേദങ്ങൾക്കും അനുസരിച്ച് മാറാം. (എക്സ്-ഷോറൂം നിരക്കുകൾ)
ക്ലാസിക് 650-ന്റെ ബേസ് വേരിയന്റിന് 3.64 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് ബ്ലാക്ക് ക്രോം പതിപ്പിന് 3.79 ലക്ഷം രൂപയുമാണ് പുതിയ വില. സ്‌ക്രാംബ്ലര്‍ മോഡലായ ബെയര്‍ 650-ന്റെ ബേസ് ബോര്‍ഡ്വാക്ക് വൈറ്റ് മോഡലിന് 3,718 രൂപയാണ് വര്‍ദ്ധിച്ചത്. ടോപ് സ്‌പെക് ടു ഫോര്‍ നയന്‍ വേരിയന്റ് വേണ്ടവര്‍ ഇനി 3937 രൂപ അധികം കൈയ്യില്‍ കരുതണം. പുതിയ വില 3.75 ലക്ഷം മുതല്‍ 3.97 ലക്ഷം രൂപ വരെയായി.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് ക്രൂയിസര്‍ ആയ സൂപ്പര്‍ മീറ്റിയോര്‍ 650-ലാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ആസ്ട്രല്‍ വേരിയന്റിന് 3,990 രൂപയും സെലസ്റ്റിയല്‍ വേരിയന്റിന് 4,323 രൂപയും വര്‍ദ്ധിച്ചു. ഇതോടെ സൂപ്പര്‍ മീറ്റിയോറിന്റെ ഉയര്‍ന്ന മോഡലുകള്‍ക്ക് എക്‌സ്-ഷോറൂം വില തന്നെ 4.36 ലക്ഷം രൂപ കടന്നിരിക്കുകയാണ്. ഫ്‌ലാഗ്ഷിപ്പ് മോഡല്‍ എന്ന നിലയില്‍ ഇത് വിപണിയെ സ്വാധീനിച്ചേക്കാം.

വില പരിഷ്‌കരിച്ചതല്ലാതെ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാങ്കേതികമായോ ഫീച്ചര്‍ ലിസ്റ്റിലോ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. എല്ലാ 650 സിസി മോഡലുകള്‍ക്കും 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 47.4 PS പവറും 52.3 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പര്‍ ക്ലച്ചും വാഹനത്തിന്റെ പ്രത്യേകതയാണ്. പുതുക്കിയ വിലവിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്.
മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പഴയ നിരക്ക് ബാധകമാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ പ്രീമിയം ബൈക്ക് വിപണിയില്‍ ട്രയംഫ് 400 സീരീസ്, കെടിഎം എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരം നേരിടുന്നതിനിടെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ പുതിയ നീക്കം. ഇത് വില്‍പ്പനയെ ബാധിച്ചോ എന്ന കാര്യം വരും മാസങ്ങളിലെ സെയില്‍സ് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മനസ്സിലാകും.


Click it and Unblock the Notifications








