പറയത്തക്ക ഫീച്ചറൊന്നുമില്ലാത്ത ബൈക്ക് വിറ്റ് പണംവാരി എന്‍ഫീല്‍ഡ്! ഗമ കാണിക്കാന്‍ വാങ്ങുകയാണെന്നേ...
മോഡേണ്‍ ഫീച്ചറുകളുടെ അതിപ്രസരമില്ല, കണ്ണഞ്ചിക്കുന്ന എല്‍ഇഡി ലൈറ്റുകളോ അലോയ് വീലുകളോ ഇല്ല, എന്നിട്ടും ഇന്ത്യന്‍ നിരത്തുകളില്‍ വിപണി രാജാവായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 തങ്ങളുടെ അപ്രമാദിത്വം വീണ്ടും തെളിയിച്ചിരിക്കുകയാണ്. കടുത്ത മത്സരം നിറഞ്ഞ ഇരുചക്ര വാഹന വിപണിയില്‍ തലമുറകളായി തനത് വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഈ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ ഗാഡിവാഡി (GaadiWaadi) പുറത്തുവിട്ട 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 25,040 ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് രാജ്യത്തുടനീളം വിറ്റഴിച്ചത്.
2025 ഏപ്രില്‍ മാസത്തില്‍ ഇതേ മോഡലിന്റെ വില്‍പ്പന വെറും 16,489 യൂണിറ്റുകള്‍ മാത്രമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 8,551 ബുള്ളറ്റ് 350 (Royal Enfield Bullet 350) മോട്ടോര്‍സൈക്കിളുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അധികം വിറ്റത്.

ഇത് കൃത്യമായി 52 ശതമാനത്തിന്റെ തകര്‍പ്പന്‍ വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് (YoY Growth) കാണിക്കുന്നത്. മുന്‍ മാസമായ 2026 മാര്‍ച്ചുമായി തട്ടിച്ച് നോക്കുമ്പോഴും വളര്‍ച്ചയാണ്. മാര്‍ച്ചില്‍ വിറ്റ 23767 യൂണിറ്റില്‍ നിന്ന് വില്‍പ്പന 25040 യൂണിലെത്തിയതോടെ 5 ശതമാനം പ്രതിമാസ വളര്‍ച്ച രേഖപ്പെടുത്താനായി.
ഈ മികച്ച പ്രകടനത്തോടെ ഏപ്രില്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പട്ടികയില്‍ ബുള്ളറ്റ് 350 രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ പട്ടികയില്‍ കമ്പനിയുടെ തന്നെ പ്രശസ്ത മോഡലായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (Royal Enfield Classic 350) ആണ് ഒന്നാം സ്ഥാനത്ത്. 42 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37967 യൂണിറ്റ് വില്‍പ്പനയുമായാണ് ക്ലാസിക് വീണ്ടും കമ്പനിയുടെ ബെസ്റ്റ് സെല്ലറായത്.
ഇന്നത്തെ പുതുതലമുറ മോട്ടോര്‍സൈക്കിളുകളില്‍ എല്‍ഇഡി (LED) ഹെഡ്ലൈറ്റുകള്‍ നല്‍കുന്നത് സാധാരണ കാര്യമായി മാറിയിട്ടുണ്ടെങ്കിലും ബുള്ളറ്റ് 350 മോഡലില്‍ ഇപ്പോഴും പരമ്പരാഗതമായ ഹാലജന്‍ ഹെഡ്ലാമ്പ് സജ്ജീകരണമാണ് കമ്പനി നിലനിര്‍ത്തിയിരിക്കുന്നത്. ഇത് മോട്ടോര്‍സൈക്കിളിന്റെ റെട്രോ ലുക്ക് നല്‍കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഇന്നത്തെ സ്‌പോര്‍ട്ടി ബൈക്കുകളില്‍ കാണുന്നത് പോലുള്ള അലോയ് വീലുകളോ ട്യൂബ്ലെസ് ടയറുകളോ ഈ മോഡലില്‍ ലഭ്യമല്ല. പരമ്പരാഗതമായ സ്പോക്ക് വീലുകളാണ് ഇത് ഓടുന്നത്.
ഇന്ന് ബജറ്റ് ടൂവീലറുകളില്‍ വരെ കാണപ്പെടുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി ഈ ഐതിഹാസിക മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ സങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ക്ക് പകരം ബേസിക് വിവരങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇതിന്റെ മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ കമ്പനി യാതൊരു കുറവും വരുത്തിയിട്ടില്ല.
ശക്തമായ 350 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ അത്യാധുനിക ജെ-സീരീസ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഇത് ദീര്‍ഘദൂര യാത്രകള്‍ക്ക് മികച്ച റൈഡിംഗ് കംഫര്‍ട്ട് ഉറപ്പുനല്‍കുന്നുണ്ട്. വിലയിലേക്ക് വന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.64 ലക്ഷം രൂപ മുതലാണ് ഈ ക്ലാസിക് മോഡലിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലയാണ് ഇത്.
താങ്ങാനാവുന്ന ബജറ്റില്‍ പാരമ്പര്യവും ആധുനികതയും ഒരേപോലെ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിലവില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് ബുള്ളറ്റ് 350. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ തന്നെ ക്ലാസിക് 350, ഹണ്ടര്‍ 350 തുടങ്ങിയ മോഡലുകള്‍ക്ക് പകരമായി തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു ബദല്‍ കൂടിയാണിത്. കരുത്തുറ്റ ബോഡി ഘടനയും മികച്ച റോഡ് പ്രസന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് ദൈനംദിന യാത്രകള്‍ക്കായി ഈ മോട്ടോര്‍സൈക്കിള്‍ ധൈര്യമായി തിരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications