₹1.38 ലക്ഷത്തിന്റെ എൻഫീൽഡ്, ബുള്ളറ്റിനേക്കാളും ലാഭം! ഹണ്ടർ വിൽപ്പനയിൽ വിസ്മയമാകുന്നത് എന്തുകൊണ്ട്?
റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായ ഹണ്ടര്‍ 350 (Hunter 350) ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ കുതിപ്പ് തുടരുന്നു. 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 കൈവരിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും സിമ്പിള്‍ ഹാന്‍ഡ്‌ലിംഗുമാണ് ഹണ്ടറിനെ യുവാക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. റഷ്‌ലെയ്ന്‍ പുറത്തുവിട്ട പുതിയ സെയില്‍സ് റിപ്പോര്‍ട്ട് പ്രകാരം, 2026 ജനുവരിയില്‍ റോയല്‍ എന്‍ഫീല്‍ഡ് 20,329 ഹണ്ടര്‍ ബൈക്കുകള്‍ വിറ്റഴിച്ചു.
2025 ജനുവരിയില്‍ ഇത് 15,914 യൂണിറ്റുകള്‍ മാത്രമായിരുന്നു. അതായത് 12 മാസം കൊണ്ട് 4,415 യൂണിറ്റുകളുടെ അധിക വില്‍പ്പനയാണ് ഹണ്ടറിന് നേടാനായത്. ഏകദേശം 27.74 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മോഡല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാര്‍ഷിക വില്‍പ്പനയില്‍ കുതിച്ചുചാട്ടം നടത്തിയെങ്കിലും മുന്‍ മാസമായ ഡിസംബറിലെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.

2025 ഡിസംബറില്‍ 20,654 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ ഏകദേശം 325 യൂണിറ്റുകളുടെ കുറവ് അഥവാ 1.57 ശതമാനത്തിന്റെ ഇടിവാണ് ഈ മോഡലിന് ഉണ്ടായത്.ക്ലാസിക് 350 (34,981 യൂണിറ്റ്), ബുള്ളറ്റ് 350 (22,345 യൂണിറ്റ്) എന്നീ മോഡലുകള്‍ക്ക് ശേഷം എന്‍ഫീല്‍ഡ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹണ്ടര്‍.
നിലവില്‍ ഏകദേശം 1.38 ലക്ഷം രൂപ മുതലാണ് ഹണ്ടര്‍ 350-യുടെ പ്രാരംഭ വില. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ജനപ്രിയ മോഡലുകളായ ക്ലാസിക് 350, ബള്ളറ്റ് 350 എന്നിവയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് ഇത്. വിഖ്യാത മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ ഒരു ബൈക്ക് സ്വന്തമാക്കണമെന്ന പലരുടെയും സ്വപ്‌നം സഫലമാക്കിയത് ഹണ്ടര്‍ ആണ്. ഒരു സാധാരണ 150cc ബൈക്ക് വാങ്ങുന്നതിനേക്കാള്‍ ഏതാനും പൈസ കൂടി മുടക്കാനുണ്ടെങ്കില്‍ ഹണ്ടര്‍ കൈയ്യൈത്തി പിടിക്കാമെന്നതാണ് നേട്ടം.
കമ്പനിയുടെ തന്നെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹണ്ടറിന്റെ വിലയിലെ വ്യത്യാസം പ്രകടമാണ്. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-ക്ക് 1.96 ലക്ഷം രൂപ വിലയുള്ളപ്പോള്‍ ഹണ്ടറിന് അതിനേക്കാള്‍ 58,000 രൂപ കുറവാണ്. ക്ലാസിക് 350-യേക്കാള്‍ 45,000 രൂപയും ബുള്ളറ്റ് 350-യേക്കാള്‍ 26,000 രൂപയും കുറച്ച് മുടക്കിയാല്‍ ഹണ്ടര്‍ സ്വന്തമാക്കാന്‍ സാധിക്കും.
സാങ്കേതികമായി നോക്കിയാല്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ-സീരീസ് 349 സിസി എഞ്ചിനാണ് ഹണ്ടറിനും തുടിപ്പേകുന്നത്. പരമാവധി 20.2 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്റ്റിമല്‍ സാഹചര്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിന് ലിറ്ററിന് 36.2 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മുന്നിലും പിന്നിലും യഥാക്രമം 300 mm, 270 mm ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. 13 ലിറ്ററാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കിന്റെ ഇന്ധന ടാങ്ക് ശേഷി. ലൈറ്റ്‌വെയിറ്റ് ഡിസൈനും ചെറിയ വീല്‍ബേസും ഈ ബൈക്കിനെ സിറ്റി ഡ്രൈവുകള്‍ക്ക് കൂടുതല്‍ അനുയോജ്യമാക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്ന് പൊതുവേ പരാതിയുണ്ടായിരുന്നു. ഹണ്ടറിലൂടെ ആ പരാതിയും അങ്ങ് തീര്‍ക്കുകയായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്.
മറ്റ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ അപേക്ഷിച്ച് ഭാരം വളരെ കുറവാണ് എന്നതാണ് പ്രായ, ലിംഗ ഭേദമന്യേ ഹണ്ടറിനെ ഉപഭോക്താക്കള്‍ക്കിടയില്‍ ആകര്‍ഷകമാക്കുന്ന സവിശേഷതകളില്‍ ഒന്ന്. ഇത് തുടക്കക്കാരായ റൈഡര്‍മാര്‍ക്കും സ്ഥിരമായി തിരക്കേറിയ സിറ്റി റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ്. മാത്രമല്ല ഓഫ്-സെറ്റ് സ്പീഡോമീറ്ററും മോഡേണ്‍ റെട്രോ ലുക്കും ഹണ്ടറിനെ തന്റെ കൂടെപ്പിറപ്പുകളായ മറ്റ് ക്ലാസിക് മോഡലുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.

കുറഞ്ഞ വിലയില്‍ ഐക്കണിക് ബ്രാന്‍ഡ് ആയ റോയല്‍ എന്‍ഫീല്‍ഡിന്റെ ഒരു ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹണ്ടര്‍ 350 തന്നെയാണ് ഇപ്പോഴും ആദ്യ ചോയ്‌സ്. യൂത്തിനെയും നഗരവാസികളെയും ആകര്‍ഷിക്കുന്നതില്‍ ഹണ്ടര്‍ വിജയിച്ചത് റോയല്‍ എന്‍ഫീല്‍ഡിന്റെ മൊത്തത്തിലുള്ള വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ മോഡല്‍ വരും മാസങ്ങളിലും ഈ പ്രകടനം തുടരുമെന്ന് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








