രാജ്യം കാത്തിരിക്കുന്ന 'ഇലക്ട്രിക് ബുള്ളറ്റ്' പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; റേഞ്ച് വിവരങ്ങള്‍ പുറത്ത്
തലമുറകള്‍ നെഞ്ചേറ്റിയ ആ ഇടിവെട്ട് ശബ്ദമില്ലാത്ത റോയല്‍ എന്‍ഫീല്‍ഡ് യാത്രയെ കുറിച്ച് ബുള്ളറ്റ് ഫാന്‍സിന് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ കാലത്തിനൊത്ത മാറാതെ തരമില്ലെന്ന് മനസിലാക്കിയ റോയല്‍ എന്‍ഫീല്‍ഡും സൈലന്റാകാന്‍ തീരുമാനിച്ച് അതിന്റെ പദ്ധതികളുമായി മുന്നോട്ട് പോയി. നീണ്ട 125 വര്‍ഷത്തെ പാരമ്പര്യമുള്ള ഐതിഹാസിക ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്ലയിംഗ് ഫ്ലീ C6 (Flying Flea C6) ലോഞ്ചിന് റെഡിയാണ്. 2026 ഏപ്രില്‍ 10-ന് അതായത് മറ്റന്നാളാണ് ഇന്ത്യന്‍ നിരത്തുകളെ നിശബ്ദമാക്കാനായി ഫ്ലയിംഗ് ഫ്ലീ C6 എത്തുന്നത്.
ലോഞ്ചിന് മുന്നോടിയായി ഈ കരുത്തുറ്റ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സ്‌പെസിഫിക്കേഷന്‍സ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. 2025 EICMA-യില്‍ പ്രദര്‍ശിപ്പിച്ച മോഡലിന്റെ ഭൂരിഭാഗം സ്‌റ്റൈലിംഗ് സൂചകങ്ങളും പ്രൊഡക്ഷന്‍ മോഡലില്‍ കാണം. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ റെട്രോ സ്‌റ്റൈലിംഗും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഇവി ബൈക്ക് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മഗ്‌നീഷ്യം ഫിന്‍ഡ് കേസിംഗില്‍ സുരക്ഷിതമായി സജ്ജീകരിച്ച 3.91 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 15.4 kW പവറും 60 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ഏകദേശം 154 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അഡ്വാന്‍സ്ഡ് ടെക് ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഈ ബൈക്കിലുണ്ട്. ടാങ്കിനോട് ചേര്‍ന്ന് തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 3.5 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വോയ്സ് അസിസ്റ്റ്, കോള്‍-മ്യൂസിക് കണ്‍ട്രോള്‍, കീലെസ് ഇഗ്‌നിഷന്‍ സിസ്റ്റം എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി 'ഇന്‍കോഗ്‌നിറ്റോ മോഡ്', റിമോട്ട് ലോക്ക്/അണ്‍ലോക്ക് എന്നീ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.
ഇക്കോ, റെയിന്‍, ടൂര്‍, പെര്‍ഫോമന്‍സ്, കസ്റ്റം എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഫ്ലയിംഗ് ഫ്ലീ C6 ഇവിയില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും ഇതിലുണ്ട്. കൂടാതെ, വളവുകളില്‍ സുരക്ഷ ഉറപ്പാക്കുന്ന ലീന്‍-സെന്‍സിറ്റീവ് എബിഎസ് (Lean-Sensitive ABS) സംവിധാനവും ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണമാണ്.
റെട്രോ ലുക്ക് നിലനിര്‍ത്താനായി മുന്‍വശത്ത് ഗിര്‍ഡര്‍ ഫോര്‍ക്ക് സെറ്റപ്പും പിന്നില്‍ മോണോ ഷോക്ക് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. ദൈനംദിന ഉപയോഗത്തിനായി നീക്കം ചെയ്യാവുന്ന പിന്‍സീറ്റുകള്‍ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെല്‍റ്റ് ഡ്രൈവ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് യാത്രകള്‍ ശബ്ദരഹിതവും സുഗമവുമാക്കാന്‍ സഹായിക്കുന്നു. 19 ഇഞ്ച് അലോയ് വീലുകളിലാണ് ഇവി ബൈക്ക് ഓടുന്നത്.

ബ്രേക്കിംഗിനായി മുന്‍വശത്ത് 260 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌കുമാണ് നല്‍കിയിരിക്കുന്നത്. ഐതിഹാസിക പാരമ്പര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലാണ് തങ്ങളുടെ ഇലക്ട്രിക് വാഹന നിരയും റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിക്കുന്നത്. ഈ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമിനായി കമ്പനി വന്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. വെള്ളിയാഴ്ച നടക്കാന്‍ പോകുന്ന ഫ്ലയിംഗ് ഫ്ലീ C6 ലോഞ്ച് ആഗോള ഇരുചക്രവാഹന വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലയിംഗ് ഫ്ലീ C6 ഇവിക്ക് ഏകദേശം ഏകദേശം 2.5 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഓല റോഡ്സ്റ്റര്‍ X, റിവോള്‍ട്ട് RV 400, ഒബെന്‍ റോര്‍ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇത് പ്രധാനമായും മത്സരിക്കുക. പ്രീമിയം ഇലക്ട്രിക് ബൈക്ക് എന്ന നിലയില്‍ രാജ്യത്തെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ഫ്ലയിംഗ് ഫ്ലീക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

C6-ന് ശേഷം ഫ്ലയിംഗ് ഫ്ലീ ശ്രേണിയില്‍ നിന്ന് 'S6' എന്ന പേരില്‍ ഒരു സ്‌ക്രാംബ്ലര്‍ മോഡല്‍ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഈ ചുവടുവെപ്പ് റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണ്. പാരമ്പര്യവാദികളും മോഡേണ്‍ ടെക്‌നോളജിക്കായി വാദിക്കുന്നവരും ഒരുപോലെ ഈ മോട്ടോര്‍സൈക്കിളിനായി കാത്തിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിങ്ങള്‍ക്ക് ഇഷ്ടമായോ?. എത്ര രൂപക്ക് പുറത്തിറങ്ങിയാല്‍ നിങ്ങള്‍ ഇത് വാങ്ങുമെന്ന് കമന്റ് ചെയ്യൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








