ഫെറാറിയെ തൂക്കി എൻഫീൽഡിന്റെ രാജവാഴ്ച! ലോകത്തിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ വാഹന ബ്രാൻഡായി ബുള്ളറ്റ് കമ്പനി
ആഗോള വാഹന വിപണിയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന ചരിത്ര നേട്ടം കൈവരിച്ച് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). പ്രശസ്ത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയെ (Ferrari) പോലും പിന്നിലാക്കി ലോകത്തിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ് മാറി. പ്രശസ്ത ഗ്ലോബല്‍ ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ 'ബ്രാന്‍ഡ് ഫിനാന്‍സ്' (Brand Finance) പുറത്തുവിട്ട 2026-ലെ റിപ്പോര്‍ട്ടിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നേട്ടം. ബ്രാന്‍ഡിന്റെ കരുത്ത്, ഉപഭോക്തൃ താല്‍പ്പര്യം, വിപണിയിലെ മൊത്തത്തിലുള്ള പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാന്‍ഡ് ഫിനാന്‍സ് ഈ റാങ്ക് പട്ടിക തയാറാക്കിയിരിക്കുന്നത്.
2026 ബ്രാന്‍ഡ് ഫിനാന്‍സ് റാങ്കിംഗ് പ്രകാരം 100-ല്‍ 88.6 പോയിന്റുകള്‍ നേടിയാണ് റോയല്‍ എന്‍ഫീല്‍ഡ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ഇത്രയും വലിയ നേട്ടം കൈവരിക്കുന്നത് ഇത് ആദ്യമായാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയാണ് ബ്രാന്‍ഡ് ഫിനാന്‍സ് റാങ്കിംഗ് പ്രകാരം ലോകത്തെ ഏറ്റവും കരുത്തുറ്റ ഓട്ടോമൊബൈല്‍ ബ്രാന്‍ഡ്. 100-ല്‍ 92.5 പോയിന്റുകളാണ് ടൊയോട്ട നേടിയത്.

88.9 പോയിന്റുകളുമായി ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു (BMW) രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഈ രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തൊട്ടുപിന്നിലായി റോയല്‍ എന്‍ഫീല്‍ഡ് ഇടംപിടിച്ചത് ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ വളര്‍ച്ചയുടെ അടയാളമാണ്. തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള വിപണിയില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്.
യുകെ, യുഎസ്എ വിപണികള്‍ക്ക് പുറമെ മറ്റ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ കമ്പനിക്ക് സാധിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ പൈതൃകത്തിനൊപ്പം പുതുതായി വിപണിയില്‍ ഇറക്കിയ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുമാണ് ബ്രാന്‍ഡ് വാല്യൂ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായത്. ഗുണനിലവാരത്തിലും രൂപകല്‍പ്പനയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതും റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പിന് ഇന്ധനമാകുന്നു.
ചുരുങ്ങിയ കാലം കൊണ്ടാണ് ഒരു ഹെറിറ്റേജ് ബ്രാന്‍ഡ് എന്ന നിലയില്‍ നിന്ന് ആഗോളതലത്തില്‍ സ്വാധീനമുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി മാറാന്‍ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചത്. 350 സിസി മുതല്‍ 650 സിസി വരെയുള്ള മിഡ്-കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ കമ്പനിയുടെ ആധിപത്യം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇത് കമ്പനിയുടെ കയറ്റുമതി കണക്കുകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ചെന്നൈയിലെ പ്ലാന്റില്‍ പിറവിയെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചീറിപ്പായുന്ന എന്‍ഫീല്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയ ഒരു ആഗോള വാഹന നിര്‍മ്മാണ ഹബ് ആക്കി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിനെ കൂടാതെ മറ്റ് ചില ഇന്ത്യന്‍ വണ്ടിക്കമ്പനികളും ബ്രാന്‍ഡ് ഫിനാന്‍സ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ടാറ്റ മോട്ടോര്‍സ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. നിരവധി ലോകോത്തര ബ്രാന്‍ഡുകളെ മറികടന്നാണ് ഈ ഇന്ത്യന്‍ കമ്പനികള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. അതേസമയം, ലോകമെമ്പാടും വലിയ ഫാന്‍ ബേസുള്ള ഫെറാറി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മഹീന്ദ്ര എട്ടാം സ്ഥാനവും ജര്‍മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായ പോര്‍ഷ ഒമ്പതാം സ്ഥാനവും നേടി.ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ടോപ് 10 പട്ടികയിലെ അഞ്ചെണ്ണവും ഇന്ത്യന്‍ ബ്രാന്‍ഡുകളായി മാറി എന്നതാണ് ശ്രദ്ധേയം. ഫെറാറിയെ പോലെ ഐതിഹാസിക ബ്രാന്‍ഡിനെ പിന്തള്ളി സ്വദേശി ബ്രാന്‍ഡ് മുന്നിലെത്തിയത് രാജ്യത്തെ വാഹന വ്യവസായത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലും പ്രതിഫലിക്കും.


Click it and Unblock the Notifications