190KM റേഞ്ച്, ഫാമിലിയില്‍ ഒരെണ്ണം മതി! സിമ്പിള്‍ 'അറൈവല്‍' റോഡില്‍, റിസ്തയും ഓര്‍ബിറ്ററും പേടിച്ചോ?
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി (Simple Energy) പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ വിപണിയിലുള്ള സിമ്പിള്‍ വണ്‍, വണ്‍ S എന്നീ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പ്രായ-ലിംഗ ഭേദമന്യേ കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ലളിതമായ ഡിസൈനിലാണ് പുതിയ സ്‌കൂട്ടര്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ഈ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വാഹനലോകം സാക്ഷ്യം വഹിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ മോഡലിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുതിയ സ്‌കൂട്ടറിന്റെ ഡിസൈന്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ സ്‌കൂട്ടറിന് കമ്പനി 'അറൈവ്' (Arrive) എന്ന് പേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'അറൈവ് പ്ലസ്', 'സിമ്പിള്‍ അറൈവ്+' എന്നീ പേരുകള്‍ക്കായി കമ്പനി ഇതിനകം ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വണ്‍ റേഞ്ചിന്റെ സ്‌പോര്‍ട്ടി ലുക്കിന് പകരം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള രൂപകല്‍പ്പനക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ മോഡലില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ഫാമിലി സ്‌കൂട്ടറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഏഥര്‍ റിസ്ത (Ather Rizta), ടിവിഎസ് ഓര്‍ബിറ്റര്‍ (TVS Orbitor) തുടങ്ങിയ മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് സിമ്പിള്‍ എനര്‍ജിയും ഈ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ കൈകാര്യം ചെയ്യാവുന്ന രീതിയിലായിരിക്കും ഇത് ഡിസൈന്‍ ചെയ്യുക. പുതിയ സ്‌കൂട്ടറില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍, നീളമേറിയതും പരന്നതുമായ സീറ്റ്, വിശാലമായ സ്റ്റോറേജ് സൗകര്യം എന്നിവ പ്രതീക്ഷിക്കാം. കൂടാതെ ടിഎഫ്ടി ഡിസ്‌പ്ലേ (TFT Display), എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയേക്കും.
നിര്‍മ്മാണ ചെലവ് കുറയ്ക്കാനായി അത്യാവശ്യം വേണ്ട കാര്യങ്ങള്‍ സജ്ജീകരിക്കുകയല്ലാതെ ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതിരിക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അറൈവ് ഇവിയുടെ സാങ്കേതികവശങ്ങളെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും സിമ്പിള്‍ വണ്‍ S മോഡലിലുള്ള 3.7 kWh ബാറ്ററി പായ്ക്ക് തന്നെ ഇതിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 190 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് (Certified Range) പ്രതീക്ഷിക്കാം. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഏകദേശം 150 കിലോമീറ്റര്‍ റേഞ്ച് വരെ ലഭിച്ചേക്കാം. കുറഞ്ഞ വിലയില്‍ സ്‌കൂട്ടര്‍ ലഭ്യമാക്കാനായി 2.0 kWh ശേഷിയുള്ള ചെറിയ ബാറ്ററി ഓപ്ഷന്‍ കമ്പനി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സ്‌കൂട്ടറിന്റെ വില ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

ഏകദേശം 1 ലക്ഷം രൂപ ചുറ്റിപ്പറ്റി പ്രാരംഭ വില നിശ്ചയിച്ച് വിപണിയില്‍ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് സിമ്പിള്‍ എനര്‍ജി ലക്ഷ്യമിടുന്നത്. റേഞ്ചിന്റെ കാര്യത്തില്‍ പുലികളാണ് സിമ്പിളിന്റെ ഇവി സ്‌കൂട്ടറുകള്‍. പുതിയ ഫാമിലി സ്‌കൂട്ടറിലും ഇതേ കാര്യക്ഷമതയുള്ള ബാറ്ററി ഉപയോഗിക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ഗുണമായിരിക്കും.
സ്‌പോര്‍ട്ടി ഡിസൈന്‍ വലിയ താല്‍പര്യമില്ലാത്ത എന്നാല്‍ പ്രായോഗികതയും റേഞ്ചും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് സിമ്പിള്‍ ലക്ഷ്യമിടുന്നത്. ഓട്ടോകാര്‍ ഇന്ത്യ (AutocarIndia) പങ്കുവെച്ച സ്‌പൈ ചിത്രങ്ങളില്‍ കണ്ട സ്‌കൂട്ടറിന്റെ സിമ്പിള്‍ ഡിസൈന്‍ ഇത് വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതല്‍ താല്‍പര്യം കാണിച്ച് കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളും റേഞ്ചുമുള്ള ഉല്‍പ്പന്നം നല്‍കിയാല്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നതിന് നിരവധി മോഡലുകളുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.

സിമ്പിളും ഇതേ തന്ത്രം പയറ്റുമെന്ന് പ്രതീക്ഷിക്കാം. പരീക്ഷണയോട്ടം അവസാന ഘട്ടത്തിലായതിനാല്‍ വരും മാസങ്ങളില്‍ തന്നെ ഈ സ്‌കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സിമ്പിള്‍ എനര്‍ജിയുടെ ഈ നീക്കം വിപണിയിലെ മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വലിയ വെല്ലുവിളിയാകും. സിമ്പിള്‍ എനര്‍ജിയുടെ ഈ പുതിയ ഫാമിലി സ്‌കൂട്ടറിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റിലൂടെ പങ്കുവെക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








