വിശ്വരൂപം പൂണ്ട് 400 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ! ജൂണിൽ 200 ശതമാനം വിൽപ്പന വളർച്ച
രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി (Simple Energy) 2026 ജൂണ്‍ മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്തി. ബജാജ്, ടിവിഎസ് എന്നീ പരമ്പരാഗത ബ്രാന്‍ഡുകള്‍ക്കും ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ സ്റ്റാര്‍ട്ടപ്പ് ഭീമന്‍മാര്‍ക്കുമൊപ്പം സെഗ്‌മെന്റില്‍ ശക്തമായ സാന്നിധ്യമാകാന്‍ സിമ്പിളിന് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് മൊത്തം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 210 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ബ്രാന്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഉയര്‍ന്ന റേഞ്ചുള്ള പ്രീമിയം സ്‌കൂട്ടറുകള്‍ക്കായി ആളുകള്‍ കൂടുതല്‍ താല്‍പര്യം കാണിച്ച് തുടങ്ങിയതാണ് ഈ വലിയ മുന്നേറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഒരു കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2025 ജൂണില്‍ ഇന്ത്യയൊട്ടാകെ വെറും 440 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമാണ് സിമ്പിള്‍ എനര്‍ജിക്ക് വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ അത് 1,365 യൂണിറ്റുകളായി കുത്തനെ ഉയര്‍ന്നു.

ഈ മികച്ച പ്രകടനത്തോടെ രാജ്യത്തെ ആകെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 0.70 ശതമാനം വിഹിതം കരസ്ഥമാക്കാന്‍ ഈ സ്റ്റാര്‍ട്ടപ്പിന് കഴിഞ്ഞു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ 10-ാം സ്ഥാനം നിലനിര്‍ത്താനും കമ്പനിക്കായി. നിലവില്‍ സിമ്പിള്‍ വണ്‍ S, സിമ്പിള്‍ വണ്‍, സിമ്പിള്‍ അള്‍ട്ര (Simple Ultra) എന്നീ മൂന്ന് മോഡലുകളാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്.
ഇതില്‍ സിമ്പിള്‍ അള്‍ട്ര എന്ന പ്രീമിയം മോഡലാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ ഈ സ്‌കൂട്ടറില്‍ വലിയ 6.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ബാറ്ററി ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ഓടാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇത് സര്‍ട്ടിഫൈഡ് റേഞ്ച് മാത്രമാണ്. യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ ഈ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് 250 കിലോമീറ്റര്‍ വരെ ട്രൂ റേഞ്ച് (True Range) നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2.35 ലക്ഷം രൂപ മുതലാണ് ഈ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. കമ്പനിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് സിമ്പിള്‍ വണ്‍ S.
1.65 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ സ്‌കൂട്ടറിലെ 3.7 kWh ബാറ്ററി 190 കിമീ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ഇതിലെ ബാറ്ററി 4 മണിക്കൂര്‍ കൊണ്ട് 80% വരെ ചാര്‍ജ് ചെയ്യാമെന്നും സിമ്പിള്‍ ഉറപ്പുനല്‍കുന്നു. ഈ മികച്ച റേഞ്ച്, ചാര്‍ജിംഗ് സമയം എന്നിവ കാരണം സാധാരണ പെട്രോള്‍ ബൈക്ക് അല്ലെങ്കില്‍ സ്‌കൂട്ടര്‍ പോലെ റേഞ്ച് ഉത്കണ്ഠയില്ലാതെ നമുക്ക് സിമ്പിള്‍ വണ്‍ S സ്‌കൂട്ടര്‍ ഉപയോഗിക്കാം.

ഇന്ന് സെഗ്‌മെന്റ് ലീഡേഴ്‌സ് ആയി വിലസുന്ന മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എവിടെയായിരുന്നോ അവിടെയാണ് സിമ്പിള്‍ എനര്‍ജി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സമീപ ഭാവിയില്‍ തന്നെ ഗണ്യമായ വില്‍പ്പന വര്‍ധനവോടെ സിമ്പിള്‍ എനര്‍ജി രാജ്യത്തെ ടോപ് 5 ഇവി നിര്‍മാതാക്കളില്‍ ഒന്നായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
ഈ വില്‍പ്പന വര്‍ദ്ധനവ് അതിന്റെ സൂചനയാണ്. അടുത്തിടെ കോടികളുടെ നിക്ഷേപം സമാഹരിച്ച സിമ്പിള്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും രാജ്യത്തെ കൂടുതല്‍ നഗരങ്ങളില്‍ ഡീലര്‍ഷിപ്പ് തുറക്കുകയും ചെയ്താല്‍ വില്‍പ്പന റോക്കറ്റ് പോലെ കുതിക്കുന്നത് കാണാം. ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫൈഡ് റേഞ്ചുള്ള ഇവി സ്‌കൂട്ടര്‍ ഇറക്കിയെങ്കിലും അത് രാജ്യവ്യാപകമായി ലഭ്യമല്ലാത്തതിനാലാണ് വില്‍പ്പനയില്‍ പ്രതിഫലിക്കാതിരുന്നത്. വരും വര്‍ഷങ്ങളില്‍ സിമ്പിള്‍ സിമ്പിളായി തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്തുന്നത് നമുക്ക് കാണാം.


Click it and Unblock the Notifications