റോയൽ എൻഫീൽഡ് ഗറില്ല 450 വാങ്ങാൻ പ്ലാനുണ്ടോ? വില കൂട്ടി കമ്പനി; പുതിയ നിരക്കുകൾ അറിയാം
ഐതിഹാസിക ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ജനപ്രിയ മോഡലായ ഗറില്ല 450 മോട്ടോര്‍സൈക്കിളിന്റെ വില വര്‍ദ്ധിപ്പിച്ചു. വിപണിയില്‍ വലിയ തരംഗമുണ്ടാക്കിയ ഈ ബൈക്കിന് വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 2,044 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. പെട്ടെന്നുള്ള ഈ വിലവര്‍ദ്ധനവിന്റെ കൃത്യമായ കാരണം റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ മൂന്ന് പ്രധാന വേരിയന്റുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ വിപണനം ചെയ്യുന്നത്.
പുതിയ വിലകള്‍ ഉടനടി പ്രാബല്യത്തില്‍ വന്നു. ഇതോടെ ബൈക്കിന്റെ എന്‍ട്രി ലെവല്‍ മോഡലുകള്‍ മുതല്‍ ഉയര്‍ന്ന പതിപ്പുകള്‍ക്ക് വരെ നേരിയ വില വ്യത്യാസം വന്നു. ഈ ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അപ്രതീക്ഷിത തീരുമാനം അധിക സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

വിലയില്‍ മാറ്റം വരുത്തിയെങ്കിലും മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ വശങ്ങളിലോ മറ്റ് സാങ്കേതിക സവിശേഷതകളിലോ കമ്പനി യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. നിലവിലുള്ള അതേ പെര്‍ഫോമന്‍സും റൈഡിംഗ് മികവും പുതിയ വിലയിലും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടിലോ ഡ്രൈവിംഗ് ഡൈനാമിക്‌സിലോ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല.
മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന 452 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഈ പ്രീമിയം മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. പരമാവധി 39 bhp പവറും 40 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മോട്ടോര്‍. സുഗമമായ റൈഡിംഗ് അനുഭവത്തിനായി 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഉയര്‍ന്ന വേഗതയിലും കഠിനമായ വളവുകളിലും മികച്ച സ്റ്റെബിലിറ്റിയും നിയന്ത്രണവും നല്‍കുന്ന ശക്തമായ സ്റ്റീല്‍ ട്വിന്‍-സ്പാര്‍ ഫ്രെയിമിലാണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ തലമുറ ബൈക്കുകള്‍ക്ക് അടിത്തറ പാകുന്ന ഈ പ്രത്യേക പ്ലാറ്റ്‌ഫോം റൈഡ് സുഗമമാക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്.
ഓഫ്-റോഡ് പാതകളില്‍ മികച്ച ബാലന്‍സ് നിലനിര്‍ത്താന്‍ ഗറില്ല 450 മോട്ടോർസൈക്കിക്കിളിന് എളുപ്പത്തില്‍ സാധിക്കും.മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ റോഡുകളില്‍ റൈഡര്‍മാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ റൈഡിങ് അനുഭവം സമ്മാനിക്കാന്‍ ഈ സസ്‌പെന്‍ഷന്‍ സംവിധാനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
റൗണ്ട് ആകൃതിയിലുള്ള 5 ഇഞ്ച് ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്‌പ്ലേ കണ്‍സോളാണ് ഗറില്ല 450 മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി പിന്തുണയുള്ള ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വഴി ഫോണ്‍ കോള്‍/എസ്എംഎസ് അലേര്‍ട്ടുകളും കൃത്യമായ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സൗകര്യവും റൈഡര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകും.
മികച്ച ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള ഒരു മിഡ്-കപ്പാസിറ്റി ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ മോഡലിലൂടെ ലക്ഷ്യംവെക്കുന്നത്. നിലവിലെ വിലവര്‍ദ്ധനവ് താരതമ്യേന വളരെ കുറവാണെങ്കിലും വിപണിയില്‍ കടുത്ത മത്സരം അരങ്ങേറുന്നതിനാല്‍ ഇത് വരുംദിവസങ്ങളില്‍ ഗറില്ലയുടെ വില്‍പ്പനയെ ബാധിക്കുമോയെന്ന് കണ്ടറിയണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications